ദില്ലി: രാജ്യത്ത് വീണ്ടും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. തെലങ്കാനയിലും മധ്യപ്രദേശിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കൂടുതൽ കൊവിഡ് രോഗബാധിതരെ കണ്ടെത്തിയതിന് പിന്നാലെ സർക്കാർ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവരെ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എംപിമാരും എംഎൽഎമാരുമടക്കം നിരവധി പ്രമുഖരും നിരീക്ഷണത്തിലായി എന്നതാണ് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടപ്പോൾ സംഭവിച്ചത്.

തെലങ്കാനയിൽ ഒരാൾക്കാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ഇന്തോനേഷ്യൻ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തെലങ്കാനയിലെ കരിംനഗറിലെത്തിയ പത്ത് പേരുടെ ഇന്തോനേഷ്യൻ സംഘത്തിലെ ഒൻപത് പേർക്കും രോഗം സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ ജബൽപൂരിൽ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ന്റെ കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 236 ആണ്.

അമേരിക്ക, ബ്രിട്ടൻ, ആസ്ത്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാവരെയും പരിശോധിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇവരിൽ ആവശ്യമായവരെ നിരീക്ഷണത്തിൽ ഇരുത്തും. ഗായിക കനികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ പത്തോളം എംപിമാർ സ്വയം നിരീക്ഷണത്തിലായി.

കനിക ലഖ്നൗവിൽ പങ്കെടുത്ത ഡിന്നർ പാർട്ടിയിൽ രാജസ്ഥാൻ എംപി ദുഷ്യന്ത് സിംഗും പങ്കെടുത്തിരുന്നു. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മകനാണിദ്ദേഹം. വസുന്ധരയും പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇവരും നിരീക്ഷണത്തിലാണ്. ദുഷ്യന്ത് സിംഗുമായി അടുത്തിടപഴകിയ പത്തോളം എംപിമാരാണ് സ്വയം നിരീക്ഷണത്തിൽ കഴിയുന്നത്. ഇദ്ദേഹവുമായി ബന്ധപ്പെട്ട ഉത്തർപ്രദേശിലെ മൂന്നു എംഎൽഎ മാരും സ്വയം നിരീക്ഷണത്തിലാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക