ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   ദേവന്‍ അയ്യങ്കേരില്‍ എഴുതിയ ചെറുകഥ

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

വെള്ളായണി അപ്പു എന്റെ പട്ടിയാകുന്നു. ഇത് മനുഷ്യനും മനുഷ്യന്റെ സന്തത സഹചാരിയായ ശുനകകുലവുമായുള്ള ഊഷ്മള ബന്ധത്തിന്റെ കഥയുമാകുന്നു.

വെള്ളായണി അപ്പു എങ്ങനെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു എന്ന് ചോദിച്ചാല്‍ എനിക്ക് വ്യക്തമായ ഒരുത്തരം ഇല്ല തന്നെ. കോവിഡ് കാലത്തു വിരഹാതുരനായി വെള്ളായണി കായലോരത്തെ ഒറ്റമുറി വീട്ടില്‍ കഴിയവേ, മുയലുകളുടെ ചെവിയുള്ള, മുയലിനേക്കാള്‍ ഒരല്‍പം മാത്രം വലിപ്പമുള്ള തൂവെള്ള നിറക്കാരന്‍ പട്ടിക്കുട്ടി എന്റെ മുന്‍പില്‍ വന്നു നിന്നു. കുറുകിയ കൈകാലുകള്‍, കൂര്‍ത്ത മുഖം, സ്പോര്‍ട്‌സ് കാറുപോലെ നിലം പറ്റി നില്‍ക്കുന്ന മസിലുള്ള കൊച്ചു ശരീരം. ആകപ്പാടെ പട്ടിയാണോ കുറുക്കനാണോ മുയലാണോ എന്നൊന്നും പറയാന്‍ വയ്യാത്ത ഒരു പ്രത്യേക രൂപം. 

വ്യത്യസ്തനായ ഒരു ബാലന്‍. അവന്‍ കുമാരനാണോ കുലീനനാണോ എന്നൊന്നും പറയാന്‍ വയ്യാത്ത അവസ്ഥ. നദികളുടെയും നായ്ക്കളുടെയും ഉല്‍പ്പത്തി അന്വേഷിക്കാന്‍ പാടില്ലാത്തതു കൊണ്ടും മറ്റു നായ്ക്കളേക്കാള്‍ എന്തൊക്കെയോ പ്രത്യേകതകള്‍ ഉള്ളതുകൊണ്ടും കയ്യിലിരുന്ന ഒരപ്പക്കഷ്ണത്തില്‍ മുട്ടയുടെ മഞ്ഞക്കരു കുരുവാക്കി ഞാനവന് വച്ച് നീട്ടി. വാലാട്ടി, തന്റെ ചെറിയ മുഖത്തെ വലിയ കണ്ണുകള്‍ വിടര്‍ത്തി അവനതു സ്വീകരിച്ചു, മൃദുവായി. കിട്ടിയ അപ്പക്കഷണവുമായി ഗെയ്റ്റിന്റെ അരുകില്‍ മതിലിനു പുറത്തു അവന്‍ സ്ഥാനം പിടിച്ചു.

ഭക്ഷണത്തിന്റെ മിച്ചവും മൂലയുമൊക്കെ ഞാന്‍ അവനായി കരുതി. എന്തായാലും പ്രവാസിയും പ്രണയനൈരാശ്യ മര്‍ദ്ദിത ഹൃദയനുമായ എന്റെ കയ്യിലേക്ക്, ജോണിവാക്കര്‍ പലതുവാങ്ങിച്ചാല്‍ സൗജന്യമായി കിട്ടുന്ന കറുത്ത പെട്ടിപോലെ അവന്‍ വന്നു കയറി. കാലം പോകെ, കോവിഡ് പോകെ, ചക്രത്തിലുരുളുന്ന ട്രോളിബാഗുപോലെ സഹജതുല്യനായ സഹചാരിയായി അവന്‍. 

