കണ്ണൂർ: നാല് തദ്ദേശ സ്ഥാപനങ്ങളെ ചുവപ്പ് സോണിൽ ആക്കി ജില്ലാ ഭരണകൂടം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നാല് സ്ഥാപനങ്ങളെ ജില്ലാ ഭരണകൂടം റെഡ് സോണിലാക്കിയത്. കൂത്ത്പറമ്പ് നഗരസഭ, പാട്യം പഞ്ചായത്ത്, കതിരൂർ പഞ്ചായത്ത്, കോട്ടയം മലബാർ പഞ്ചായത്ത് എന്നിവിടങ്ങളാണ് റെഡ് സോണിൽ ഉൾപ്പെടുത്തിയത്.

ഇവിടെ അവശ്യ സാധനങ്ങൾക്കടക്കം കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചുവപ്പ് സോണിലായ പ്രദേശങ്ങളിൽ ബാങ്കുകൾ, റേഷൻ കടകൾ, പലചരക്ക് - പച്ചക്കറി കടകൾ, മീൻ വിൽപ്പന, ഇറച്ചി കടകൾ തുടങ്ങിയവയെല്ലാം അടച്ചിടണം. അത്യാവശ്യ സാധനങ്ങൾ വീടുകളിലെത്തിക്കാൻ സൗകര്യമുണ്ടായിരിക്കും. ചുവപ്പ് സോണിൽ പെട്ട പ്രദേശങ്ങളിലെ വീടുകളിലുള്ളവർ  യാതൊരു കാരണവശാലും പുറത്തിറങ്ങരുത്. ആൾക്കൂട്ടം യാതൊരു സാഹചര്യത്തിലും അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.