Asianet News MalayalamAsianet News Malayalam

Malayalam Short Story : സങ്കടദ്വീപ്, അമല്‍ ഫെര്‍മിസ് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.അമല്‍ ഫെര്‍മിസ് എഴുതിയ ചെറുകഥ

 

chilla malayalam short story by Amal Fermis
Author
Thiruvananthapuram, First Published May 9, 2022, 6:03 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Amal Fermis

 

ഇന്നലെ രാവെളുക്കുവോളം ഉറങ്ങിയിട്ടില്ല. 

ശീതീകരണിയുടെ ശബ്ദവും തണുപ്പുമെന്നെ അസ്വസ്ഥയാക്കി. ഇപ്പോള്‍ തലവേദന കടുത്തിരിക്കുന്നു. ഉടല്‍പ്പെരുക്കങ്ങളില്‍ പെട്ട് ശരീരം തളരുന്നു. തൊട്ടപ്പുറത്തെ കട്ടിലില്‍ കിടക്കുന്ന ഫിലിപ്പീനി ജോവിയും, മുകളിലത്തെ കട്ടിലില്‍ ഉറങ്ങുന്ന കേരളക്കാരി ഉഷയും എഴുന്നേറ്റ് പുറത്തെ ശുചിമുറിക്ക് മുന്നില്‍ ഊഴം കാത്തു നില്‍ക്കുന്നുണ്ട്. അകത്ത് ഇന്തോനേഷ്യക്കാരി അനീസയായിരിക്കും. വാഷിങ്ങ് മെഷീന്റെ മുരള്‍ച്ച പാതാളത്തില്‍ നിന്നെന്ന പോലെ കേള്‍ക്കുന്നു. 

ഒരു വേള ഞാന്‍ നാട്ടിലെ, വീട്ടില്‍ കടലിന്റെ ഇരമ്പവും കേട്ടു കിടക്കുകയാണോന്ന് തോന്നി. നാലു മണിയായിരിക്കുന്നു. ഇനിയും കിടന്നാല്‍ നാലരക്ക് സ്‌കൂളിലെ ബസ് വന്നാല്‍ കയറി പോവാനൊക്കില്ല.

'ഫാഇദാ കുളിക്കവേണ്ടാ?' ഉഷയാണ്. അവള്‍ മാത്രം എന്നോട് ഇംഗ്ലീഷിനു പകരം തമിഴില്‍ സംസാരിക്കും. അവള്‍ കേരളാവില്‍ തമിഴ്‌നാടിന് അടുത്തുള്ളൊരു ഗ്രാമത്തിലാണ്. 

വീണ്ടും വീണ്ടും നാടിനെ കുറിച്ചുള്ള ഓര്‍മ്മകളിലേക്ക് എടുത്തെറിയപ്പെടുകയാണല്ലോ! വയ്യ. ഇനിയും ഓര്‍മ്മകളില്‍ സ്വയം നഷ്ടപ്പെട്ടിരുന്നാല്‍ ബസ് പോവും. ഒരു ദിവസത്തെ അവധി എടുത്താല്‍ സൂപ്പര്‍വൈസര്‍ അറബി, ഹിഷാമിന്റെ സ്വതവേ ചുവന്ന മൂക്കൊന്നു കൂടി ചുവക്കും. കണ്ണട താഴ്ത്തിവെച്ചയാള്‍ തുറിച്ചു നോക്കും. ആ നോട്ടത്തിന്റെ അര്‍ത്ഥം അയാള്‍ പറയാതെ തന്നെ എനിക്കറിയാം. വിസയില്‍ 'EXIT ' അടിച്ച് കയറ്റി വിടണോന്നുള്ള ചുട്ടുപൊള്ളുന്ന നോട്ടം. 

നാട്ടില്‍ തിരിച്ചു ചെന്നാല്‍ എന്തു ചെയ്യുമെന്ന ചിന്തയില്‍ ഞാന്‍ തലവേദനയെ വക വെക്കാതെ ചാടിയെണീറ്റു.