പിന്നെപ്പിന്നെ എനിക്കുകിട്ടുന്ന ചായക്കട ഭക്ഷണത്തിന്റെ ഭൂരിപക്ഷം ശാപ്പിട്ടു എന്റെ തിണ്ണയില്‍ കയറിക്കിടന്നു അവന്‍. പറമ്പില്‍ സര്‍വ്വാധിക്കാര്യക്കാരായി വര്‍ത്തിച്ചിരുന്ന രണ്ടു പോത്തുംകുട്ടികളോട് കുരച്ചും അവരുടെ കണങ്കാലില്‍ കടിച്ചും അവന്‍ ബോറടി മാറ്റി. ബോറടി ഒരാഗോള പ്രതിഭാസമായതുകൊണ്ടും നാട്ടില്‍ സര്‍വവ്യാപിയായതുകൊണ്ടും ( കോവിഡിനെക്കാള്‍ പതിന്മടങ്ങ്) ഞാനവനെ ശാസിച്ചില്ല. മാത്രമല്ല ടിയാന്റെ പദവിക്ക് ചേരുംവണ്ണം ഒരു പേരും കൊടുത്തു, 'വെള്ളായണി അപ്പു'.


ഉദ്ഘാടന വേളകളില്‍ വിളക്കിലെ തിരി നീട്ടിക്കൊടുത്ത് ഫോട്ടോമ്പടത്തില്‍ പതിയാനും മീറ്റിങ്ങിനുള്ള നോട്ടീസുകളില്‍ പേരുവരാനും 'വെള്ളായണി അപ്പു' എന്ന പേര് ഉതകും എന്ന് ഞാന്‍ കണക്കുകൂട്ടി.
അപ്പൂ എന്നു വിളിച്ചാല്‍ ഓടിവന്നിരുന്ന അവന്‍ ഇപ്പോള്‍ വെള്ളായണി അപ്പു എന്ന് വിളിച്ചാല്‍ മാത്രമേ എന്റെ നേരെ നോക്കുകപോലും ചെയ്യൂ എന്നതാണ് കാലികമായുള്ള പുരോഗതി. 

എനിക്കവനോടുള്ള വാല്‌സല്യവും അത്ര നിഷ്‌ക്കാമമായിരുന്നു എന്ന് പറയ്ക വയ്യ. പറമ്പില്‍ തോന്നുമ്പോള്‍ കയറിവന്നിരുന്ന പാമ്പുകളെയും അവരെ പിടിക്കാന്‍ വന്നിരുന്ന ചില കീരികളെയും പേടിപ്പിക്കുക, ഗേറ്റു തുറന്നുവരാന്‍ ശ്രമിക്കുന്ന മറ്റു നായ്ക്കളോടു കുരക്കുക എന്നീ ജോലികള്‍ മുമ്പത്തെപ്പോലെ അവന്‍ ചെയ്തുകൊള്ളും എന്ന് ഞാന്‍ കണക്കു കൂട്ടിയിരുന്നു. കാലം മാറി. ഭക്ഷണം കൂടി. എനിക്കായി തിണ്ണയില്‍ ഇട്ടിരുന്ന കസാലമേല്‍ കയറിക്കിടന്നായി ഇപ്പോള്‍ അവന്റെ ഉറക്കം. കുരയൊക്കെ മതിയാക്കി ഉറക്കം ഒരു വ്രതം പോലെയവന്‍ പാലിക്കുന്നു. ബോറടിക്കുമ്പോള്‍ മാത്രം പോത്തുകളോട് കുരച്ചും അവരുടെ കണങ്കാലില്‍ കടിച്ചും അവന്‍ സമയം പോക്കി.

