തൃശൂർ: കോട്ടപ്പുറം ചന്തപ്പുര ബൈപാസ്സിനായി ഏഴ് സെന്റ് ഭൂമിയും പുരയിടവും സർക്കാർ ഏറ്റെടുത്തതോടെ  വഴിയാധാരമായത് അവിവാഹിതരരായ രണ്ടു സഹോദരികളാണ്. നഷ്ടപരിഹാരമായി കിട്ടിയ തുക കൊണ്ട് ബാധ്യതകൾ തീർത്തതോടെ സ്വന്തമായി വീടോ പുരയിടമോ ഇവർക്ക് ഇല്ലാതായി. കാവിൽക്കടവിലെ വാടക വീട്ടിൽ താമസിക്കുന്ന അജിത കുമാരിക്കും കൃഷ്ണ കുമാരിക്കും ഒരു പറ്റം പൂച്ചകൾ മാത്രമാണ് ഇപ്പോൾ കൂട്ട്..

സ്വന്തമായുണ്ടായിരുന്ന ഭൂമിയും വീടും റോഡ് വികസനത്തിനായി സർക്കാർ ഏറ്റെടുത്തതോടെയാണ് ഈ സഹോദരികൾ പെരുവഴിയായത്. കടുത്ത ദാരിദ്രത്തിൽ കഴിയുന്ന ഇവർക്ക് കൂട്ടിന് ആരുമില്ല. സ്വന്തമായി വീടും സ്ഥലമോ ഇല്ല. വാടക വീട്ടിൽ കഴിയുന്ന ഇവർക്ക് അമ്മയുടെ പേരിൽ കിട്ടുന്ന പെൻഷൻ മാത്രമാണ് ഏകവരുമാനം. 

അജിത കുമാരിയുടെ വാക്കുകൾ - 

സർക്കാർ വീടും സ്ഥലവും ഏറ്റെടുത്തപ്പോൾ എല്ലാവരും വന്നു കരഞ്ഞിരുന്നു. ഈ കുട്ടികൾക്ക് ഇനിയാരുണ്ടെന്ന് ചോദിച്ച്. നമ്മെ ഓർക്കുമ്പോൾ നനയുന്ന കണ്ണുകൾ നമ്മെ മറക്കും ഞൊടിയിടയിൽ നമ്മളോർക്കുന്ന കണ്ണുകൾ മറക്കുവാൻ ജന്മങ്ങളായിരം വേണമല്ലോ... എന്നാെരു കവിതയില്ലേ. ആ കവിതയാണ് ഞാനെന്നും ഓർക്കുന്നത്. ഞങ്ങളുടെ മോശം അവസ്ഥയിൽ ഞങ്ങളെ ഓർത്തിരുന്നവരെല്ലാം ഞങ്ങളെ മറന്നു. 

അനിയത്തി നേരത്തെ ഒരു വക്കീലിൻ്റെ ഓഫീസിൽ പോയിരുന്നു. ഞാനൊരു മാഗസിൻ്റെവർക്കെല്ലാം ചെയ്തിരുന്നു. ഇപ്പോൾ രണ്ടാളും ഒന്നിനും പോകുന്നില്ല. 2018-ലെ പ്രളയത്തിൽഞങ്ങളുടെ ഒരുപാട് സാധനങ്ങളും നഷ്ടമായി. എല്ലാം കൊണ്ടു ദുരിതമാണ്. ഒരാളും തിരിഞ്ഞു നോക്കാനില്ല.  അമ്മേടെ പെൻഷൻ മാത്രമേ വരുമാനമായുള്ളൂ. 2009-ൽ അമ്മ മരിച്ച ശേഷമാണ് അച്ഛൻ്റെ പെൻഷൻ അനുവദിച്ചത്. 

എന്നാൽ അതിതു വരെ കിട്ടിയിട്ടില്ല. പല കാരണം പറഞ്ഞു മുടക്കുവാണ്. അച്ഛന് കിട്ടിയ പെൻഷൻ കൊണ്ട് സ്ഥലം വാങ്ങി, അമ്മയ്ക്ക് പെൻഷൻ കിട്ടിയ പൈസ കൊണ്ട് വീട് വച്ചു. പക്ഷേ വികസനത്തിന് വേണ്ടി ഒടുവിൽ ഞങ്ങൾ വഴിയാധാരമായി. 

കൃഷ്ണകുമാരിയുടെ വാക്കുകൾ - 
ചെറിയൊരു തുകയാണ് പെൻഷനായി കിട്ടുന്നത്. അതിൽ നിന്നും വേണം വാടക കൊടുക്കാനും ബാക്കി ചെലവുകൾ വഹിക്കാനും. എനിക്കും ചേച്ചിയും ചേച്ചിക്കും ഞാനും മാത്രമേയുള്ളൂ. ഞങ്ങളിലൊരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ സംരക്ഷിക്കാൻ വേറാരുമില്ല. സ്വന്തമെന്ന് പറയാൻ ഈ പൂച്ചക്കുട്ടികൾ മാത്രമേ ഞങ്ങൾക്കുള്ളൂ. അവയെ പുന്നാരിച്ചും മിണ്ടിയും പറഞ്ഞുമാണ് മനസിൻ്റെ വിഷമം തീർക്കുന്നത്.