1.    എടീ... നിനക്കാ ടോമിയെയും ഭാര്യസിമിയെയും അറിയില്ലേ? ഹോ...അങ്ങേരെങ്ങനെയാണോ അവളെ സഹിക്കുന്നത്??? 

അതു ചേച്ചി, ഈ എന്നെ എന്റെ കെട്ടിയോന്‍ എങ്ങനെയാ സഹിക്കുന്നത്? പിന്നെ ഈ പറയുന്ന ചേച്ചിയെ നിങ്ങടെ കെട്ടിയോന്‍ സഹിക്കുന്നില്ലേ? നമ്മളെ സഹിക്കുന്നതല്ലാതെ നമ്മടെ രണ്ടുപേരുടെയും കെട്ടിയോന്മാര്‍ നമ്മടെ കുറ്റം വേറെ വല്ലോരോടും പറയുന്നതായി നമ്മള്‍ കേട്ടിട്ടുണ്ടോ? അതുപോലെ ടോമിയും സിമിയെ അങ്ങു സഹിച്ചോളുമെന്നെ.

2.    എടീ പെണ്ണേ, ടീവി ഓഫ്‌ ചെയ്തിട്ടു പോയി പഠിക്കടീ. പരീക്ഷയ്ക്കു തോക്കാനാണെങ്കില്‍ ഞാന്‍ നിന്നെ കെട്ടിച്ചുവിടും, ഓർത്തോ.

3.    എടാ നീ ഇങ്ങനെ കല്യാണം കഴിക്കാതെ ഇവിടെ നിന്നാല്‍ നിന്റെ ഇളയവന്റെ ഭാവി എന്താവും? അവനൊരു നല്ല കല്യാണം നടക്കണമെങ്കില്‍ നീ ഇങ്ങനെ കെട്ടാതെ നിന്നാല്‍ പറ്റുമോ?

4.    അമ്മ മകളോട്: അങ്ങേരെ കല്യാണം കഴിച്ചതോടെ എന്റെ  ജീവിതം നരകമായി. എടീ പെണ്ണേ നീയെന്നാ എല്ലാ ആലോചനകളും ഇങ്ങനെ വേണ്ടാന്നു പറയുന്നേ. നാട്ടുകാരോട് ഉത്തരം പറഞ്ഞു ഞാന്‍ മടുത്തു.

വിവാഹമെന്നാല്‍ വലിയ ശിക്ഷയാണെന്നും, കല്യാണത്തോടെ ജീവിതം ദുരിതമാകുമെന്നുമുള്ള സന്ദേശങ്ങള്‍ പലപ്പോഴും നമ്മുടെ വീടുകളില്‍ നിന്നും കിട്ടാറുണ്ട്. അയ്യോ, ഈ മനുഷ്യനെ/ ഈ സ്ത്രീയെ കല്യാണം കഴിക്കേണ്ടിയിരുന്നില്ല. എന്റെ  ജീവിതം ഇങ്ങനെയായല്ലോ എന്നു വിലപിക്കുമ്പോള്‍ അയ്യോ ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതം കൈവിട്ടുപോകാതെ നോക്കേണ്ടത് ഞങ്ങളുടെ രണ്ടുപേരുടെയും ഉത്തരവാദിത്വമാണ് എന്നു ചിന്തിക്കാന്‍ എല്ലാ ഭാര്യാ ഭർത്താക്കന്മാർക്കും കഴിഞ്ഞാല്‍ ജീവിതം അങ്ങനെ ഇല്ലാതെയായി പോകുന്ന അവസ്ഥ ഒഴിവാക്കാം. വീട്ടുകാരുടെ നിർബന്ധത്തിനോ, നാട്ടുകാരുടെ ചോദ്യം കേൾക്കണമെന്നൊക്കെ കരുതിയോ കല്യാണം കഴിച്ചേക്കാം എന്നു തീരുമാനിക്കുമ്പോഴാണ് പ്രശ്നം.

വിവാഹത്തിന് ശേഷം ഉറപ്പായും അഡ്ജസ്റ്റ്മെന്റ് ആവശ്യമായി വരും. അതിനർത്ഥം പിന്നെ സുഹൃത്തുക്കള്‍ ഇല്ലാതെയാകുന്നു, ജീവിതം തകിടംമറിയുന്നു എന്നല്ല. കുടുംബത്തിനായി കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരും എന്നതിനാല്‍ അതുവരെ സുഹൃത്തുക്കൾക്ക്  ഒപ്പംസമയം ചിലവഴിച്ചിരുന്ന ഒരാൾക്ക് ‌ പിന്നീടതിനു പഴയതുപോലെകഴിഞ്ഞെന്നു വരില്ല.

ഇങ്ങനെ വിവാഹശേഷം ജീവിതത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ അംഗീകരിക്കാന്‍ മനസ്സു കാണിക്കാതെ വരുന്ന അവസ്ഥ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. “ഞാന് പണ്ടെ ഇങ്ങനെയാണ്, ഇനിയങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും”- ഈ രീതിയില്‍ വിട്ടുവീഴ്ചയില്ലാത്ത മനോഭാവം വിവാഹ മോചനത്തിലേക്ക് നയിക്കുന്ന പല കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.