ഇടയ്ക്കിടെ പറമ്പിന്റെ നാല് അതിര്‍ത്തികളിലും ഓടിനടന്നു മൂത്രമൊഴിച്ചു തന്റെ അപ്രമാദിത്വം അവനെനിക്ക് കാട്ടിത്തന്നു. ( അപ്പുവിന്റെ ഒരു വളര്‍ച്ച!) മതിലിനു പുറത്തു പലരും പിറുപിറുത്തു. അപ്പുവാകാന്‍ പലരും ശ്രമിച്ചു. അവരെയവന്‍ നിഷ്‌ക്കരുണം കടിച്ചുനിരത്തി. ഏകാന്തവേളകള്‍ സൗഹൃദപൂരിതമാക്കുവാന്‍ ഞാന്‍ കൂടെക്കൂട്ടിയ വെള്ളായണി അപ്പു ഇപ്പോള്‍ ഏറെ വളര്‍ന്നിരിക്കുന്നു. അയല്‍ക്കാര്‍ അവനെക്കുറിച്ചു എന്നോട് പരാതി പറയുന്നു. ചുറ്റുമുള്ള എല്ലാ ശുനകബാല്യങ്ങളുടെയും പിതൃത്വം അപ്പുവിനാണത്രെ. കോവിഡ് കാലത്ത് മറ്റുപട്ടികള്‍ വല്ലപ്പോഴും മാത്രം കഴിച്ചിരുന്നപ്പോള്‍ മൂന്നുനേരവും ഭക്ഷണം കഴിച്ചവന്‍ അപ്പു.

'മനുഷ്യന്റെ ഉത്തമസുഹൃത്ത്', 'പ്രതിയായാലും പ്രതിബദ്ധത' എന്നിങ്ങനെയുള്ള ശുനകസംബന്ധിയായ എല്ലാ പ്രത്യയ ശാസ്ത്രങ്ങളും അപ്പു വെള്ളമില്ലാത്ത വെള്ളായണിക്കായലിന്റെ പായല്‍പ്പരപ്പില്‍ എന്നേ കുഴിച്ചുമൂടിയിരിക്കുന്നു. അതിനാല്‍ വര്‍ഗ്ഗശത്രുവായ എന്റെ പടിവാതിലില്‍ രാവിലെ ഏഴുമുതല്‍ അവന്‍ അസ്വസ്ഥനായി മുരണ്ടുകൊണ്ടേയിരിക്കും. പ്രഭാത ഭക്ഷണത്തില്‍ ഒരുനല്ല പങ്കുകൊടുക്കുന്നതുവരെ ഇത് തുടരും. പിന്നെ ഉറക്കം, അയല്‍ വീടുകളിലൊക്കെ സര്‍ക്കീട്ട്, ഉച്ചക്ക് പന്ത്രണ്ടു മുതല്‍ വീണ്ടും മുരള്‍ച്ച, ഉച്ചയൂണ് കിട്ടുന്നതുവരെ. പിന്നെ ഉറക്കം, പൊതുപ്രവര്‍ത്തനം, ഉദ്ഘാടനം എന്നിങ്ങനെ. തിണ്ണയിലെ എന്റെ കസാല അവന്റെ സ്വന്തമായതുകൊണ്ടു ഞാനതില്‍ ഇരിക്കാറേയില്ല ഇപ്പോള്‍.

വര്‍ഗ്ഗസമരങ്ങളുടെ തീച്ചൂളയില്‍ എരിയാനുള്ള പേടികൊണ്ട് അപ്പു മുരളുമ്പോഴൊക്കെ ഉള്ളതില്‍ പങ്കു ഞാനവന് കൊടുക്കുന്നു. ഉള്ളതില്ലങ്കില്‍ കടം വാങ്ങി പങ്കു കൊടുക്കുന്നു. അപ്പുവിന്റെ മുരള്‍ച്ച എന്നില്‍ ആങ്‌സൈറ്റി എന്നൊരു രോഗം ഉളവാക്കിയിരിക്കുന്നു എന്ന് മതിലിനു പുറത്തുകൂടി പോയ ചില ആളുകള്‍ പറയുന്നത് ഞാന്‍ കേട്ടു. അപ്പോള്‍ മാത്രമാണ് എന്റെ ഉറക്കക്കുറവിന്റെ കാരണം എന്താണെന്ന് എനിക്ക് മനസ്സിലായത്.

