തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കാർഷിക കടാശ്വാസത്തിനായി വ്യക്തിഗത അപേക്ഷകൾ നൽകുന്നതിനുള്ള തീയതി വീണ്ടും നീട്ടി. 2019  നവംബർ 15  വരെയാണ് സമയം നീട്ടിയിരിക്കുന്നത്. കടക്കെണിയിലായ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആശ്വാസമായി കടാശ്വാസ പദ്ധതിയുടെ പരിധി ഉയർത്തി കഴിഞ്ഞ ജൂലൈയിൽ മന്ത്രിസഭാ തീരുമാനം ആയിരുന്നു. സഹകരണ ബാങ്കുകളിലെ കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളാനും മന്ത്രിസഭ തീരുമാനിച്ചു.

പ്രളയത്തിന് ശേഷം കടക്കെണിയിലായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനുള്ള പദ്ധതി വേണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് കടാശ്വാസ പരിധി ഉയർത്തിയത്. ഇടുക്കി, വയനാട് ജില്ലകളിലായി 15 കര്‍ഷകരാണ് സമീപകാലത്ത് ആത്മഹത്യ ചെയ്തത്. നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവേ കടാശ്വാസ പരിധി ഉയര്‍ത്തുമെന്ന് നേരത്തെ തന്നെ മന്ത്രി സുനിൽ കുമാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇടുക്കി, വയനാട് ജില്ലകളില്‍ 2018 ആഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളില്‍ 2014 ഡിസംബര്‍ 31 വരെയുമെടുത്ത കാര്‍ഷിക വായ്പകളെയാണ് പരിധിയില്‍ കൊണ്ടുവന്നത്. നേരത്തെ ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകളാണ് പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കടാശ്വാസത്തിന് പരിഗണിക്കുന്നതിനുള്ള വ്യക്തിഗത അപേക്ഷകൾ സമർപ്പിക്കുന്നതിന് ഒക്‌ടോബർ 10 വരെയായിരുന്നു അന്ന് സമയം അനുവദിച്ചത്.