കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മിക്ക രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 'പോണ്‍' പ്രേക്ഷകരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായതായി കണക്ക്. പ്രമുഖ പോണ്‍ സൈറ്റായ 'പോണ്‍ഹബ്' ആണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

ഇന്ത്യയിലും പോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് 'പോണ്‍ഹബ്' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണ്ട് 95 ശതമാനം വര്‍ധനവ് ഇന്ത്യയില്‍ മാത്രം രേഖപ്പെടുത്തുന്നു. 

രാജ്യത്ത് പല ടെലികോം ഓപ്പറേറ്റര്‍മാരും പോണ്‍ സൈറ്റുകള്‍ നേരത്തേ നിരോധിച്ചിരുന്നു. എന്നാല്‍ ഇതേ സൈറ്റുകള്‍ തന്നെ മറ്റ് ഡൊമൈനുകളില്‍ ലഭ്യമാണ്. 

കടുത്ത മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ജനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഈ സാഹചര്യത്തില്‍ സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാനെന്ന നിലയിലും ഒഴിവുസമയത്തെ വിരസത മറികടക്കാനുമായാണ് ഇത്രയധികം പേര്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടായിരിക്കുകയെന്ന് 'പോണ്‍ഹബ്' തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതിനിടെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കായി 'പോണ്‍ഹബ്' ഒരു മാസത്തെ പ്രീമിയം സേവനം സൗജന്യമാക്കിയതും ഹിറ്റ് വര്‍ധിക്കാനിടയാക്കി. ലോക്ക്ഡൗണ്‍ തുടങ്ങിയ ആഴ്ചയില്‍ തന്നെ ഇന്ത്യയില്‍ പോണ്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചതായി 'പോണ്‍ഹബ്' അറിയിച്ചിരുന്നു. ഇന്ത്യക്ക് പുറമെ ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, യു എസ്, ഇറ്റലി എന്ന് തുടങ്ങി നിരവധി രാജ്യങ്ങളിലും ഈ ദിവസങ്ങളില്‍ പോണ്‍ സന്ദര്‍ശകരുടെ എണ്ണം കുത്തനെ വര്‍ധിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.