കൊച്ചി: കൊച്ചി മെട്രോ പദ്ധതിയ്ക്കുവേണ്ടി വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൽ തുടരന്വേഷണത്തിന് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. മെട്രോ സ്ഥലമേറ്റെടുപ്പിന്റെ വ്യവസ്ഥകളിൽ ശീമാട്ടിക്ക് മാത്രമായി ഇളവുവരുത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം നടത്തുക. 

മെട്രോ നിർമ്മാണത്തിനായി ശീമാട്ടി വിട്ടുനൽകിയ 32 സെന്റ് ഭൂമിയിൽ പുറമ്പോക്കുഭൂമി ഉണ്ടോയെന്ന് അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജില്ലാ ഭരണകൂടം ശീമാട്ടിയ്ക്ക് മാത്രമായി സെന്‍റിന് 80 ലക്ഷം രൂപ വില നിശ്ചയിച്ചതിൽ അഴിമതിയുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം വിജിലൻസ് യൂണിറ്റിനാണ് അന്വേഷണച്ചുമതല.