പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തി വയ്ക്കുന്നു. ആഗസ്റ്റ് ഒന്ന് മുതൽ സർവ്വീസുകൾ അവസാനിപ്പിക്കുമെന്നാണ് സ്വകാര്യ ബസുടമകളുടെ സംഘടനകൾ പറയുന്നത്.

കൊവിഡ് പ്രതിസന്ധി മൂലം നിലവിൽ എല്ലാ ബസുകളും ഓടുന്നില്ല. ഓടുന്ന ബസുകളാണെങ്കിൽ വലിയ നഷ്ടവും നേരിടുന്നുവെന്നാണ് മുഴുവൻ സർവ്വീസുകളും നിർത്തി വയ്ക്കാൻ കാരണമായി സ്വകാര്യ ബസുടമകൾ പറയുന്നത്. 

ബസ് സർവ്വീസുകൾ നിർത്തിവെക്കാനായി ജി ഫോം സമർപ്പിയ്ക്കുമെന്ന് ബസുടമകളുടെ സംയുക്ത സമിതി അറിയിച്ചു. കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോക്ക് ഡൗൺ വന്നതോടെ രണ്ടര മാസത്തോളം സംസ്ഥാനത്തെ സ്വകാര്യ ബസുകൾ കട്ടപ്പുറത്തായിരുന്നു. പിന്നീട് അൺലോക്കിം​ഗിൻ്റെ ഭാ​ഗമായി ബസ് സർവ്വീസിന് കേന്ദ്രം അനുമതി നൽകിയെങ്കിലും നിരക്കിനെ ചൊല്ലിയുള്ള ത‍ർക്കവും യാത്രക്കാരെ കിട്ടാനുള്ള ക്ഷാമവും ബസ് സ‍ർവ്വീസ് പ്രതിസന്ധിയിലാക്കി.