കൊവിഡ്- 19 ന്റെ് പശ്ചാത്തലത്തില്‍ പല ജോലി മേഖലയിലും വർക്ക് ‌ ഫ്രം ഹോം സംവിധാനങ്ങളും കുട്ടികൾക്കെല്ലാം സ്കൂള്‍ അടയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ പെട്ടെന്നു മാറിയ ജീവിത ക്രമങ്ങളോട് പൊരുത്തപ്പെട്ടുവരുന്ന ഒരു സമയമാണിത്. ഓഫീസിലേക്കു പോകേണ്ടതില്ല എങ്കില്‍കൂടി ജോലിയില്‍ സാധാരണ സമയക്രമം പാലിക്കാന്‍ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. 

മാതാപിതാക്കള്‍ രണ്ടുപേരും വീട്ടിലിരുന്നു ജോലി ചെയ്യുകയും കുട്ടികളുടെ കാര്യങ്ങളും ഇതോടൊപ്പം ശ്രദ്ധിക്കേണ്ടി വരികയും ചെയ്യേണ്ടത് വലിയ സമ്മർദ്ദം ഉണ്ടാക്കാന്‍ ഇടയുണ്ട്. പ്ലാനിങ്ങ് ഫാലസി- അതായത്, നമുക്ക് എത്രമാത്രം ജോലിചെയ്തു തീർക്കാൻ കഴിയുന്നുവോ അതിന്റെ ഇരട്ടി കാര്യങ്ങള്‍ ചെയ്തു തീർക്കാനായി പ്ലാന്‍ ചെയ്യുന്ന രീതിയാണ്‌ സാധരണ നാം ചെയ്യാറ്.

 എന്നാൽ ഓഫീസില്‍ ഇരുന്നു ജോലി ചെയ്യുന്ന അത്ര മികവ്, അല്ലെങ്കില്‍ കുറേ മണിക്കൂര്‍ ശ്രദ്ധയോടെ ഇരുന്നു ചെയ്തു തീർക്കാൻ കഴിഞ്ഞിരുന്ന രീതി വീട്ടില്‍ തുടക്കത്തില്‍ കിട്ടാതെ വരുന്നതിനെ മുൻകൂട്ടി മനസ്സില്‍ കണ്ട് സാഹചര്യം കൈകാര്യം ചെയ്യാന്‍ തയ്യാറാവേണ്ടത്‌ അത്യാവശ്യമാണ്. വളരെ കൃത്യമായി എല്ലാ കാര്യങ്ങളും ചെയ്തുപോന്നിരുന്ന പെർഫെക്ഷനിസ്റ്റുകള്‍ ആയ വ്യക്തികൾക്ക് ഈ മാറ്റങ്ങള്‍ വലിയ മാനസിക സമ്മർദ്ദം  ഉണ്ടാക്കാന്‍ ഇടയുണ്ട്. 

കുട്ടികള്‍ കളിപ്പാട്ടങ്ങളും മറ്റും അലസമായി ഇടുന്നതിനോടെല്ലാം ദേഷ്യം നിയന്ത്രിച്ച്‌ വളരെ ക്ഷമയോടെ അവരെ കൈകാര്യം ചെയ്യാന്‍ ഇത്തരം കാര്യങ്ങളില്‍ ഉള്ള കൃത്യത അല്പ കാലത്തേക്ക് ഒഴിവാക്കുക. മടുപ്പോടുകൂടി ഈ സാഹചര്യത്തെ കാണാതെ കുറച്ചുകാലം മാത്രം നീണ്ടുനില്ക്കുന്ന ഒരു സാഹചര്യമായി മാത്രം ഇതിനെ കണ്ടാലെ മാനസികാരോഗ്യം നിലനിർത്താൻ നമുക്കു കഴിയൂ.

പൊതുവേ കുട്ടികളില്‍, പ്രത്യേകിച്ചും അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോർഡര്‍ (ADHD) പോലെയുള്ള അവസ്ഥകള്‍ നേരിടുന്ന കുട്ടികളില്‍ പുറത്തേക്കെങ്ങും പോകാനാവാതെ വീട്ടിനുള്ളില്‍ ഇരിക്കേണ്ടി വരുന്ന സാഹചര്യം വലിയ മടുപ്പുളവാക്കും. 

കുട്ടികൾക്കായാലും മുതിര്‍ന്നവർക്കായാലും സാമൂഹിക ഇടപെടല്‍ ഒഴിവാക്കേണ്ട ഇപ്പോഴത്തെ സാഹചര്യം തന്നെ ചിലപ്പോള്‍ വിഷാദം പോലെയുള്ള അവസ്ഥയിലേക്ക് മനസ്സിനെ കൊണ്ടെത്തിക്കാതെ ശ്രദ്ധിക്കണം. പുതിയ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ സമയം അനുവദിക്കുക.

അതിശൈത്യ കാലങ്ങളില്‍ ഒരുപാടു സമയം വീട്ടിനുള്ളില്‍ തന്നെ ആയിരിക്കേണ്ടി വരുമ്പോള്‍ ആളുകളില്‍ സീസണല്‍ അഫക്ടീവ് ഡിസോർഡർ, അതായത്, സൂര്യപ്രകാശം കുറയുകയും വ്യായാമം തീരെ ഇല്ലാതെ വരുന്ന സാഹചര്യംമൂലം വിഷാദം ഉണ്ടാകാറുണ്ട്. വീടിനുള്ളില്‍ തന്നെ ഇപ്പോള്‍ കൂടുതല്‍ സമയം ഇരിക്കുമ്പോള്‍ സമാനമായ സാഹചര്യം ഒഴിവാക്കാന്‍ വ്യായാമം ജീവിതചര്യയില്‍ ഉൾപ്പെടുത്തണം. 

കുട്ടികളുടെ ഊർജ്ജം വാശിയായി മാറാതെ ഇരിക്കാനും മുതിർന്നവരിലും ദേഷ്യം നിയന്ത്രിക്കാനും മാനസികാരോഗ്യം വർധിപ്പിക്കാനും എല്ലാം ഇതു സഹായിക്കും. വിഷാദത്തിന്റെ പിടിയിലാവാതെ നോക്കാന്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് pleasant activity scheduling. അതായത് നമുക്കു സന്തോഷം നല്കുന്ന പ്രവര്‍ത്തികൾക്കായി എല്ലാ ദിവസവും സമയംമാറ്റി‍വയ്ക്കുക. 

അതു വായനയോ ക്രാഫ്റ്റ് വർക്കോ എന്തുമാകാം. അമിതമായി മനസ്സു വിഷമിക്കാതെ ഹോബികൾക്കായും മറ്റും സമയം കണ്ടെത്തുമ്പോൾ അനാവശ്യമായ ഭയത്തില്‍ നിന്നും നെഗറ്റീവ് ചിന്തകളില്‍ നിന്നും ഒക്കെ മനസ്സിന്റെ ശ്രദ്ധ മാറ്റാന്‍ കഴിയും.

കുട്ടികൾ ഏറ്റവും ഇഷ്ടപ്പെടാന്‍ സാധ്യതയുള്ളത് വീട്ടിലെ ജോലികളില്‍ പ്രത്യേകിച്ചു പാചകം ചെയ്യാനും മറ്റും അവരെ കൂടെ കൂട്ടുക എന്നതാണ്. ചെടി വയ്ക്കാനോ പച്ചക്കറി തോട്ടമുണ്ടാക്കാനോ ഒക്കെ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കാം. മുതിർന്നവർക്കും സമയം കളയാനും ബോറടി മാറ്റാനും എല്ലാ ദിവസവും ചെടികള്‍ നോക്കാന്‍ സമയം കണ്ടെത്താം. മണ്ണപ്പം ചുട്ടു കളിക്കുക എന്നതൊക്കെ കുട്ടികൾക്ക്  വളരെ ഇഷ്ടപെട്ട കളികളാണ്. 

അതിനുള്ള സൗകര്യംവീട്ടിലില്ല എങ്കില്‍ മോഡലിംഗ് ക്ലേ വാങ്ങികൊടുക്കാം. ചിത്രം വരയ്ക്കുക, നിറം കൊടുക്കുക എന്നതെല്ലാം കുട്ടികൾക്ക്  മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതും മാനസിക സമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതുമാണ്.

സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയായി നേരിട്ടു കാണാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമല്ല എങ്കിലും ഫോണിലൂടെ അവരുമായി സംസാരിക്കാന്‍ സമയം കണ്ടെത്താം. പൊതുവേ രോഗങ്ങള്‍ പിടിപെടുമോ എന്ന് അമിതമായഭയം ഉള്ള ആളുകളില്‍ ഈ സമയം അത്തരം ഭയങ്ങള്‍ വർധിക്കാതെ സൂക്ഷിക്കണം. 

അമിതമായ ഭയമല്ല ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങള്‍ പാലിക്കുകയാണ് ഈ സമയം നാം ചെയ്യേണ്ടത്. അമിത ഉത്കണ്ഠയുള്ള ആളുകളും കൂടുതല്‍ സമയം ബിസിയായി ഇരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അമിതമായി ചിന്തിച്ചു മനസ്സു വിഷമിപ്പിക്കാതെയിരിക്കാന്‍ അത്യാവശ്യമാണ്. 

കടപ്പാട്:

പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (RCI Registered)