തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഫോട്ടോകൾ വെച്ചുള്ള കൂറ്റൻ പരസ്യബോർഡുകൾ സ്ഥാപിക്കാൻ വ്യവസായ വകുപ്പ് നിർദ്ദേശം. ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് എല്ലാ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് മുന്നിലും ഹോർഡിംഗുകൾ സ്ഥാപിക്കാനാണ് നിർദ്ദേശം. ഹോർഡിംഗുകൾ സ്ഥാപിക്കാനായി ഏജൻസിയെയും ചുമതലപ്പെടുത്തി.

വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മുന്നിൽ മനോഹരമായ ചിത്രങ്ങളും സ്ഥാപനത്തിൻറെ ഭരണനേട്ടവും വ്യക്തമാക്കുന്ന പരസ്യങ്ങളാണ് സർക്കാർ ലക്ഷ്യം.  കഴിഞ്ഞ  മൂന്നര വർഷം വ്യവസായ വകുപ്പിന് കീഴിലുള്ള ഓരോ സ്ഥാപനവും കൈവരിച്ച നേട്ടങ്ങള്‍ ഈ മാസം 14ന് മുമ്പ് വ്യവസായ മന്ത്രിയുടെ ഓഫീസിനെ അറിയിക്കണെമന്നാണ് പ്രൈവറ്റ് സെക്രട്ടറി എം പ്രകാശൻറെ നിർദ്ദേശത്തിൽ പറയുന്നത്. 

സ്ഥാപനത്തിൻറെ ആകർഷമായ ഫോട്ടോകളെടുക്കാൻ പ്രൊഫഷണൽ ഫോട്ടോഗ്രാഫറെ ചുമതലപ്പെടുത്തിയതായി പറയുന്നു. ഫോട്ടോഗ്രാഫർമാർക്ക് ആവശ്യമായ സഹായം ചെയ്യണമെന്നും നിർദ്ദേശമുണ്ട്. ഹോർഡിംഗ് സ്ഥാപിക്കാനായി ഒരു പൊതു ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, ഇതിന് ആവശ്യമായി വരുന്ന ചെലവ് അതാത് സ്ഥാപനങ്ങള്‍ ഏജൻസിയുമായി ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

എല്ലാ കാര്യങ്ങള്‍ക്കും ഏജൻസിയുടെ സഹായം തേടണം. നല്ല സ്ഥലമുള്ള സ്ഥാപനങ്ങള്‍ 30 അടിവീതിയും 15 അടി വീതിയുമുള്ള ഹോർഡിംഗുകളാണ് വയ്ക്കേണ്ടത്. സ്ഥലപരിമിധി അനുസരിച്ച് ബോ‍ർഡിൻറ് വലുപ്പത്തിൽ മാറ്റം വരുത്താം. അത് പരസ്യ കമ്പനി തീരുമാനിക്കുമെന്ന് കത്തിൽ പറയുന്നു. ബോർഡുകൾ ഡിസൈൻ ചെയ്ത് നൽകുക മന്ത്രിയുടെ ഓഫീസാണ്.

സർക്കാരിൻറെ ഓരോ വകുപ്പിൻറെയും നേട്ടങ്ങള്‍ ഉന്നയിച്ച് പിആർഡി പ്രത്യേക പരസ്യം നൽകാറുണ്ട്. ഇതിന് പുറമേയാണ് നഷ്ടത്തിലോടുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും ബോർ‍ഡ് വയ്ക്കണമെന്ന വ്യവസായ മന്ത്രിയുടെ ഓഫീസിൻറെ നിർ‍ദ്ദേശം. സ്വാഭാവിക നടപടിമാത്രമാണെന്നാണ് വ്യവസായമന്ത്രി ഇപി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്. അതേ സമയം ഏത് ഏജൻസിയെയാണ് ചുമതലപ്പെടുത്തിയതെന്നും എത്ര തുക പരസ്യത്തിനായി ചെലവാക്കുമെന്നും വ്യക്തമാക്കിയിട്ടില്ല.