തിരുവനന്തപുരം: റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്നതിലെ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി. കഴിയുമെങ്കിൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ റിപ്പോർട്ട് വയ്ക്കാൻ ഉപസമിതി അംഗങ്ങളോട് പിണറായി വിജയൻ ആവശ്യപ്പെട്ടു. രണ്ട് ആഴ്ച സാവകാശമാണ് മന്ത്രിസഭാ ഉപസമിതി ആവശ്യപ്പെട്ടിരിക്കുന്നത്.

കരട് റിപ്പോർട്ട് ചർച്ച ചെയ്ത യോഗത്തിലെ എതിർപ്പുകൾ മാധ്യമങ്ങൾ വാർത്തയാക്കിയതിലും മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചു.പുറത്തുവന്നത് വസ്തുതയാണോയെന്നും എങ്ങനെ വിവരങ്ങൾ പുറത്തായെന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാർക്കും കൂടുതൽ അധികാരം നൽകുന്നതിൽ ഘടക കക്ഷി മന്ത്രിമാരുടെ  എതിർപ്പ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. തീരദേശത്തെ ജിയോ ട്യൂബ് പദ്ധതിക്ക് അനുമതി വൈകുന്നതിൽ മന്ത്രി മേഴ്സികുട്ടിയമ്മയും മന്ത്രിസഭാ യോഗത്തിൽ പരാതി ഉന്നയിച്ചു. ഇപ്പോൾ അനുമതി നൽകിയില്ലെങ്കിൽ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്നും ഫിഷറീസ് മന്ത്രി വിശദീകരിച്ചു

റൂൾസ് ഓഫ് ബിസിനസ്സിൽ 15 വർഷത്തിന് ശേഷമാണ് സർക്കാർ മാറ്റം വരുത്തുന്നത്. എന്നാൽ പൊതു ഭരണ വകുപ്പ് തയ്യാറാക്കിയ ഭേദഗതി നിർദ്ദേശങ്ങളാണ് ഇപ്പോൾ വിവാദമായത്. മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാർക്കും കൂടുതൽ അധികാരം കിട്ടുകയും മന്ത്രിമാരുടെ അധികാരം കുറയുകയും ചെയ്യുന്നതാണ് പ്രധാന നിർദ്ദേശങ്ങളെന്നാണ് ആക്ഷേപം. അതാത് വകുപ്പുകളുടെ ചുമതല മന്ത്രിമാർക്കൊപ്പം സെക്രട്ടറിക്ക് കൂടി കിട്ടുന്ന രീതിയിലാണ് ഭേദഗതി നിർദ്ദേശം. നിലവിൽ പ്രധാന ഫയലുകളെല്ലാം മന്ത്രിമാർ കണ്ട് മാത്രമേ തീർപ്പാക്കാൻ കഴിയൂ. എന്നാൽ പുതിയ ഭേദഗതി പ്രകാരം സെക്രട്ടറിമാർക്ക് തന്നെ ഫയ‌ൽ തീർപ്പാക്കാം. 

മന്ത്രിമാർ മുഖേന അല്ലാതെ മുഖ്യമന്ത്രിക്ക് സെക്രട്ടറിമാർ  വഴി ഫയലുകൾ വിളിപ്പിക്കാനും അധികാരം നൽകുന്നു. മന്ത്രിമാർ വിദേശയാത്ര പോകുമ്പോൾ നിലവിലെ റൂൾസ് ഓഫ് ബിസിനസ് പ്രകാരം ഗവർണ്ണറാണ് പകരം ചുമതല മറ്റൊരാൾക്ക് നൽകുന്നത്. പുതിയ ഭേദഗതി അനനുസരിച്ച് മുഖ്യമന്ത്രിക്ക് തന്നെ അതിന് അധികാരമുണ്ടാകും. ഭേദഗതിയെ കുറിച്ച് കൂടുതൽ പഠിക്കാൻ മന്ത്രിസഭ നിയോഗിച്ച നിയമ മന്ത്രി അധ്യക്ഷനായ ഉപസമിതി യോഗത്തിലാണ് റവന്യു മന്ത്രി എതിർപ്പ് അറിയിച്ചത്. വിവാദം പ്രതിപക്ഷവും ഏറ്റെടുത്തു.