പല ഭാര്യാഭർത്താക്കന്മാരും പ്രശ്നപരിഹാരത്തിനായി സൈക്കോളജിസ്റ്റിനെ സമീപിക്കുമ്പോള്‍ ചോദിക്കാറുള്ള ഒരു ചോദ്യമാണ്- “അദ്ദേഹം/ അവള്‍ എന്താ ഇങ്ങനെ?” ഈ ചോദ്യം പരസ്പരം അവര്‍ ഒരിക്കല്‍ പോലും ചോദിക്കുകയോ ക്ഷമയോടെ അതിനുള്ള ഉത്തരം കേൾക്കുകയോ ചെയ്തിട്ടില്ല എന്നതാണ് അവര്‍ നേരിടുന്ന പ്രശ്നത്തിന്റെ പ്രധാന കാരണം.

 ഇവര്‍ രണ്ടുപേരും ഒരുമിച്ച് ജീവിതം സമാധാനമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണം. രണ്ടുപേരും അവരുടെ ശൈലിയിൽ മാറ്റം വരുത്താന്‍ തയ്യാറാകണം. അല്ലാതെ മറ്റാർക്കോ വേണ്ടിയാണ് ഞാന്‍ കല്യാണം കഴിച്ചതെന്നു പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാതെ ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല എന്നതിന്റെ ലക്ഷണങ്ങള്‍... 

1. ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള പല പ്രശ്നങ്ങളും മറ്റൊരാള്‍ ഇടപെടാതെ അവർക്ക് തന്നെ പരിഹരിക്കാന്‍ കഴിയും. എന്നാല്‍ ബന്ധുക്കളും സുഹൃത്തുക്കളും അവര്‍ തമ്മില്‍ കാര്യമായ എന്തോ പ്രശ്നമുണ്ട് എന്നു മനസ്സിലാക്കി അവരെ കൂടുതല്‍ ശ്രദ്ധിക്കുന്ന അവസ്ഥ വരുന്നെങ്കില്‍ അതു പ്രശ്നം ​ഗൗരവമാണ് എന്നതാണ് കാണിക്കുന്നത്.

2.    പണ്ടെങ്ങനെ ആയിരുന്നു ഇപ്പോള്‍ എങ്ങനെയാണ് എന്നു താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസം തോന്നുക. നല്ലൊരു ശതമാനം ആളുകള്‍ ഇതിനുത്തരമായി പണ്ടും ഇപ്പോഴും ഒരേപോലെ, ഒരു സന്തോഷവും ഇല്ല എന്നും പറഞ്ഞെന്നു വരാം.

3.    അമ്മയും അച്ഛനും തമ്മില്‍ ഉള്ള വഴക്കുകള്‍ കണ്ടുവളരുന്ന കുട്ടികളെ അതു ദോഷകരമായി ബാധിക്കും. അച്ഛന്‍ അമ്മയെ തല്ലുന്നത് കാണുന്ന കുട്ടി സ്കൂളില്‍ മറ്റു കുട്ടികളെ ഉപദ്രവിക്കാനുള്ള പ്രവണത കാണിച്ചു തുടങ്ങും.

4.    മദ്യം, മയക്കുമരുന്ന്‍, അശ്ലീല ചിത്രങ്ങള്‍ എന്നിവയോടുള്ള അടിമത്വം കുടുംബജീവിതത്തെ ദോഷകരമായി ബാധിക്കുന്ന അവസ്ഥ.
 
5.    പങ്കാളിയില്‍ നിന്നും ശാരീരിക ഉപദ്രവം, കൊന്നുകളയും എന്നുള്ള ഭീഷണി നിലനില്ക്കും.
ചില ആളുകള്‍ പറയും “എന്റെ കുടുംബ പ്രശ്നം പരിഹരിക്കാന്‍ എനിക്കറിയാം. ഇതൊന്നും പണ്ടു കാലത്ത് ഒന്നും ഇല്ലാത്തതല്ലല്ലോ. പണ്ടൊക്കെ ആളുകള്‍ എങ്ങനെയാ അപ്പോള്‍ ജീവിച്ചത്”. ഇതു പറയുമ്പോഴും പ്രശ്നങ്ങള്‍ അദ്ദേഹത്തിന് പരിഹരിക്കാവുന്നതലത്തിനും അപ്പുറംഎത്തിയിട്ടുണ്ടാവും.

ചിലപ്പോള്‍ ഭാര്യയോ ഭർത്താവിനോ വിഷാദരോഗം, ആത്മഹത്യാപ്രവണത,സംശയരോഗം എന്നീ അവസ്ഥകള്‍ നേരിടുന്നുണ്ടാവും. അങ്ങനെയെങ്കില്‍ അവ ചികിത്സയിലൂടെ പരിഹരിക്കേണ്ടതാണ് എന്ന തിരിച്ചറിവ് അവിടെ ആവശ്യമായി വരും. അത് അംഗീകരിക്കാന്‍ മനസ്സു കാണിക്കുമ്പോള്‍ ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും വരെ കാര്യങ്ങള്‍ ചെന്നെത്തുന്ന അവസ്ഥ ഒഴിവാക്കാന്‍ കഴിയും.