ഒരിക്കല്‍ വെള്ളായണി കായലിന്റെ വെള്ളമുള്ള ഒരു ഭാഗത്തേക്ക് വള്ളത്തില്‍ കയറ്റി ഞാനവനെ കൊണ്ടുപോയി. കായലിന്റെ നടുവില്‍ എന്റെ രോഗത്തിനുള്ള ചില മരുന്നുകള്‍ ഉണ്ടന്ന് ചിലര്‍ പറഞ്ഞിരുന്നു. ഉറക്കം വന്നാല്‍ അവനിപ്പോള്‍ പകലെന്നോ രാത്രിയെന്നോ കരയെന്നോ കായലെന്നോ ഒന്നുമില്ല, ഉറങ്ങും. നടുക്കെത്തിയപ്പോളാണ് അവന്‍ ഉണര്‍ന്നത്. വിജൃംഭിതവീര്യനായി വള്ളപ്പടിയില്‍ കയറിനിന്ന് എന്നെ അവനൊന്നു നോക്കി. പിന്നെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ അവന്റെ കണ്ണുകളിലെ വര്‍ഗ്ഗവിദ്വേഷജ്വാല ഒന്നടങ്ങി. മുകളിലേക്ക് വളഞ്ഞു വിജൃംഭിച്ചു നിന്നിരുന്ന വാല്‍ അകത്തേക്ക് വളച്ച് പിന്‍കാലുകളുടെ ഇടയില്‍ സുരക്ഷിതത്വം തേടി. വള്ളപ്പടിയില്‍ നിന്നറങ്ങി വള്ളത്തിലെ വെള്ളത്തില്‍ ഇറങ്ങിയിരുന്നു. 

പണ്ടത്തെപ്പോലെ അവന്റെ കണ്ണുകള്‍ വിടര്‍ന്നു. മൃദുവായി അവന്‍ എന്നെ നോക്കിക്കൊണ്ടിരുന്നു; വൈകുന്നേരങ്ങളില്‍ ദേശീയപലഹാരമായ പഴംപൊരിക്കായി കാത്തുനില്‍ക്കുന്ന ചായക്കൊതിയന്മാരെപോലെ. അവന്റെ നോട്ടത്തില്‍ ഞാനെന്റെ രോഗം മറന്നു. വള്ളം കരയിലേക്ക് ഊന്നി. കരയടുക്കാറായപ്പോള്‍ അവന്‍ കായലിലേക്ക് ചാടി ചുമ്മാ നീന്തിക്കയറി തിണ്ണയില്‍ ഇട്ടിരുന്ന എന്റെ കസാലയില്‍ കയറിക്കിടന്നു.

ഒരു കാര്യം എനിക്കിന്ന് ബോധ്യമായിരിക്കുന്നു. സായിപ്പിന്റെ രീതിയൊന്നും ഈ നാട്ടില്‍ നടപ്പില്ല. വെള്ളായണി അപ്പൂവാണ് ശരി. അതുകൊണ്ട് അവന്റെ തിണ്ണയും അവന്റെ കസാലയുമെല്ലാം അവനു കൊടുത്തിട്ടു പ്രവാസിപദം തിരിച്ചുപിടിക്കാന്‍ ഞാന്‍ വണ്ടി കയറുന്നു.

യാത്രപറയാന്‍ ഞാന്‍ ചെന്നപ്പോള്‍ ഒരു കാര്യം കൂടി അവന്‍ ആവശ്യപ്പെട്ടു; കഥയുടെ തുടക്കത്തില്‍ ഞാന്‍ പറഞ്ഞ വാചകം കാലത്തിനനുസരിച്ചു തിരുത്തിയിട്ടു പോകണം. അതിന്‍ പ്രകാരം ഞാനാ വാചകം ഇങ്ങനെ മാറ്റുന്നു. 'ഞാന്‍ വെള്ളായണി അപ്പുവിന്റെ പട്ടിയാകുന്നു. ചരിത്രം എന്നത് പട്ടിയും മനുഷ്യനും തമ്മിലുള്ള ചൂഷണാധിഷ്ഠിത വ്യവസ്ഥിതിയുടെ കേവലം കുറിപ്പെഴുത്തുകള്‍ മാത്രമാകുന്നു'. 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...