പത്തനംതിട്ട: സുപ്രീംകോടതി നിർദേശ പ്രകാരം ശബരിമല തിരുവാഭരണങ്ങളുടെ കണക്കെടുപ്പ് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ തുടങ്ങി. കൊടിക്കൂറ, നെറ്റിപ്പട്ടം തുടങ്ങിയവയുടെ കണക്കെടുപ്പാണ് പന്തളം വലിയ കോയിക്കൽ ആദ്യ ഘട്ടത്തിൽ നടന്നത്. രാവിലെ പത്ത് മണിയോടെയാണ് തിരുവാഭരണ പരിശോധനക്കായി ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽ എത്തിയത്. പന്തളം കൊട്ടാര നിർവ്വാഹക സംഘം ഭാരവാഹികൾ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റി പരിശോധന ആരംഭിച്ചു. 

മാറ്റ്, തൂക്കം, എണ്ണം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. മാറ്റ് നോക്കാനായി നെറ്റിപ്പട്ടത്തിലെ കുമിളകൾ ഇളക്കി പരിശോധിക്കണമെന്ന് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ഒരാഴ്ച സമയം വേണ്ടി വരും. സ്വർണ പണിക്കാരടങ്ങുന്ന സംഘമാണ് തിരുവാഭരണങ്ങൾ പരിശോധിക്കുന്നത്. പന്തളം കൊട്ടാരം നിർവ്വാഹക സംഘം ഭാരവാഹികൾ,ദേവസ്വം ബോർഡ് പ്രതിനിധി, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പരിശോധന. ഒരു മാസത്തിനകം മുദ്രവെച്ച കവറിൽ കോടതിക്ക് പരിശോധന റിപ്പോർട്ട് സമർപ്പിക്കും. തിരുവാഭരണങ്ങൾ പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽ സുരക്ഷിതമല്ലന്ന് കൊച്ച് കോയിക്കൽ കൊട്ടാരം കോടതിയിൽ ആശങ്ക പങ്കുവെച്ച സാഹചര്യത്തിലായിരുന്നു പരിശോധനക്ക് നിർദ്ദേശം നൽകിയത്.