തിരുവനന്തപുരം: കേരളത്തിൽ ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിൽ കാര്യവട്ടത്ത് ടെക്നോപാർക് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്‍റിനെ ഡ‍ിജിറ്റൽ സർവകലാശാലയാക്കാനാണ് ‌സ‌ർക്കാ‌ർ തീരുമാനിച്ചിരിക്കുന്നത്. 'ദി കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്‍റ് ടെക്നോളജി' എന്ന പേരിലായിരിക്കും പുതിയ സര്‍വകലാശാല. ഐഐഐടിഎം-കെയെ സർവ്വകലാശാലയാക്കി ഉയർത്താൻ സർക്കാർ ഓർഡിനൻസ് ഇറക്കും

നിലവിൽ നിലവിൽ ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്റെ കോഴ്സുകൾ കൊച്ചിന്‍ സാങ്കേതിക സർവകലാശാലയ്ക്ക് (കുസാറ്റ്) കീഴിലായിരുന്നു. അഞ്ച് എംഎസ്സി കോഴ്സുകളും  രണ്ട് പിഎച്ച്ഡി കോഴ്സുകളും എംഫിൽ കോഴ്സുകളുമാണ് നിലവിൽ ഇവിടെ ഉള്ളത്. 2000ൽ തുടങ്ങിയ ഐഐഐടിഎം-കെ കേരളത്തിന്റെ അഭിമാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്.
 
ഡിജിറ്റൽ ഹ്യൂമാനിറ്റിയിലും , ആ‌ർട്ടിഫിഷ്യൽ ഇന്റലിജൻസിലും അടക്കം നൂതന കോഴ്സുകൾ പുതിയ സ‌ർവകലാശാലയിൽ തുടങ്ങുമെന്നും വിദേശ സ‌ർവകലാശാലകളുമായി കൈകോ‌ർക്കുമെന്നും ഐഐഐടിഎം-കെ ഡയറക്ട‌‌ർ സജി ​ഗോപിനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടെക്നോസിറ്റിയിലെ പണി പൂർത്തിയായി വരുന്ന പുതിയ കെട്ടിടത്തിലാണ് ഡിജിറ്റൽ സർവ്വകലാശാല പ്രവർത്തിക്കുക. ജൂണിൽ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്താനാണ് സാധ്യത. പുതിയ ഡിജിറ്റൽ സർവകലാശാല കൂടി വരുന്നതോടെ സംസ്ഥാനത്ത് ആകെ 14 സർവകലാശാലകളാകും.

മെഷീൻ ഇന്‍റലിജൻസ്, ‍ഡാറ്റ അനലറ്റിക്സ്, സൈബർ സെക്യൂരിറ്റി, ജിയോസ്പേഷ്യൽ അനലറ്റിക്സ് എന്നീ വിഷയങ്ങളിലാണ് നിലവിൽ ഐഐഐടിഎം കെയിൽ ബിരുദാനന്തര ബിരുദ കോഴ്സുകളുള്ളത്. ഇക്കോളജിക്കൽ ഇൻഫോ‌ർമാറ്റിക്സിലും കമ്പ്യൂട്ടർ സയൻസിലും എംഫില്ലും നിലവിൽ സ്ഥാപനം നൽകുന്നുണ്ട്. ഇതിന് പുറമേ ഇ ഗവേണൻസിൽ ഒരു പിജി ഡിപ്ലോമയും ഉണ്ട്. കാംബ്രിഡ്ജ് സർവ്വകലാശാലയുമായി ചേർന്നാണ് എക്കോളജിക്കൽ ഇൻഫോർമാറ്റിക്സ് കോഴ്സ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഡാറ്റാ അനലിറ്റിക്സ്, ബ്ലോക്ക് ചെയിന്‍, കോഗ് നിറ്റീവ് സയന്‍സ്, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ഓഗ് മെൻഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകള്‍ക്കായിരിക്കും പുതുതായി രൂപീകരിക്കുന്ന ഡിജിറ്റല്‍ സര്‍വ്വകലാശാല ഊന്നല്‍ നല്‍കുക. ഡിജിറ്റല്‍ മേഖലയില്‍ ഉയര്‍ന്ന നിലവാരമുള്ള മാനവ ശക്തിയുടെ കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. സര്‍വ്വകലാശാലയ്ക്കു കീഴില്‍ സ്കൂള്‍ ഓഫ് കമ്പ്യൂട്ടിംഗ്, സ്കൂള്‍ ഓഫ് ഇലക്ട്രോണിക്സ് ഡിസൈന്‍ ആന്‍റ് ഓട്ടോമേഷന്‍, സ്കൂള്‍ ഓഫ് ഇന്‍ഫര്‍മാറ്റിക്സ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ ബയോ സയന്‍സ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് എന്നിങ്ങനെ അഞ്ച് ഉപവിഭാഗങ്ങളാണ് ഉണ്ടാകുക. ഡിജിറ്റല്‍ സാങ്കേതികവിദ്യാ മേഖലകളുടെ ഗവേഷണത്തിലും ബിരുദാന്തര ബിരുദ വിദ്യാഭ്യാസത്തിലുമായിരിക്കും നിര്‍ദിഷ്ട സര്‍വ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുക.