ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ ഒരു ചിമ്പാൻസിയെ  സൈക്കിൾ ചവിട്ടിച്ച് സാനിറ്റൈസർ തളിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബാങ്കോക്കിനു സമീപമുള്ള സാമുത്പ്രകാൺ ക്രൊക്കഡൈൽ ഫാം ആൻഡ് സൂ ആണ് ഈ ക്രൂരതയ്ക്ക് പിന്നില്‍. ടാങ്കുകളിൽ നിറച്ച സാനിറ്റൈസർ സൈക്കിളിൽ ഘടിപ്പിച്ച് മൃഗശാലയിലാകെ തളിക്കുന്നതിന് വേണ്ടിയിട്ടാണ് ചിമ്പാന്‍സിയെ ഉപയോഗിച്ചത്.

സര്‍ജിക്കല്‍ ഫേസ് മാസ്ക്ക് ധരിപ്പിച്ചാണ് ചിമ്പാന്‍സിയെ കൊണ്ട് മൃഗശാല അധികൃതര്‍ സാനിറ്റൈസർ തളിപ്പിച്ചത്.  മനുഷ്യരെ പോലെ ടീഷര്‍ട്ടും ഷോര്‍ട്സും ചിമ്പാന്‍സി ധരിച്ചിരുന്നു. തടികഷ്ണവുമായി ബന്ധിപ്പിച്ച ചങ്ങലയും വഹിച്ചുകൊണ്ട് ഒരാൾ ചിമ്പാൻസിയുടെ സൈക്കിളിന് ഒപ്പം നടക്കുന്നതും വീഡിയോയില്‍ കാണാം. 

 

 

ഇടയ്ക്ക് ബാലൻസ് നഷ്ടപ്പെട്ട് സൈക്കിൾ ചവിട്ടാൻ ചിമ്പാൻസി ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നിട്ടും സൈക്കിൾ ചവിട്ടി നീങ്ങാൻ ഒപ്പം ഉള്ളയാൾ ചിമ്പാൻസിയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഈ കൊവിഡ് കാലത്തും മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് ഒരു മാറ്റവുമില്ലേ എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം എന്നാണ് 'ദ സണ്‍ ' റിപ്പോര്‍ട്ട് ചെയ്യുന്നത്.