കോഴിക്കോട്: കൊവിഡ് കാലത്ത് വരുമാനം നിലച്ചതോടെ നിലനിൽപ്പിനായി സർക്കാർ സഹായം തേടുകയാണ് സഹകരണ ബാങ്കുകളിലെ നിത്യ പിരിവ് തൊഴിലാളികള്‍. നിക്ഷേപത്തിനായി പിരിവ് നല്‍കുന്നവരുടെ എണ്ണം കുറഞ്ഞതോടെയാണ് രണ്ടായിരത്തിലധികം വരുന്ന തൊഴിലാളികളുടെ വരുമാനം ഇല്ലാതായത്. ക്ഷേമ പെൻഷൻ വീടുകളിലെത്തിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച കമ്മീഷൻ തുകയും ഇവർക്ക് കിട്ടിയിട്ടില്ല. 

നോട്ട് നിരോധനമാണ് ആദ്യം തിരിച്ചടിയായത് ഇതോടെ ദിവസപ്പിരിവ് പകുതിയിൽ താഴെയായി. കൊവിഡ് വ്യാപിച്ചതോടെ സ്ഥിതി വീണ്ടും സങ്കീർണ്ണമായി. തുറക്കുന്ന കടകളുടെ എണ്ണം കുറഞ്ഞതോടെ നിത്യപിരിവ് മുടങ്ങി. ദിവസം ആയിരം രൂപ പിരിച്ചെടുത്താൽ 10 രൂപ മുതൽ 30 രൂപയാണ് ഏജന്‍റിന് കമ്മീഷനായി കിട്ടുക. ഇത്തരത്തിൽ പ്രതിമാസം 20000രൂപ വരെ വരുമാനം ഉണ്ടായിരുന്ന ഒരു ഏജന്‍റിന് ഇപ്പോൾ കിട്ടുന്നത്. 3500 രൂപയിൽ താഴെ.

കൃത്യമായ വരുമാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് കൊവിഡ് പകരാനുള്ള സാഹചര്യം അവഗണിച്ചും വീടുകളിൽ ക്ഷേമപെൻഷൻ ഇവര്‍ എത്തിച്ചത്. ഒരു വീടിന് നാൽപ്പത് രൂപ കമ്മീഷൻ നൽകുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. ഇതിനോടകം മൂന്ന് തവണ വീടുകൾ കയറി ഇറങ്ങി പെൻഷൻ വിതരണം ചെയ്തു. പക്ഷെ കമ്മീഷൻ കിട്ടിയിട്ടില്ല. കൊവിഡ് കാലത്ത് പിടിച്ചു നിൽക്കാൻ സർക്കാർ സാമ്പത്തിക സഹായമെങ്കിലും പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.