Asianet News MalayalamAsianet News Malayalam

പാലിയേറ്റീവ് കെയറിനായൊരു ജീവിതം; നഴ്സിംഗ് എക്സലൻസ് പുരസ്കാരനേട്ടത്തിളക്കത്തിൽ ഉഷാകുമാരി

തിരുവനന്തപുരം ഗവൺമെന്റ് നഴ്സിംഗ് കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് ആതുര സേവനത്തിനിറങ്ങിയ ഉഷാകുമാരിയുടെ സേവനത്തിന് ഇരുപത്തിമൂന്ന് വർഷം പ്രായം ഉണ്ട്. ആലപ്പുഴയും കണ്ണൂരും പിന്നിട്ട് ഇടുക്കിയുടെ മലമേടുകളിലേക്കെത്തിയ ഉഷാകുമാരി പതിനെട്ടുവർഷങ്ങൾ ആ ഗിരിവാസികൾക്കൊപ്പം നിന്നു.

asianet news nursing excellence award; clinical excellence award won by usha kumari p k
Author
Kochi, First Published Oct 6, 2019, 9:53 PM IST

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡിലെ നഴ്സിംഗ് എക്സലൻസ് വിഭാഗത്തിൽ  പി കെ ഉഷാ കുമാരി ജേതാവായി. പാലിയേറ്റിവ് കെയർ രംഗത്തടക്കം നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം. ഇടുക്കി ജില്ലയിലെ പാലിയേറ്റിവ് കെയർ പ്രവർത്തകർക്കും തന്റെ കുടുംബത്തിനും പുരസ്കാരം സമർപ്പിക്കുന്നതായി ഉഷാകുമാരി പറഞ്ഞു. സമൂഹത്തിനായി ഏറെ സംഭാവനകൾ ചെയ്യാൻ കഴിയുന്നവരാണ് നഴ്സുമാരെന്നും ഉഷാകുമാരി പുരസ്കാരവേദിയിൽ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം ഗവൺമെന്റ് നഴ്സിംഗ് കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് ആതുര സേവനത്തിനിറങ്ങിയ ഉഷാകുമാരിയുടെ സേവനത്തിന് ഇരുപത്തിമൂന്ന് വർഷം പ്രായം ഉണ്ട്. ആലപ്പുഴയും കണ്ണൂരും പിന്നിട്ട് ഇടുക്കിയുടെ മലമേടുകളിലേക്കെത്തിയ ഉഷാകുമാരി പതിനെട്ടുവർഷങ്ങൾ ആ ഗിരിവാസികൾക്കൊപ്പം നിന്നു. വ്യാധികൾ ദുരന്തമായും പ്രകൃതിയും സൗന്ദര്യമായും വർഷിക്കുന്ന മണ്ണിൽ ഉഷാകുമാരി പ്രയത്നിച്ചു. 

നെടുങ്കണ്ടം താലൂക്കാശുപത്രിയും, ഇടുക്കി ജില്ലാ ആശുപത്രിയും, കാമാക്ഷിയിലെ പൊതുജനാരോഗ്യകേന്ദ്രവും കടന്ന് 2010 മുതൽ തൊടുപുഴ ജില്ല ആശുപത്രിയിൽ ഇൻഫെക്ഷൻ കൺട്രോൾ, പാലിയേറ്റീവ് കെയർ, എന്നീ രംഗങ്ങളിലും അതിന്റെ പരിശീലനപരിപാടികളിലും ഉഷാകുമാരിയുണ്ട്. അതിൽ ഹോംകെയർ മുതൽ പുനരധിവാസവും ഉപജീവനവും കുടുംബസംഗമവും വരെയുള്ള  സഹായങ്ങളുമായി ഉഷാകുമാരി രോഗികൾക്കൊപ്പം നിന്നു.

ഇടുക്കി ജില്ലയിലെ പാലിയേറ്റീവ് യൂത്ത് മൂവ്മെന്റ്,  ക്യാമ്പസുകളിൽ സ്റ്റുഡന്റ്സ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ്കെയർ എന്നീ ശ്രമങ്ങൾക്ക് പിന്നിലും ഉഷാകുമാരിയുണ്ട്. ആരോഗ്യപുരസ്കാരവും പോയ മൂന്ന് വർഷങ്ങളിൽ തുടർച്ചയായി കായകൽപ്പ് ദേശീയപുരസ്കാരവും ഈ ആശുപത്രിയെത്തേടിയെത്തിയതിലും ആശുപത്രിയിൽ കീമോതെറാപ്പി യൂണിറ്റ് യാഥാർത്ഥ്യമായതിലും ഉഷാകുമാരിയുടെ പ്രയത്നവുമുണ്ട്. പ്രളയവും നിപ്പയും കൊണ്ട് നാടുവലയുമ്പോഴും ഉഷാകുമാരിയുടെ പ്രയത്നം തുടർന്നു. 2016ൽ ജില്ലയിലെ മികച്ച നഴ്സിനുള്ള പുരസ്കാരം, 2017ൽ ഇടുക്കി ജില്ല വിമൻസ് കൗൺസിലിന്റെ മികച്ച സേവനത്തിനുള്ള പുരസ്കാരം, തൊടുപുഴ YWCAയുടെ അവാർഡ് ഓഫ് എക്സലൻസ്...ഉഷാകുമാരിയുടെ നേട്ടങ്ങൾ തുടരുകയാണ്.  

Follow Us:
Download App:
  • android
  • ios