ഇന്നലെ വൈകുന്നേരം ഇനോഷ് മിസ് കാളടിച്ചിരുന്നു. ഫോണിന്റെ സ്‌ക്രീനില്‍ അവന്റെ മോന്റെ ചിരിക്കുന്ന മുഖം തെളിയുമ്പോഴൊക്കെ എന്റെ നെഞ്ചില്‍ വാത്സല്യത്തിന്റെ കടലലകള്‍ വന്ന് നിറയും. ഇനോഷിന്റെ കല്യാണത്തിന് ഞാനുണ്ടായില്ല നാട്ടില്‍. 

ആകെയുള്ളൊരു മോനാണ് അവന്റെ കല്യാണത്തിനെങ്കിലും നാട്ടില്‍ പോവണമെന്ന് വലിയ മോഹമായിരുന്നു. വലീമയുടെ അന്ന്, ഇനോഷിന്റെ ഭാര്യയെ കൈ പിടിച്ച് വീട്ടിലേക്ക് കയറ്റാന്‍ ഉള്ളതില്‍ മുന്തിയ സാരിയുടുത്ത് പൂമുഖത്ത് തന്നെ താന്‍ നില്‍ക്കുന്നത് എത്ര സ്വപ്നം കണ്ടു. വാപ്പ ഇല്ലാതിരുന്നിട്ടും, ഒറ്റപ്പെട്ടിട്ടും കടല്‍ കടന്ന് പോരേണ്ടി വന്നിട്ടും ഞാനെന്റെ മകനെ, സ്‌നേഹാടയാളങ്ങളാല്‍ അല്ലലേതുമറിയിക്കാതെ വളര്‍ത്തി വലുതാക്കിയ വിവരം നാട്ടുകാരോട് പറയാതെ പറഞ്ഞു കൊണ്ട് അഭിമാനത്തോടെ തലയുയര്‍ത്തി പിടിച്ച് നില്‍ക്കണമെന്ന് കൊതിച്ചു.

അക മഹര്‍* കൊടുക്കാനുള്ളത് അയച്ചു തന്നാല്‍ മതി, ഉമ്മ വെറുതെ പണം ചിലവാക്കി നാട്ടിലേക്ക് വരണ്ടാന്ന് ഇനോഷ് പറഞ്ഞപ്പോള്‍ നെഞ്ച് കനത്തു. 'അവന്‍ പറഞ്ഞതും കാര്യമല്ലേ, ഇവിടെ ഞങ്ങളൊക്കെയില്ലേ നിനക്കു പകരം, കാശയച്ചാല്‍ മതി' കാക്കയും ദാത്തയും അതു തന്നെ ആവര്‍ത്തിച്ചപ്പോള്‍ നാട്ടില്‍ പോവണമെന്ന അദമ്യമായ മോഹം മനസ്സില്‍ പൂഴ്ത്തിവെച്ചു. 

ഉഷ മാത്രം അന്നു മുഴുവന്‍ എന്റെ കൈകള്‍ ചേര്‍ത്തു പിടിച്ച് കൂടെയിരുന്നു. ബംഗാളിയായ ബാസന്തി സുലൈമാനി ഉണ്ടാക്കി തന്നും ഹിഷാമിനെ കുറിച്ചുള്ള തമാശ കഥകള്‍ പറഞ്ഞും എന്നെ ചിരിപ്പിച്ചു. അല്ലെങ്കിലും ഒരു പ്രവാസിയോളം മറ്റൊരു പ്രവാസിയുടെ നെഞ്ചിന്റെ ഉരുക്കമറിയുന്ന മറ്റാരുണ്ട്. പക്ഷേ നാട്ടില്‍ പോവാത്തതിനേക്കാള്‍ എന്നെ വേദനിപ്പിച്ചത്, കല്യാണം പറയാന്‍ വാപ്പയെ കണ്ടുപിടിക്കാന്‍ വല്ല വഴിയുമുണ്ടോന്ന് ഇനോഷ് ചോദിച്ചപ്പോഴാണ്. കല്യാണത്തിന് വാപ്പ പങ്കെടുക്കണമെന്ന് അവന്‍ കൊതിക്കുന്നുണ്ടത്രേ! 

ദ്വീപില്‍ എവിടെയാവും അയാള്‍? മൂര്‍ മുസ്ലിങ്ങള്‍ പാര്‍ക്കുന്നയിടങ്ങളിലൊക്കെ അയാളെ തിരഞ്ഞു നടന്നത്രേ അവന്‍. 

