ചിത്രത്തിന്‍റെ ഓപണിം​ഗ് സംബന്ധിച്ച് പല തരത്തിലുള്ള കണക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു

സിനിമകളുടെ കളക്ഷന്‍ കണക്കുകള്‍ ഇന്ന് ശ്രദ്ധാപൂര്‍വ്വം നോക്കുന്നത് സിനിമാ വ്യവസായത്തില്‍ ഉള്ളവര്‍ മാത്രമല്ല, മറിച്ച് പ്രേക്ഷകരും കൂടിയാണ്. തങ്ങളുടെ പ്രിയ താരത്തിന്‍റെ കളക്ഷന്‍ മറ്റ് താരങ്ങളുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്നത് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ വിനോദങ്ങളില്‍ ഒന്നാണ്. ബോക്സ് ഓഫീസ് ട്രാക്കര്‍മാരില്‍ നിന്ന് പല തരത്തിലുള്ള കണക്കുകളാണ് ലഭിക്കാറ്. ചിലപ്പോഴൊക്കെ തങ്ങളുടെ ചിത്രം നേടിയ കണക്കുകള്‍ നിര്‍മ്മാതാക്കള്‍ തന്നെ ഔദ്യോ​ഗികമായി പുറത്തുവിടാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പുറത്തെത്തിയിരിക്കുന്നത് ടൊവിനോ തോമസ് നായകനായ നടികര്‍ എന്ന ചിത്രത്തിന്‍റെ ആദ്യദിന കളക്ഷനാണ്.

ചിത്രത്തിന്‍റെ ഓപണിം​ഗ് സംബന്ധിച്ച് പല തരത്തിലുള്ള കണക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. നിര്‍മ്മാതാക്കള്‍ പുറത്തുവിടുന്ന കണക്ക് അനുസരിച്ച് ചിത്രത്തിന്‍റെ ആദ്യദിന ആ​ഗോള ​ഗ്രോസ് 5.39 കോടിയാണ്. നടികറിന്‍റെ സ്കെയിലിലുള്ള ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച ഓപണിം​ഗ് ആണ് ഇത്. സിനിമാലോകം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. ഡേവിഡ് പടിക്കല്‍ എന്ന യുവ സൂപ്പര്‍സ്റ്റാറിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികർ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. പുഷ്പ ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ നവീൻ യർനേനിയും വൈ രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഭാവന നായികയാവുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ALSO READ : തമിഴ് അരങ്ങേറ്റത്തിന് ലഭിച്ചത് 'ഗോട്ടി'ലെ അവസരം; വേണ്ടെന്നുവച്ച് ശ്രീലീല, കാരണം ഇതാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം