Asianet News MalayalamAsianet News Malayalam

'ലുങ്കിയുടുത്തതിനാല്‍ മള്‍ട്ടിപ്ലക്സ് തിയേറ്റില്‍ കയറ്റിയില്ല'; വിവാദമായപ്പോള്‍ സ്വീകരിച്ചിരുത്തി

പ്രമുഖ മള്‍ട്ടിപ്ലക്സ് ശൃംഖലയായ സ്റ്റാര്‍ സിനിപ്ലക്സ് തിയേറ്ററില്‍ സിനിമ കാണാനെത്തിയെങ്കിലും ലുങ്കി ഉടുത്തതിന്‍റെ പേരില്‍ തനിക്ക് ടിക്കറ്റ് നല്‍കിയില്ലെന്നാണ് സമൻ അലി സര്‍ക്കാര്‍ എന്നയാള്‍ പറയുന്നത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറലാവുകയും ചെയ്തു. 

man in lungi denied movie ticket in multiplex later invited to the same theatre
Author
Dhaka, First Published Aug 5, 2022, 9:26 PM IST

വസ്ത്രധാരണത്തിന്‍റെ പേരില്‍ ആളുകളെ തരംതിരിക്കുന്നതും മാറ്റിനിര്‍ത്തുന്നതുമെല്ലാം വലിയ അനീതി തന്നെയാണ്. പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. വാര്‍ത്തകളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയുമെല്ലാം ഇങ്ങെനയുള്ള സംഭവങ്ങള്‍ നാം അറിയാറുണ്ട്. അത്തരമൊരു സംഭവം കൂടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ലുങ്കിയുടുത്ത് വന്നതുകൊണ്ട് ( Man in Lungi ) മള്‍ട്ടിപ്ലക്സ് തിയേറ്ററില്‍ പ്രവേശിപ്പിച്ചില്ലെന്ന പരാതിയുമായി ( Multiplex Theatre) രംഗത്തെത്തിയിരിക്കുകയാണ് ഒരാള്‍. ബംഗ്ലാദേശിലെ ധക്കയിലാണ് സംഭവം. പ്രമുഖ മള്‍ട്ടിപ്ലക്സ് ശൃംഖലയായ സ്റ്റാര്‍ സിനിപ്ലക്സ് തിയേറ്ററില്‍ സിനിമ കാണാനെത്തിയെങ്കിലും ലുങ്കി ഉടുത്തതിന്‍റെ പേരില്‍ ( Man in Lungi )  തനിക്ക് ടിക്കറ്റ് നല്‍കിയില്ലെന്നാണ് സമൻ അലി സര്‍ക്കാര്‍ എന്നയാള്‍ പറയുന്നത്.

ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറലാവുകയും ചെയ്തു. അതേസമയം ഈ സംഭവം ഒരു തെറ്റിദ്ധാരണയുടെ പേരിലുണ്ടായതാണെന്നും അത്തരത്തില്‍ വസ്ത്രത്തിന്‍റെ പേരില്‍ ആരെയെങ്കിലും മാറ്റിനിര്‍ത്തുകയെന്നത് തങ്ങളുടെ നയമല്ലെന്നും സ്റ്റാര്‍ സിനിപ്ലക്സ് വിശദീകരിച്ചു.

 

വിവാദങ്ങള്‍ക്ക് പിന്നാലെ സമൻ അലി സര്‍ക്കാരിനെയും കുടുംബത്തെയും ഇവര്‍ തിയേറ്ററിലേക്ക് ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹം കുടുംബത്തോടൊപ്പം തിയേറ്ററില്‍ വന്ന് ( Multiplex Theatre)  സിനിമ കാണുകയും ചെയ്തു. ഏത് ചിത്രത്തിനാണോ ടിക്കറ്റ് നിഷേധിക്കപ്പെട്ടുവെന്ന് പരാതിപ്പെട്ടത്, അതേ ചിത്രത്തില്‍ വേഷമിട്ട താരവും ഇവര്‍ക്കൊപ്പം സിനിമ കാണാനെത്തി. 

സമൻ അലിയുടെ വീഡിയോ വൈറലായതിന് ശേഷം പ്രതിഷേധസൂചകമായി നിരവധി പേര്‍ തിയേറ്ററിലേക്ക് ലുങ്കിയുടുത്ത് എത്തിയിരുന്നു. ഇതിന് ശേഷമാണ് സമൻ അലിയെയും കുടുംബത്തെയും തിയേറ്ററുകാര്‍ ക്ഷണിച്ചത്. അപ്പോഴും ലുങ്കിയുടുത്ത് തന്നെയാണ് ഇവര്‍ സിനിമ കാണാൻ എത്തിയത്. കുട്ടികളും സ്ത്രീകളുമടക്കമുള്ള സമൻ അലിയുടെ കുടുംബം സിനിമ കാണാനെത്തിയതിന്‍റെ ഫോട്ടോയും സ്റ്റാര്‍ സിനിപ്ലക്സ് പങ്കുവച്ചിട്ടുണ്ട്. തിയേറ്റര്‍ അധികാരികളും ജീവനക്കാര്‍ക്കുമൊപ്പം സമൻ അലിയും കുടുംബവും നില്‍ക്കുന്നതാണ് ഫോട്ടോയിലുള്ളത്. 

 

ഏത് വിഭാഗത്തില്‍ പെടുന്നവര്‍ക്കും തങ്ങളുടെ തിയേറ്ററുകളില്‍ പ്രവേശിക്കാമെന്നും യാതൊരു തരത്തിലുള്ള മാറ്റിനിര്‍ത്തലുകളും ഇല്ലാതെ ഒന്നിച്ചിരുന്ന് സിനിമ ആസ്വദിക്കാമെന്നുമാണ് ഇപ്പോള്‍ സ്റ്റാര്‍ സിനിപ്ലക്സ് അവകാശപ്പെടുന്നത്. ഏതായാലും സംഭവം ശുഭകരമായി അവസാനിച്ചതോടെ ഏവരും സന്തോഷത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ സമൻ അലിയും കുടുംബവും തിയേറ്ററിലെത്തുന്നതിന്‍റെ ഫോട്ടോകള്‍ക്കുള്ള അംഗീകാരം തന്നെയാണ് ഇതിന്‍റെ തെളിവ്. പക്വതയാര്‍ന്ന ഇടപെടല്‍ നടത്തിയ തിയേറ്ററിനും കയ്യടി നല്‍കുകയാണ് ആളുകള്‍. 

Also Read:- 'പെണ്‍കുട്ടികളുടെ വസ്ത്രം ധരിച്ചു'; കോളേജില്‍ അപമാനിക്കപ്പെട്ടുവെന്ന് വിദ്യാര്‍ത്ഥി

Follow Us:
Download App:
  • android
  • ios