ഇത്തിരി പോന്ന ദ്വീപില്‍ ഒരാളെ കണ്ടു പിടിക്കാനാണോ പാട്! മനുഷ്യമനസ്സിന്റെ നിഗൂഢതകളെക്കറിച്ചോര്‍ത്തപ്പോള്‍ ഒരു വേള ഞാന്‍ നിശ്ശബ്ദയായി. ഇന്നോളം ഞാന്‍ നോക്കിയിട്ടും കിട്ടാത്തതാ ഇപ്പോള്‍ അവന്‍!

അവന്റെ കുഞ്ഞിന് അഞ്ചു വയസ്സായിരിക്കുന്നു. ഇനോഷിന്റെ കല്യാണ ചിലവിനു വേണ്ടിയെടുത്ത ലോണടച്ച് കഴിയുമ്പോഴേക്കും അവനു കുഞ്ഞുണ്ടാവാന്‍ പോവുന്നുവെന്ന വിവരം. പ്രസവ ചിലവിനും കുഞ്ഞിന് സ്വര്‍ണ്ണമെടുക്കാനും വീണ്ടും ലോണ്‍. ഉഷയും ജോവിയും ദേഷ്യപ്പെട്ടും സ്‌നേഹത്തോടെയുമൊക്കെ പറഞ്ഞു. 'ഇനിയും ലോണെടുക്കല്ലേ, ഫാഇദ നിനക്ക് നാട്ടില്‍ പോവണ്ടേ'

ഞാനെന്റെ നിസ്സഹായാവസ്ഥ ആരോടു പറയാന്‍. നാട്ടില്‍ ടുക് ടുക്* ഓടിക്കുന്ന ഇനോഷിന്റെ കയ്യില്‍ എന്തു നീക്കിയിരിപ്പുണ്ടാവാന്‍! മാസാമാസം ഞാനയക്കുന്ന കാശില്‍ നിന്നാണവന്‍ ടുക് ടുകിന്റെ വായ്പ അടച്ചു വീട്ടുന്നത്. ഓരോ തവണ നാട്ടിലേക്ക് വിളിക്കുമ്പോഴും അവന്റെ സങ്കടങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരായിരം സങ്കടത്തിരകള്‍ എന്റെയുള്ളിലും ആര്‍ത്തലക്കും.

'വര്‍ഷം അഞ്ചെട്ടായിട്ടും അവന് ഉമ്മയെ കാണണ്ട, കല്യാണത്തിനോ വരാന്‍ പറഞ്ഞില്ല, ഒരു പേരക്കിടാവുണ്ടായിട്ട് അതിനെ കാണാന്‍ ചെല്ലാന്‍ പറഞ്ഞില്ല. ചെറുപ്പത്തില്‍ ഇട്ടിട്ടുപോയ വാപ്പാനെ കല്യാണത്തിന് കൂട്ടാന്‍ അവനെന്തൊരാവേശമായിരുന്നു. ഉമ്മ വെറും കറവപ്പശു. അവനെ മാത്രം പറഞ്ഞിട്ടെന്താ കാര്യം, എത്ര പറഞ്ഞാലും മനസ്സിലാവാത്ത ഫാഇദാനെ പറഞ്ഞാല്‍ മതി' ഉഷ പിറുപിറുത്തു കൊണ്ടേയിരുന്നു.

'എന്നെ നോക്കൂ സിസ്റ്റര്‍, എന്റെ മോന്‍ കല്യാണമാണ്, കാശയക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാനവനോട് തുറന്നു പറഞ്ഞു, എന്റെ കയ്യില്‍ നിനക്കയക്കാന്‍ കാശില്ലെന്ന്. അവനെ ഞാന്‍ പഠിപ്പിച്ചു, ഒരു ജോലിയാക്കി. ഇനി അവര് ജീവിക്കട്ടെ. കാശില്ലേല്‍ കല്യാണം കഴിക്കണ്ട'

'അല്ലേലുമിപ്പോള്‍ ഇനി എന്തിനാ ഒരു കല്യാണം ജോവീ, കൊച്ചൊന്ന് ആയി കഴിഞ്ഞിട്ടാ അവന്‍ കല്യാണം കഴിക്കണമെന്ന് പറയുന്നത്, ഇതെന്ത് കൂത്ത് എന്റപ്പനേ!' ഉഷ പറഞ്ഞതു കേട്ട് ഞാനും ബാസന്തിയും അനീസയും പൊട്ടിച്ചിരിച്ചു. 

നമ്മുടെ പോലെയല്ല ഫിലിപ്പീന്‍സിലൊക്കെ പരസ്പരം ഇഷ്ടപ്പെട്ട് ജീവിച്ച് തുടങ്ങി കുഞ്ഞായാലാണ് അവരു കല്യാണത്തിനെ പറ്റിയൊക്കെ ചിന്തിക്കുക. ജോവിയുടെ മോന്‍ പഠിക്കുമ്പോള്‍ കൂടെ പഠിച്ചിരുന്ന കുട്ടിയെ പ്രേമിച്ചു, ഒരു കുട്ടിയായി. കുട്ടിക്ക് ഒരു വയസ്സായപ്പോഴാണ് അവര് കെട്ടാന്‍ തീരുമാനിച്ചത്. ജോവി തനിക്ക് കിട്ടുന്നതില്‍ നിന്നും ചെറിയൊരു പങ്കേ നാട്ടിലേക്കയക്കൂ. ബാക്കി കാശ് മുഴുവന്‍ തലാബാത്തില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തും, കാശു കരുതി വെച്ച് പുതിയ ഐഫോണ്‍ വാങ്ങിച്ചും ബ്രാന്‍ഡഡ് ഷൂസും ബാഗും ഹാന്‍ഡ് ക്രീമും സൗന്ദര്യവര്‍ധക സാമഗ്രികളും വാങ്ങിച്ച് ജീവിതം അടിപൊളിയാക്കും.

ഞാനും ഉഷയും കുബ്ബൂസും തൈരും മാത്രം കഴിച്ച് കിട്ടുന്നതെല്ലാം നാട്ടിലേക്കയക്കും. ഉഷക്കും നാട്ടില്‍ അവളെ കാത്തൊരു കുടുംബമുണ്ട്. പക്ഷേ ഉഷയെ ജീവനു തുല്യം സ്‌നേഹിക്കുന്നുണ്ട്, ഉഷയുടെ മോള്‍. അമ്മ എല്ലാം അവസാനിപ്പിച്ച് വരൂന്ന് നിരന്തരം നിര്‍ബന്ധിക്കും അവളുടെ മോള്‍. ഒരു വേള ഇനോഷിനു പകരം ഒരു മവളായിരുന്നെങ്കില്‍* എന്നെയും ഇതുപോലെ ചേര്‍ത്തു പിടിക്കുമായിരുന്നില്ലേന്ന് ഞാനോര്‍ക്കും. ഇന്നലെയും ഇനോഷ് വിളിച്ചത് കാശിനു വേണ്ടിയായിരുന്നു.  ഊരിലാകെ പ്രശ്‌നങ്ങളാണ്. ടുക് ടുകില്‍ എണ്ണ അടിക്കുന്നതിന് മണിക്കൂറുകളോളം വരിയില്‍ നില്‍ക്കണം - എണ്ണ വില കുതിച്ചു കയറുകയാണ്. കരിഞ്ചന്തയില്‍ വാങ്ങണമെങ്കില്‍ അതിലുമെത്രയോ ഇരട്ടി കൊടുക്കണം.

കോവിഡിനു ശേഷം ലങ്ക കാണാന്‍ അങ്ങനെ വിദേശികളൊന്നും വരുന്നില്ല. അല്ലെങ്കില്‍ തന്നെ എന്തു വിശ്വസിച്ചാ അവര്‍ വരിക. ഗവണ്‍മെന്റിനെതിരെ എന്നും റോഡ് ഉപരോധവും പിക്കറ്റിങ്ങുമാണ്. പന്ത്രണ്ടും പതിമൂന്നും മണിക്കൂറാണ് ഇരുട്ടില്‍ ഇരിക്കേണ്ടത്. നശിച്ച പവര്‍ക്കട്ട്. 

