കെനിയ: എല്ലാ അമ്മമാരും ഇങ്ങനെയാണ്. കുഞ്ഞുങ്ങൾ ആപത്തിൽപെട്ടാൽ സ്വന്തം ജീവൻ അവ​ഗണിച്ചും അവർ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെടും. മനുഷ്യരിൽ മാത്രമല്ല മൃ​ഗങ്ങളിലുമുണ്ട് ഇത്തരം സ്വഭാവ സവിശേഷത.

മുതലയുള്ള നദിയിൽ മുങ്ങിത്താഴാതെ തന്റെ കുഞ്ഞുങ്ങളെ രക്ഷിച്ച് കരയിലെത്തിക്കുന്ന പെൺസിംഹത്തിന്റെ വീഡിയോയാണ്  ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കെനിയയിലെ  മസായ് മാരാ റിസർവ്വിലെ ഇവാസോ നെയ്റോ നദിയിൽ നിന്നാണ് ഫോട്ടോ​ഗ്രാഫർ ലൂക്കാ ബ്രകാലി ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

പെൺസിംഹത്തിന്റെ മൂന്നു കുഞ്ഞുങ്ങളും കരയിൽ  നിന്ന് നദിയിലേക്ക് ഇറങ്ങിപ്പോകുന്നത് കാണാം. കുറച്ച് സമയത്തിനുള്ളിൽ‌ ഒരു കുഞ്ഞ് ഓടി നദിയിലേക്ക് ഇറങ്ങുന്നു. പിന്നീടതിന് കാണുന്നേയില്ല. എന്നാൽ ചുറ്റും നോക്കുന്ന പെൺസിംഹം വളരെ പെട്ടെന്ന് താടിയെല്ലിൽ കടിച്ചെടുത്ത് കുഞ്ഞുസിംഹത്തിനെ കരയിലേക്ക് തള്ളിവിടുന്നു.

ഒരു നിമിഷം വൈകിയിരുന്നെങ്കിൽ കുഞ്ഞ് വെള്ളത്തിൽ മുങ്ങിപ്പോയിരുന്നേനെ. വളരെ ചെറിയ പ്രായത്തിൽ കുഞ്ഞുസിംഹങ്ങൾ നദി മുറിച്ചു കടക്കുന്നത് അപൂർവ്വകാഴ്ചയാണെന്ന് ഫോട്ടോ​ഗ്രാഫർ ലൂക്കാ പറയുന്നു.