Asianet News MalayalamAsianet News Malayalam

കൊല്ലത്ത് ട്രെയിൻ തടഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധം; പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. അതിനിടെ കെഎസ്‍യു പ്രവർത്തകര്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. 

citizenship amendment act protest dyfi block train in kollam
Author
Kollam, First Published Dec 16, 2019, 2:08 PM IST

കൊല്ലം: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ഐലന്‍റ് എക്സ്പ്രസ്സ് അരമണിക്കൂർ സമയം തടഞ്ഞിട്ടു. പൊലീസ് ബലംപ്രയോഗിച്ച് പ്രവർക്കരെ മാറ്റി.  ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. അതിനിടെ കെഎസ്‍യു പ്രവർത്തകര്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്റ്റേഷൻ കവാടത്തില്‍ വച്ച് കെഎസ്‍യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

പൗരത്വ നിയമഭേദഗതിക്കെതിരെ കേരളത്തിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കാസർകോട് കേന്ദ്രസർവകലാശാലയിൽ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു.  ആലപ്പുഴയിൽ പ്രതിഷേധവുമായി വിദ്യാർത്ഥി തെരുവിലിറങ്ങിയത്. ലജ്‌നത്തുള്‍ മുഹമ്മദിയ്യ സ്കുളിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് പ്രതിഷേധിച്ചത്. പ്രതീകാത്മകമായ കോലവുമായിട്ടാണ് വിദ്യാർത്ഥി പ്രതിഷേധിച്ചത്. കുസാറ്റ് ക്യാമ്പസില്‍ പഠിപ്പ് മുടക്കി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. സമരം ചെയ്ത ഒരു വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിരിഞ്ഞു പോയില്ലെങ്കില്‍ എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കുമെന്ന് പൊലീസ് അറിയിച്ചു. 

തിരുവനന്തപുരത്ത് ഭരണ-പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സത്യഗ്രഹവും നടത്തി. കേന്ദ്ര നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത് സംയുക്ത പ്രതിഷേധത്തിന് ഒരുങ്ങിയത്. തിരുവനന്തപുരത്ത് പ്രതിഷേധത്തിന് ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുന്നു എന്ന അപൂര്‍വ്വത കൂടിയുണ്ട്. മതനിരപേക്ഷതക്ക് വേണ്ടി കേരളത്തിൽ നിന്ന് ഉയരുന്നത് ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിഷേധ യോഗത്തില്‍ പറഞ്ഞു. 

Also Read: ആര്‍എസ്എസ് ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍

എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. റെയിൽവേ സ്റ്റേഷന് മുന്നിൽ ആദ്യം മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ പിന്നീട് സ്റ്റേഷനുള്ളില്‍ കടന്ന് പാളത്തിൽ കുത്തിയിരുന്നു.  ഈ സമയം സ്റ്റേഷനിൽ ഉണ്ടായിരുന്ന ട്രെയിനിനു മുകളിൽ കയറിയും പ്രതിഷേധിച്ചു.  പ്രതിഷേധം കാരണം സൗത്ത് റെയിൽവേ സ്റ്റേഷൻ വഴി കടന്നുപോകേണ്ട രണ്ട് ട്രെയിനുകൾ നോർത്തിലൂടെ വഴി തിരിച്ചുവിട്ടു. രണ്ട് മണിക്കൂറോളം പ്രതിഷേധം സംഘടിപ്പിച്ച ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. കോഴിക്കോടും തലശ്ശേരിയിലും പ്രതിഷേധക്കാര്‍ ട്രെയിൻ  തടഞ്ഞു. പെരിന്തൽമണ്ണയിൽ രാജ്യറാണി എക്സ്പ്രസ് തടഞ്ഞു. 

Follow Us:
Download App:
  • android
  • ios