Asianet News MalayalamAsianet News Malayalam

ട്രിഗര്‍

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് കിരണ്‍ ഏലിയാസ് എഴുതിയ കഥ
 

chilla malayalam poem by kiran alias
Author
Thiruvananthapuram, First Published Jul 24, 2021, 7:47 PM IST
  • Facebook
  • Twitter
  • Whatsapp

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla malayalam poem by kiran alias

 

സമരത്തിന്റെ നൂറാം ദിവസമാണ് ഇന്ന്, വിഷം ശ്വസിക്കാതിരിക്കാന്‍ ഒരു ജനത നടത്തുന്ന സമരത്തിന്റെ നൂറാം ദിവസം. ഇത്രയും പ്രതിഷേധം സര്‍ക്കാരിനു അടുത്ത വര്‍ഷങ്ങളിലൊന്നും നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ടു തന്നെ എല്ലാപ്രതിഷേധങ്ങളെയും തടയാനുള്ള സജജീകരണങ്ങള്‍ തയ്യാറായിരുന്നു. 

അധികാരത്തില്‍ എത്തി നൂറാമത്തെ ദിവസം ഖജനാവിലെ പണംകൊണ്ട് നാടുമുഴുവന്‍ ആഘോഷിച്ച സര്‍ക്കാരിനു ഈ നൂറാം ദിവസത്തിന്റെ പ്രധാന്യം അറിയാമായിരുന്നു.

പ്രതിഷേധങ്ങള്‍ക്കു രണ്ട് പതിറ്റാണ്ടിന്റെ കഥയുണ്ട്, സഹനശക്തിയുടെ അവസാന പരിധിയും കഴിഞ്ഞപ്പോഴാണ് ശക്തമായ സമരത്തിനു തുടക്കമായത്. ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒഴിച്ച് ബാക്കിയെല്ലാ പാര്‍ട്ടികളും സമരത്തിനു കൂടെനിന്നു, ഭാവിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വരെ ദിവസവും സമരക്കാര്‍ക്ക് അനുകൂലമായി രംഗത്ത് വന്നുകൊണ്ടിരുന്നു.

നഗരത്തിന്റെ പലയിടത്തും ബാരിക്കേഡുക്കള്‍ നിരന്നുകഴിഞ്ഞു. 

പോലീസ് വാഹനങ്ങള്‍ നഗരത്തിലൂടെ സദാസമയവും നിരീക്ഷണ ഓട്ടത്തിലാണ്. ജില്ലാ ഭരണകൂടം ആളുകള്‍ സംഘം ചേരാതെയിരിക്കാന്‍ നിരോധനയജ്ഞ പുറപ്പെടുവിച്ചിരുന്നു. നഗരത്തിന്റെ ഹൃദയഭാഗത്തു പോലീസ് ബസുകള്‍ നിരത്തിയിട്ടിരിക്കുന്നു. എന്ത് സാഹചര്യവും നേരിടാന്‍ ഉള്ള അത്രയും സന്നാഹവുമായാണ് പോലീസ് ഒരുങ്ങിനിന്നത്.


ശ്രീകുമാറും ഒരു ബസിനുള്ളില്‍ തയ്യാറായിരുന്നു. 

അല്‍പ്പം പരിഭ്രമത്തിലായിരുന്നു അയാള്‍, നേരിടാന്‍ പോകുന്ന പ്രതിഷേധത്തെ ഓര്‍ത്തായിരുന്നു അത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളില്‍ രണ്ടായിരത്തിലധികം ആളുകള്‍ ആണ് പ്രതിഷേധത്തിനു ഇറങ്ങുന്നത്. 


ജനത്തിന്റെ വലിയൊരു കൂട്ടം മുദ്രവാക്യങ്ങള്‍ ഉയര്‍ത്തികൊണ്ട് നഗരഹൃദയത്തിലേക്കു നടന്നുനീങ്ങിക്കൊണ്ടിരുന്നു. ലാത്തിയുമായി പോലീസ് നിരത്തിവെച്ച ബാരിക്കേഡുക്കള്‍ക്കിപ്പുറം സജ്ജമായി അണിനിരന്നു.

'ശ്വസിക്കാന്‍ അല്പം ഓക്‌സിജന്‍
കുടിക്കാന്‍ അല്പം വെള്ളം'

പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ടു ഒരു ജനസാഗരം അവിടെയെത്തി.

ജില്ലാ പോലീസ് മേധാവി മൈക്കിലൂടെ കൂടിനില്‍ക്കുന്ന എല്ലാവരോടും പിരിഞ്ഞു പോകുവാന്‍ നിര്‍ദ്ദേശിച്ചു .
പുറകോട്ടു നീങ്ങുമെന്ന് കരുതിയ ജനക്കൂട്ടം ബാരിക്കേഡുക്കള്‍ തള്ളി മുന്നോട്ടു നീങ്ങാന്‍ തുടങ്ങി. പോലീസ് ശക്തമായി പ്രതിരോധം തീര്‍ത്തു. അടിയന്തര സുരക്ഷസാഹചര്യം മുന്നില്‍ കരുതി ശ്രീകുമാര്‍ അടങ്ങുന്ന പോലീസുകാര്‍ തോക്കുകളുമായി അണിനിരന്നു.

