തിരുവനന്തപുരം: കഴക്കൂട്ടം മുക്കോല ദേശീയപാത ഉദ്ഘാടനം ചെയ്തെങ്കിലും കോവളം മുതൽ മുക്കോല വരെയുളള ഭാഗം ഗതാഗതയോഗ്യമല്ല. സർവ്വീസ് റോഡുകൾ ബൈപാസുമായി ബന്ധിപ്പിച്ചതിലെ അശാസ്ത്രീയത മൂലം ഈ ഭാഗത്ത് അപകടങ്ങൾ തുടർക്കഥയാണ്.

കഴക്കൂട്ടം മുതൽ കോവളം വരെ നല്ല റോഡാണെങ്കിലും കോവളം കഴിയുന്നതോടെ കഥ മാറും. മെറ്റൽ കൂട്ടിയിട്ടും കോൺക്രീറ്റ് ബ്ലോക്കുകൾ നിരത്തിയും ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുന്നു. ആറ് റോഡുകൾ സംഗമിക്കുന്ന കോവളം ജംഗ്ഷൻ കഴിഞ്ഞാൽ പിന്നെ അപ്രോച്ച് റോഡുകളാണ് യാത്രക്കാർക്ക് ശരണം. ഒൻപത് മാസമായി നിർമ്മാണം ഒരു തരി മുന്നോട്ടു പോയിട്ടില്ല. 

റോഡ് ടാർ ചെയ്തെങ്കിലും സിഗ്നലകളോ ബോർഡുകളോ ഒന്നും സ്ഥാപിച്ചിട്ടില്ല. സർവ്വീസ് റോഡുകൾ ബൈപാസുമായി ബന്ധിപ്പിക്കുന്ന ഇടങ്ങളിൽ ക്യത്യമായ മാർഗ്ഗനിർദ്ദേശങ്ങളില്ലാത്തതിനാൽ ദൂരയാത്രക്കാർക്ക് വഴി തെറ്റാനുളള സാധ്യത അനവധി. ഇത് തന്നെയാണ് അപകടങ്ങളിലേക്ക് നയിക്കുന്നതും. ഈ മേഖലയിൽ ആറ് പേരാണ് അടുത്തിടെ അപകടങ്ങളിൽ മരിച്ചത്.

ദേശീയ പാത ഉദ്ഘാടനത്തിന് പിന്നാലെ കോൺഗ്രസിന്റെ നേതൃത്വത്തിൽ മുക്കോലയിൽ റോഡ് ഉപരോധിച്ചു. സർവ്വീസ് റോഡുകളുടെ പണി ഉടൻ തുടങ്ങിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സമരക്കാർ വ്യക്തമാക്കി.