പത്തനംതിട്ട: തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ ഐജിയുടെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി. ദുരൂഹതയില്ലെന്ന റിപ്പോര്‍ട്ടില്‍ ചില സംശയങ്ങളുന്നയിച്ചാണ് മടക്കിയത്. തിരുവല്ല പാലിയേക്കര ബസേലിയൻ കോൺവെന്‍റിൽ കന്യാസ്ത്രീ ആകാൻ പഠിക്കുകയായിരുന്ന ദിവ്യ പി ജോണിനെയാണ് കോൺവെന്‍റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെയ് ഏഴാം തിയ്യതിയായിരുന്നു വിദ്യാര്‍ത്ഥിനിയെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിൽ അസ്വഭാവികത ഉണ്ടോ എന്ന് പരിശോധിക്കാനാണ് ക്രൈബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. 

ദിവ്യയുടെ ശരീരത്തിൽ അസ്വാഭാവിക പരിക്കുകൾ ഇല്ല. വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാണ് ശരീരത്തിൽ ഉള്ളത്. മുങ്ങി മരണമാണെന്നാണുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതേ സമയം കേസ് അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിലടക്കം തിരുവല്ല പൊലീസിന്‍റെ ഭാഗത്ത് പാളിച്ചകളുണ്ടായെന്ന ആരോപണം ഉയർന്നിരുന്നു.  പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആത്മഹത്യയാകാമെന്ന നിഗമനത്തിലായിരുന്നു നേരത്തെ പൊലീസ്.