ദില്ലി: ഡെങ്കിപ്പനിയുടെ പിടിയില്‍ നിന്ന് ഇനിയും ദില്ലി നഗരം മുക്തമാകണമെങ്കില്‍ ശക്തമായ ജാഗ്രത ആവശ്യമാണെന്ന് തന്നെയാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2018 വര്‍ഷം അവസാനിക്കാറാകുമ്പോള്‍ ആകെ 2,800 ഡെങ്കിപ്പനി കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍. ഡിസംബര്‍ മാസങ്ങളിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഒക്ടോബറില്‍ മാത്രം 1,114 കേസുകള്‍. നവംബറില്‍ ഇത് 1,062 ആയി. 

ശക്തമായ ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഡെങ്കിപ്പനിയില്‍ നിന്ന് ദില്ലിയെ മോചിപ്പിക്കാനാകൂവെന്ന് ആരോഗ്യവകുപ്പ് സൂചിപ്പിക്കുന്നു. താമസസ്ഥലങ്ങളില്‍ കൊതുക് വളരുന്നില്ലെന്ന് ഉറപ്പുവരുത്താനും, പരമാവധി ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കാനും, വാട്ടര്‍ കൂളറുകള്‍ ഉള്‍പ്പെടെ കൊതുക് പെരുകാന്‍ സാധ്യതകളുള്ള ചെറിയ ഇടങ്ങള്‍ കരുതലോടെ സൂക്ഷിക്കാനും ഇവര്‍ നിര്‍ദേശിക്കുന്നു. 

ഡെങ്കിപ്പനിക്ക് പുറമെ, 473 മലേറിയ കേസുകളും 165 ചിക്കുന്‍ഗുനിയ കേസുകളും ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.