Asianet News MalayalamAsianet News Malayalam

Covid: കൊവാക്സീന് ഫലപ്രാപ്തി 50 ശതമാനം മാത്രമോ? ഡെൽറ്റാ വകഭേദം പഠന ഫലത്തെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് ഗവേഷകർ

ഏപ്രിൽ പതിനഞ്ചിനും മേയ് പതിഞ്ചിനും ഇടയിൽ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുടെ അടക്കം വിവരങ്ങൾ ശേഖരിച്ച് നടത്തിയ പഠനമാണ് നിഗമനത്തിന് അടിസ്ഥാനം. ദില്ലി എയിംസിലെ ആരോഗ്യപ്രവർത്തകരെ വച്ചാണ് പഠനം നടത്തിയത്. 

covaxin efficacy was about 50 percent  When Delta Was Dominant finds new study published in lancet
Author
Delhi, First Published Nov 24, 2021, 12:49 PM IST

ദില്ലി: ദില്ലിയിൽ കൊവിഡിന്‍റെ ഡെൽറ്റ വകഭേദത്തിന്റെ (Delta variant) വ്യാപനം രൂക്ഷമായിരുന്ന സമയത്ത് കൊവാക്സീന് (covaxin) ഫലപ്രാപ്തി 50 ശതമാനമായിരുന്നുവെന്ന് അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ലാൻസറ്റിൽ (lancet) പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോർട്ട്.  പഠനത്തിനിടെ പ്രസിദ്ധീകരിച്ച ഇടക്കാല റിപ്പോർട്ടിലേതിനെക്കാൾ കുറവാണ് യഥാർത്ഥ ഫലപ്രാപ്തിയെന്നാണ് അന്തിമ റിപ്പോർട്ടിൽ പറയുന്നത്.

ഏപ്രിൽ പതിനഞ്ചിനും മേയ് പതിഞ്ചിനും ഇടയിൽ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുടെ അടക്കം വിവരങ്ങൾ ശേഖരിച്ച് നടത്തിയ പഠനമാണ് നിഗമനത്തിന് അടിസ്ഥാനം. ദില്ലി എയിംസിലെ ആരോഗ്യപ്രവർത്തകരെ വച്ചാണ് പഠനം നടത്തിയത്.  ഡെൽറ്റ വേരിയൻ്റിന്റെ വ്യാപന കാലത്തായിരുന്നു പഠനമെന്നത് അന്തിമ ഫലത്തെ സ്വാധീനിച്ചിരിക്കാമെന്ന് ലാൻസറ്റിലെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 

ലാൻസറ്റിന്‍റെ പഠന റിപ്പോർട്ട് ഇവിടെ വായിക്കാം. 

" We did not have data pertaining to the prevalence of SARS-CoV-2 variants among the RT-PCR-positive patients. Therefore, we could not definitively estimate the vaccine effectiveness against symptomatic COVID-19 due to specific variants of concern. Regardless, our results were presumably influenced by the delta variant as it was the dominant circulating strain at the time of the conduct of the study"
 

കൊവാക്സിൻ എത്ര ഫലപ്രദം എന്ന കാര്യത്തിൽ രാജ്യത്ത് നേരത്തെ തർക്കങ്ങളുണ്ടായിരുന്നു. കൊവിഷീൽഡിനെക്കാൾ കൊവാക്സിൻ ഫലപ്രദം എന്ന റിപ്പോർട്ടുകളാണ് തുടക്കത്തിൽ വന്നത്. ഈ മാസം ആദ്യം ലാൻസറ്റിലൂടെ പുറത്ത് വിട്ട ഇടക്കാല റിപ്പോർട്ടിൽ കൊവാക്സീന് 77 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. 50 ശതമാനം സംരക്ഷണം മാത്രമേ കൊവാക്സീൻ നൽകുന്നുള്ളൂ എന്നാണ് അന്താരാഷ്ട്ര ശാസ്ത്ര ഗവേഷണ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ പറയുന്നത്. 

ദേവാശിഷ് ദേശായ്, ആദിൽ റഷീദ് ഖാൻ, മനിഷ് സൊനേജ, അങ്കിത് മിത്തൽ, ശിവദാസ് നായിക്, പാറുൽ കൊദാൻ എന്നീ ഡോക്ടർമാരുടെ സംഘമാണ് പഠനത്തിന് പിന്നിൽ. കൊവിഡ് രണ്ടാം തരംഗത്തിൻ്റെ സമയത്ത് ദില്ലി എയിംസിലെ ആരോഗ്യ പ്രവർത്തകരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ പഠനം പൂർത്തിയാക്കിയപ്പോഴാണ് ഫലപ്രാപ്തി കുറവാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഏപ്രിൽ 15നും മെയ് 15നുമിടയിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ടായിരത്തോളം ആരോഗ്യപ്രവർത്തകർ ജനുവരിയിൽ തന്നെ കൊവാക്സീൻ സ്വീകരിച്ചവരായിരുന്നു. ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനവും, രണ്ടാം തരംഗ സമയത്തെ വൈറസിൻ്റെ തീവ്രവ്യാപനവുമാവാം വാക്സീന്റെ ഫലപ്രാപ്തി കുറയാൻ കാരണമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവാക്സീൻ്റെ 13കോടി ഡോസുകളാണ് ഇതുവരെ  രാജ്യത്ത് വിതരണം ചെയ്തത്. ഇതിനിടെ കൊവിഡ് പരിശോധന നിരക്ക് കുറയുന്നതിൽ കേന്ദ്രം ആശങ്കയറിയിച്ചു. പരിശോധന കൂട്ടാൻ ആവശ്യപ്പെട്ട് കേരളം ഉൾപ്പടെ പതിമൂന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറി കത്തയച്ചു.

Follow Us:
Download App:
  • android
  • ios