ഇന്നലെ ഒരു ടൂറിസ്റ്റിനേയും കൂട്ടി ബെരുവാലയിലെ കെച്ചി മലൈ പള്ളിയിലേക്ക് പോയതാണവന്‍. ശ്രീലങ്കയിലെ ആദ്യത്തെ മുസ്ലിം പള്ളി കാണിക്കാന്‍. അവിടെ വെച്ച് വണ്ടിയിലെ എണ്ണ കഴിഞ്ഞിരിക്കുന്നു. വണ്ടി ഉന്തി വരുമ്പോള്‍ കയറ്റത്ത് നിന്നും താഴേക്കു വണ്ടി മറിഞ്ഞു. വണ്ടിക്ക് സാരമായ കേടുപാടുണ്ട്. അതു നന്നാക്കാനുള്ള കാശ് ചോദിച്ചാണവന്‍ വിളിച്ചത്. സങ്കടം കൊണ്ട് ഞാനെന്തൊക്കെയാണ് പറഞ്ഞതെന്നോര്‍മ്മയില്ല. ഈ മാസത്തെ അവസാനത്തെ റിയാലും അയച്ചു കഴിഞ്ഞതാ, ഇനി എന്തെടുത്തയക്കാന്‍!

സ്‌കൂളിലേക്കുള്ള യാത്രയില്‍ ഞാന്‍ നിശ്ശബ്ദം പുറത്തേക്ക് നോക്കിയിരുന്നു. വെയില്‍ വഴികളില്‍ ജലരൂപിയായെന്തോ മരീചിക സൃഷ്ടിച്ചു. വണ്ടിയില്‍ ഉള്ളവരിലധികവും സ്‌കൂളിലെ ശുചീകരണ തൊഴിലാളികളും ഗാര്‍ഡുകളുമാണ്. എണ്ണി ചുട്ട ശമ്പളത്തില്‍ ജോലിയെടുക്കുന്നവര്‍. ആഫ്രിക്കന്‍ വംശജരും, ഫിലിപ്പീനിയും ഇന്തോനേഷ്യക്കാരും ബംഗാളിയും ഇന്ത്യക്കാരും ശ്രീലങ്കക്കാരും പട്ടാണിയുമൊക്കെയുണ്ട്. ലോകത്തിലെ ദരിദ്ര രാജ്യങ്ങളെ പ്രതിനിധീകരിച്ച് കൊണ്ടൊരു വണ്ടി. ഒരായിരം കുടുംബ പ്രശ്‌നങ്ങള്‍ ഹൃദയത്തിലൊളിപ്പിച്ച് ഈ നാട്ടിലെത്തിയവര്‍. എല്ലാവരുടേയും പ്രശ്‌നം പണമാണ്. ജീവിതത്തിന്റെ കെട്ടുപാടുകളില്‍ പെട്ട്, കുടുംബത്തെ നാട്ടില്‍ ഉപേക്ഷിച്ച് ഇവിടെ കുടുങ്ങിക്കിടക്കുന്നവര്‍. ഓരോ മാസവും വിവിധ കറന്‍സികളിലേക്ക് മാറ്റപ്പെടുന്ന റിയാലുകള്‍. അതിനു വേണ്ടിയുള്ള അലച്ചിലുകള്‍, അവഹേളനങ്ങള്‍, അപമാനങ്ങള്‍.

കണ്ണടച്ചിരിക്കുമ്പോള്‍ ശ്രീപദായയിലെ എന്റെ കുഞ്ഞു വീടും കോടമഞ്ഞിറങ്ങുന്ന മലനിരകളും അതിനിടയിലൂടുള്ള വളഞ്ഞുപുളഞ്ഞ വഴികളും കണ്ണില്‍ തെളിഞ്ഞു. തൊട്ടടുത്ത കടലില്‍ മുത്തുകള്‍ വാരാന്‍ പോയിരുന്ന കുട്ടിക്കാലം. പെട്ടെന്നൊരു നാള്‍ അഭയാര്‍ത്ഥിയായി സിംഹള മൂര്‍ വംശജരൊക്കെ വീട് നഷ്ടപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിപ്പെട്ടത്! എന്നും വംശീയ പ്രശ്‌നങ്ങളില്‍ കിടന്ന് ഉഴറിയിരുന്നത്. അതിന്നിടയില്‍ മറ്റുള്ളവരുടെ ഇടപെടലിലൊരു കല്യാണം. കാമം തീര്‍ത്ത് ഇറങ്ങി പോയ പുരുഷന്‍ ഒരു കുഞ്ഞിനെ തന്നു. പിന്നെ അവനു വേണ്ടിയുള്ള ജീവിതം. മിഴിക്കോണിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീര് തട്ടി തെറിപ്പിച്ച് ഞാന്‍ കണ്ണു തുറന്നപ്പോള്‍ ബീപ് ബീപ് ശബ്ദം മുഴങ്ങുന്ന ഫോണ്‍ തുറന്നു.