പോലീസ് ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ ജനത്തിനു നേരെ എറിഞ്ഞു. പ്രതിഷേധം ഒന്ന് പുറകോട്ട് അയഞ്ഞു, പെട്ടെന്നു  പോലീസുകാര്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലുകള്‍ പതിച്ചു ഉടനടി പോലീസ് ലാത്തിച്ചാര്‍ജ് തുടങ്ങി.

ശ്രീകുമാര്‍ അടങ്ങുന്ന തോക്കേന്തിയ പോലീസുകാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. 

ചെറിയൊരു ഭയം ശ്രീകുമാറിന്റെ ഉള്ളില്‍ ഉണ്ടായി, ജനം പിന്മാറുന്നില്ല ശക്തമായ പ്രതിഷേധം നേരിടേണ്ടി വന്നിട്ടും ഇനിയും ഇതുപോലെ തുടര്‍ന്നാല്‍ ഒരുപക്ഷെ...

ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍ക്കേണ്ട ഞങ്ങള്‍ അവരുടെ ജീവനെടുക്കുകയാണോ? ശ്രീകുമാര്‍ ചോദ്യം അയാളുടെ ഉള്ളില്‍തന്നെ ഉത്തരത്തിനായി സമര്‍പ്പിച്ചു. അയാള്‍ അത് മറ്റാരുമായും പങ്കുവെക്കാന്‍ ശ്രമിച്ചില്ല. മനസ്സിന്റെ ഉള്ളില്‍ തന്നെ സൂക്ഷിക്കേണ്ട ചിന്തക്കളാണ് അതെന്നു അയാള്‍ക്കറിയാമായിരുന്നു.

നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു കൃത്യനിര്‍വഹണം നടത്തുക -അതാണ് തന്റെ ചുമതല. ഈ കൂട്ടത്തില്‍ നിന്ന് ദേശവിരുദ്ധരെ എങ്ങനെ തിരിച്ചറിയും. ഒരു നിരപരാധിയുടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ താന്‍ ചെയ്യുന്നത് കൊലപാതകമായിരിക്കും.

പെട്ടെന്നു നിര്‍ത്തിയിട്ട പോലീസ് ജീപ്പ് തീയില്‍ അമര്‍ന്നു, സംഘര്‍ഷം പെരുകി. ഓരോ സെക്കന്റുകളും ശ്രീകുമാറിനു ദൈര്‍ഘ്യമേറിയതായി അനുഭവപ്പെട്ടു. അയാളുടെ മുഖവും ശരീരവും എല്ലാ ആകുലതകളും മറക്കുന്നുണ്ടായിരുന്നു. തന്റെ കൂടെയുള്ള തോക്കേന്തിയ സഹപ്രവര്‍ത്തകരെ അയാള്‍ ഒന്ന് നോക്കി, അവരും തന്നെപോലെ നില്‍ക്കുന്നു. ചിലപ്പോള്‍ തന്നെപോലെ ചിന്തകളുടെ ഭാരം പുറത്തുകാട്ടാതെയാവും നില്‍ക്കുന്നത്.

നെഞ്ചിടിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു അത്. കളക്ടര്‍ അക്രമാസക്തരായ ജനത്തിനു നേരെ വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ടു. ശ്രീകുമാര്‍ ജനത്തിനു നേരെ തോക്കുപിടിച്ചു ഉന്നം നോക്കി. അയാള്‍ അവിടെ അക്രമാസക്തരായ ജനത്തെയല്ല തിരിഞ്ഞു ഓടുന്ന ജനത്തെയാണ് കണ്ടത്. ഉത്തരവിടാനുള്ള അധികാരം തങ്ങള്‍ക്കില്ലെങ്കിലും നടപ്പാക്കേണ്ടത് ഞങ്ങളാണ്.

ഈ ട്രിഗര്‍ അമര്‍ത്താതെ ഇരിക്കാന്‍ സാധിച്ചെങ്കില്‍...

രാജ്യത്തിന്റെ നിയമം അനുസരിക്കുക അതാണ് നിയമപാലകന്റെ ചുമതല, അല്ലെങ്കില്‍ താനാകും ദേശവിരുദ്ധന്‍. താനിത് ചെയ്താല്‍ നിയമപാലനമായേ കാണു അല്ലെങ്കില്‍ എതന്നയും പ്രതിഷേധക്കാരനായി കാണും.

അയാള്‍ ട്രിഗര്‍ വിരലിനുള്ളില്‍ അടക്കി. ഈ ട്രിഗര്‍ അമര്‍ത്താതെ ഇരുന്നെങ്കില്‍ എന്ന് ഒന്നുകൂടെ ആത്മഗതം പറഞ്ഞു. സ്വതന്ത്രഇച്ഛ എന്നത് ഒരു മായയാണെന്നു ശ്രീകുമാര്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. 

നിമിഷങ്ങള്‍ക്കകം മാറി മാറി ട്രിഗര്‍ അമര്‍ത്തപ്പെട്ടു.

Follow Us:
Download App:
  • android
  • ios