ഇനോഷിന്റെ വോയിസ് മെസേജാണ്. പാവം ഇന്നലെ അവനും ഉറങ്ങാനായിട്ടുണ്ടാവില്ല. ഇന്നെങ്ങിനെയെങ്കിലും പണമുണ്ടാക്കി അയക്കണം. സ്‌കൂളിലെ ടീച്ചര്‍മാരോടാരോടെങ്കിലും കുറച്ചു കാശ് കടം ചോദിക്കാം. ചിലരെല്ലാം മനുഷ്യ പറ്റുള്ളവരാണ്. ഇടക്ക് അഞ്ചും പത്തുമൊക്കെ ചോദിക്കാതെ തന്നെ തരാറുണ്ട്. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പറയാറുണ്ട്. എന്റെ പ്രാര്‍ത്ഥന!

മറ്റുള്ളവര്‍ ഉണരാതിരിക്കാന്‍ ഫോണിന്റെ ശബ്ദം താഴ്ത്തി ഇനോഷിന്റെ ശബ്ദം കാതോടു ചേര്‍ത്തപ്പോള്‍ എന്തിനെന്നറിയാതെ ഉടല്‍ വിറച്ചിരുന്നു. അരൂപിയായ വിഷാദത്താല്‍ നെഞ്ച് കനത്തു. എന്തൊക്കെയോ പേരറിയാത്ത അസ്വസ്ഥതകള്‍ സങ്കട മുള്ളുകളായി ചങ്കില്‍ കുത്തി. 

'ഉമ്മാ' അവന്റെ വിളി കടല്‍ കടന്ന് എന്റെ അമ്മമുറിവുകളില്‍ പ്രകമ്പനം സൃഷ്ടിച്ച് കൊണ്ട് പെരും നോവായി ചെവിയിലേക്കൊഴുകി. ഉമിനീര്‍ വറ്റിയ വായോടെ ഞാനടുത്ത ശബ്ദത്തിന്നായി കാത്തിരുന്നു. 'ഞാനൊരു പരാജയമായിരുന്നല്ലേ, പണത്തിനു വേണ്ടി മാത്രം നിങ്ങളെ വിളിച്ചുകൊണ്ടിരുന്നവന്‍. പട്ടിണി കിടന്ന് എന്റെ കുഞ്ഞ് കരയുമ്പോഴാണുമ്മാ ഞാനിങ്ങളെ വിളിച്ചോണ്ടിരുന്നത്. സാരമില്ല! ഇനിയവന്‍ കരയില്ല. ഒരിക്കലും കരയാത്ത ഒരിടത്തേക്കവനെ പറഞ്ഞയച്ചു ഞാന്‍. വൈകാതെ ഞാനുമവളും അവനോടൊപ്പം പോവും. ഉമ്മാനെ വേദനിപ്പിച്ചെങ്കില്‍ മാപ്പ്!'

കയ്യില്‍ നിന്ന് ഫോണ്‍ ഊര്‍ന്നു വീണപ്പോഴും വിഴുങ്ങിയ കരച്ചിലോടെ ഞാനിരുന്നു, ദുര്‍വിധികള്‍ കുഴിച്ചെടുത്ത ജ്വര ബാധിതയെ പോലെ, ഒന്നു പൊട്ടിക്കരയാന്‍ പോലും ത്രാണിയില്ലാതെ! 

അക മഹര്‍ = വിവാഹത്തിന്, ഭര്‍ത്താവ് ഭാര്യക്ക് നല്‍കുന്ന വിവാഹമൂല്യം
കാക്ക = സഹോദരന്‍
ദാത്ത = സഹോദരി
ടുക്ടുക് =ശ്രീലങ്കന്‍ ഓട്ടോറിക്ഷ
മവള്‍ = മകള്‍


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios