Asianet News MalayalamAsianet News Malayalam

Malayalam Short Story : തൊണ്ണൂറാം നാള്‍, ഡോ. ഷാനു ഷൈജല്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   ഡോ. ഷാനു ഷൈജല്‍ എഴുതിയ ചെറുകഥ

chilla malayalam short story by Dr Shanu Shyjal
Author
Thiruvananthapuram, First Published Mar 17, 2022, 2:41 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Dr Shanu Shyjal

 

മൊബൈല്‍ റിങ് ചെയ്യുന്നത് കേട്ട് എടുത്തു നോക്കിയപ്പോള്‍ ജുവൈരിയ എന്ന പേര് കണ്ടു. അത്ര നേരം പ്രസാദിനെ മൂടിയിരുന്ന അലസത, ആ ഒരൊറ്റ പേര് കൊണ്ട് ഇല്ലാതായി.

ഉത്സാഹം തോന്നിക്കും വിധം സംസാരിക്കാന്‍ ശ്രമിച്ചുകൊണ്ട് അയാള്‍ ഫോണ്‍ എടുത്തു.

മറുതലയ്ക്കല്‍ ജുവൈരിയയുടെ ശബ്ദം. ഒരുപാട് മിണ്ടിമിണ്ടി നേര്‍ത്തുപോയതുപോലെ വളരെ നേരിയൊരു ശബ്ദത്തില്‍, ഒന്നാമത്തെ വാക്ക് മുതല്‍ അപേക്ഷയുടെ ധ്വനിയോടെ ജുവൈരിയ സംസാരിച്ചു.

'മോനേ, ജോലിത്തിരക്കിലാണോ? ഇന്ന് പതിനേഴാന്തിയല്ലെ, നാളത്തെ കാര്യം ഓര്‍മ്മിപ്പിക്കാനാണ് ഞാന്‍ വിളിച്ചത്, മോന്‍ രാവിലെ വരുമെങ്കില്‍, ലീവ് എടുക്കാതെ ജോലി സമയത്തിന് മുമ്പേ അവിടെന്ന് രക്ഷപ്പെടുത്താം എന്ന് ഡോക്ടര്‍ സാര്‍ പറഞ്ഞിരുന്നു.'

ആ തീയതി പ്രസാദും മറന്നിരുന്നു. പക്ഷെ അവര്‍ക്ക് തെറ്റില്ലെന്നറിയാവുന്നത് കൊണ്ട് അയാള്‍ അതില്‍ ശങ്കിച്ചില്ല. രാവിലെ നേരത്തേ വീട്ടില്‍ നിന്നിറങ്ങാം എന്ന് കണക്കുകൂട്ടി 'ഞാനങ്ങ് വന്നേക്കാം' എന്നയാള്‍ ജുവൈരിയക്ക് വാക്ക് കൊടുത്തു.

'ശരി മോനെ, നാളെ കാണാം!' എന്ന് ചുരുക്കി മറുപടി പറഞ്ഞുകൊണ്ട് അവര്‍ ഫോണ്‍ വെച്ചു.

അയാള്‍ ജോലി ചെയ്യുന്ന നഗരത്തിന്റെ കിഴക്കുഭാഗത്തുള്ള മലയോര ഗ്രാമത്തില്‍നിന്നാണ് ജുവൈരിയ വരുന്നത്.  വളരെ സാധാരണക്കാരിയായ ഒരുമ്മ. ഇതിനകം പലവട്ടം അവരെ കണ്ടിട്ടുണ്ടെങ്കിലും അവര്‍ക്ക് ഏകദേശം എത്ര വയസ്സായെന്നു കണ്ടുപിടിക്കാന്‍ പ്രസാദിനായിരുന്നില്ല. വളരെ കുറച്ചു മാത്രം സംസാരിച്ചിരുന്ന അവര്‍ എപ്പോഴും തന്നിലേക്ക് തന്നെ ഒതുങ്ങി ചുരുങ്ങി നിന്നു.

അവരുടെ രണ്ട് മക്കളെ കൂടാതെ മറ്റാരും അവരുടെ കൂടെ വരാറില്ല. ഈ കുട്ടികളുടെ ഉപ്പ എവിടെ, എന്ന് ചോദിക്കണം എന്നു തോന്നാറുണ്ട് അയാള്‍ക്ക്. പക്ഷെ അത്തരമൊരു ചോദ്യമെറിയാനുള്ള ശക്തി ഒരിക്കലും പ്രസാദിന് കിട്ടിയിരുന്നില്ല.

പിന്നെപ്പോഴോ ഒരിക്കല്‍, ജുവൈരിയ സാധാരണമട്ടില്‍, സ്വന്തം ജീവിതത്തെക്കുറിച്ച് പറഞ്ഞ ചില വാചകങ്ങളില്‍നിന്നാണ്, തന്റെ സംശയത്തിനുള്ള ഉത്തരം അയാള്‍ കിഴിച്ചെടുത്തത്.

''മൂത്തത് അജ്മല്‍, ഞങ്ങള്‍ കുട്ടന്‍ന്ന് വിളിക്കും. ഓന്റെ ഉപ്പ മരിച്ചപ്പോ പിന്നേം കല്യാണം കഴിച്ചതില്‍ ഉള്ള കുട്ടിയാണ് പ്രസാദ് രക്തം കൊടുക്കുന്ന അച്ചു. ശരിക്കുമുള്ള പേര് അഷ്‌കര്‍ന്നാണ്. അച്ചൂന്റെ രോഗം എന്താന്നറിഞ്ഞ ദിവസം അവന്റെ ഉപ്പ സ്ഥലം വിട്ടതോണ്ട് ഇപ്പ ഞങ്ങക്ക് ഞങ്ങളേ ഉള്ളൂ...''

ചുരുക്കിച്ചുരുക്കി വളരെ ചുരുക്കി നിര്‍വികാരതയോടെ ജൂവൈരിയ അത് പറഞ്ഞു തീര്‍ക്കുന്നേരം, പ്രസാദിന്റെ കണ്ണില്‍ എന്തോ പ്രാണി പോയി. കണ്ണുകള്‍ അമര്‍ത്തിത്തുടച്ചും തുറന്നുമടച്ചും അതിനെ എടുക്കാന്‍ നോക്കുന്നേരം, അയാളുടെ ഉള്ളിലൂടെ ഗാഢത ഏറിയൊരു കരച്ചിലിന്റെ അമ്ലത കടന്നുപോയി.

90 ദിവസം കൂടുമ്പോള്‍ മുടങ്ങാതെ ജുവൈരിയ വിളിക്കും. ആദ്യമൊക്കെ അവര്‍ കൈയിലാകെ ഉള്ളതിന്റെ ഒരു പങ്ക് ആശ്വാസത്തിന്റെയോ സന്തോഷത്തിന്റെയോ (അത് ഒട്ടും ചേരാത്തൊരു വാക്കാണിവിടെ; എങ്കിലും) പേരിനെന്നോണം ചുരുട്ടിക്കൂട്ടി വെച്ചുനീട്ടുമായിരുന്നു. ആ നിമിഷമായിരുന്നു പ്രസാദിനെ ഏറ്റവും വേദനിപ്പിച്ചിരുന്നത്.

അങ്ങനെയാണ് ഒരിക്കല്‍ 'ഇങ്ങനെ ആണെങ്കി ഞാനിനി രക്തം കൊടുക്കാന്‍ വരൂല്ല' എന്ന് പ്രസാദ് ആവുന്ന കടുപ്പത്തില്‍ പറഞ്ഞത്. അതോടെ അത് നിന്നു. പിന്നീട് രക്തം നല്‍കി അയാള്‍ മടങ്ങുന്നേരം, അവര്‍ ഹൃദ്യമായൊരു നോട്ടം നോക്കും. ആ കണ്ണിലേക്ക് ഒരു പാവം ചിരിയെറിഞ്ഞ് പ്രസാദ് മടങ്ങും.

തൊണ്ണൂറു നാള്‍ കൂടുന്തോറുമുള്ള അവരുടെ വിളികളും കുട്ടിക്ക് രക്തം കൊടുക്കുന്നതും അതിവിരസമായ  തന്റെ ക്ലാര്‍ക്ക് ജീവിതത്തില്‍ ഇത്തിരി സന്തോഷമൊക്കെ നല്‍കുന്നുണ്ട്, എന്ന് പ്രസാദ് ചിലപ്പോള്‍ ഓര്‍ക്കും. ഞരമ്പിലൂടെ ഇക്കണ്ട കാലമത്രയും വെറുതെ ഓടിക്കൊണ്ടിരിക്കുന്ന ബി നെഗറ്റീവ് രക്തം കൊണ്ട് ഒരു കുഞ്ഞിനും അമ്മയ്ക്കും അത്രമേല്‍ ആശ്വാസം നല്‍കുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ അയാള്‍ക്ക് ഇടയ്ക്ക് സ്വയം ഒരിഷ്ടമൊക്കെ തോന്നും.

 

............................................

ഞരമ്പിലൂടെ ഇക്കണ്ട കാലമത്രയും വെറുതെ ഓടിക്കൊണ്ടിരിക്കുന്ന ബി നെഗറ്റീവ് രക്തം കൊണ്ട് ഒരു കുഞ്ഞിനും അമ്മയ്ക്കും അത്രമേല്‍ ആശ്വാസം നല്‍കുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ അയാള്‍ക്ക് ഇടയ്ക്ക് സ്വയം ഒരിഷ്ടമൊക്കെ തോന്നും.

chilla malayalam short story by Dr Shanu Shyjal

 

രക്തം എന്നു കേള്‍ക്കുമ്പോള്‍ പണ്ടൊക്കെ പ്രസാദിന് അമ്മയെയായിരുന്നു ഓര്‍മ്മവരിക. അയാള്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പോയതാണ് അമ്മ. അപകടമായിരുന്നു. വിവരമറിഞ്ഞ് സ്‌കൂളില്‍നിന്നും ആശുപത്രിയിലേക്ക് പാഞ്ഞുചെന്നപ്പോള്‍ ഒരു ഡോക്ടര്‍ വന്ന് പറഞ്ഞ വാക്കുകള്‍ അവനൊരിക്കലും മറന്നില്ല. 'ബി നെഗറ്റീവാണ്, റെയര്‍ ഗ്രൂപ്പ്. തക്കസമയത്തു രക്തം കിട്ടിയിരുന്നേല്‍ അമ്മയെ രക്ഷിക്കാനായേനെ'

അതിനുശേഷം, അയാളുടെ രക്തം വെറുതെയായിട്ടില്ല. പതിനെട്ട് തികഞ്ഞതു മുതല്‍ ഇന്നുവരെ അയാള്‍ കൃത്യമായ ആവൃത്തികളില്‍ ആര്‍ക്കൊക്കെയോ രക്തം കൊടുത്തുപോരുന്നു.  ബി നെഗറ്റീവ് രക്തം കൊണ്ട് ജീവിതത്തിനു കിട്ടുന്ന ഒരേയൊരു സന്തോഷം. എങ്കിലും ജുവൈരിയയെയും അച്ചുവിനെയും കണ്ടുമുട്ടും വരെ ആ സന്തോഷത്തിനിത്ര ലക്ഷ്യബോധമില്ലായിരുന്നു.  

അങ്ങനെയാണ്, അയാള്‍ നാളുകളെണ്ണാന്‍ തുടങ്ങിയത്. ഒന്നും സംഭവിക്കാതെ സാധാരണമട്ടില്‍ എന്നും തീര്‍ന്നുപോവുന്ന പ്രസാദിന്റെ രാപ്പകലുകളില്‍ മൂന്നുമാസം കൂടുമ്പോള്‍ എത്തുന്ന ആ തൊണ്ണൂറാംനാള്‍ മാത്രം മാറിനില്‍ക്കാന്‍ തുടങ്ങി. വരാനുള്ളൊരു ഫോണ്‍കോളിന്റെ അനിവാര്യതയിലേക്ക് അയാളെന്നും കാതോര്‍ത്തു. പുകവലിയോ മദ്യപാനമോ ഒരിക്കലും പ്രസാദിനെ ആകര്‍ഷിച്ചിരുന്നില്ല. എന്നിട്ടുപോലും, കുഞ്ഞിന് രക്തം കൊടുക്കാനുള്ള ദിവസങ്ങളോടടുക്കുമ്പോള്‍ ഭക്ഷണത്തിലെ എണ്ണയും മെഴുക്കും അയാള്‍ ഒന്നു കുറച്ചു.

ഇടയ്ക്കൊരു സ്ഥലംമാറ്റ സാധ്യത വന്നതാണ്. പ്രസാദ് രണ്ടാമതൊന്ന് ആലോചിക്കാതെ അതൊഴിവാക്കി. സഹപ്രവര്‍ത്തകര്‍ കാരണം ചോദിച്ചപ്പോള്‍ പറയാന്‍ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും 'കുറച്ചു കാര്യങ്ങളുണ്ട്' എന്നയാള്‍ ഉറപ്പോടെ പറഞ്ഞു. ആ പറച്ചിലില്‍ എവിടെയോ, തൊണ്ണൂറാം നാളിലെ ആ വിളിയും, തന്റെ ചോരത്തുള്ളികള്‍ക്കായി കാത്തിരിക്കുന്ന ഒരു കുഞ്ഞുടലിന്റെ മിടിപ്പുമുണ്ടായിരുന്നു എന്ന് പ്രസാദിന് മാത്രമറിയാമായിരുന്നു.

അതിനിടയില്‍ പ്രസാദിന് എങ്ങുനിന്നോ ഒരു ഡെങ്കിപ്പനി പിടിപെട്ടിരുന്നു. ജുവൈരിയയുടെ ഒന്നു രണ്ട് തൊണ്ണൂറാംദിന ഓര്‍മ്മപ്പെടുത്തലുകള്‍ അതിനാല്‍, സങ്കടത്തോടെ അയാള്‍ക്ക് നിരസിക്കേണ്ടി വന്നു. ആ കുഞ്ഞിക്കണ്ണുകളിലെ തിളക്കം അന്നേരമൊക്കെ അയാളുടെ സ്വാസ്ഥ്യം കെടുത്തി.

ഡെങ്കിയും അതിന്റെ ക്ഷീണവും മാറിയിട്ടും ബ്ലഡ് കൗണ്ട് ശരിയാവാന്‍ സമയമെടുത്തു. അത്രയൊന്നും ആരോഗ്യവാനല്ലാത്ത പ്രസാദിന് പഴയതുപോലാവാന്‍ സാധാരണയില്‍ കവിഞ്ഞ സമയം വേണ്ടിവന്നിരുന്നു.

അന്നേരവും അയാള്‍ നാളെണ്ണിക്കൊണ്ടിരുന്നു. തൊണ്ണൂറു നാള്‍ കൂടുമ്പോള്‍ വരാനുള്ള ഒരു കോള്‍ അന്തരീക്ഷത്തിലെവിടെയോ സങ്കടഭരിതമായ ശബ്ദതരംഗമായി കാത്തുനില്‍ക്കുന്നത് അയാള്‍ സങ്കല്‍പ്പിച്ചു. ആവശ്യത്തിനുള്ള വിളികളല്ലാതെ സൗഹൃദത്തിന്റെ ഇളംകാറ്റടിക്കുന്ന മറ്റൊരു സംഭാഷണനേരവും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. ജുവൈരിയയെപ്പോലെ തന്നെ സംസാരത്തില്‍ ലുബ്ധനായിരുന്നു പ്രസാദും.

നോക്കിനോക്കിനില്‍ക്കെ, പ്രസാദിന്റെ കലണ്ടറിലെ തൊണ്ണൂറുനാളുകള്‍ പിന്നെയും പിന്നെയും ചുവന്നു. പക്ഷേ, ജുവെരിയയുടെ പാതിയുണങ്ങിയ ശബ്ദം മാത്രം അയാളുടെ ഫോണ്‍ തേടിയെത്തിയില്ല. രോഗം ഭേദമായി, താന്‍ ഫിറ്റായത് അറിയാതെ പോയതുകൊണ്ടാവും വിളി വൈകുന്നതെന്ന് പ്രസാദിനുറപ്പായിരുന്നു.

അങ്ങോട്ട് വിളിച്ച് താന്‍ റെഡി ആയെന്ന് പറഞ്ഞാലോ എന്ന് പലവട്ടം അയാളോര്‍ത്തു. ഏതൊക്കെയോ വൈകുന്നേരങ്ങളില്‍ അയാള്‍ ഫോണില്‍ ജുവൈരിയയുടെ പേരും നമ്പറും എടുക്കുകയും ചെയ്തു. പക്ഷേ, അയാളുടെ സാധാരണ മട്ടിലുള്ള ഫോണില്‍നിന്നും ആ നമ്പറിലേക്ക് ഒറ്റക്കോളും പോയില്ല. എന്തോ ഒരു മടി അയാളുടെ കൈവിരലിനും ഫോണിന്റെ ഡയല്‍പാഡിനും ഇടയില്‍ പാത്തുനിന്നിരുന്നു.

പക്ഷേ, ആ മടിക്ക് അധികം മനസ്സുറപ്പുണ്ടായിരുന്നില്ല. സാധാരണയില്‍കവിഞ്ഞ്, ജുവൈരിയയെയും അച്ചുവിനെയും ഓര്‍മ്മവന്നുകൊണ്ടേയിരുന്ന ഒരു വൈകുന്നേരം അയാള്‍ ഫോണെടുത്തു. പിന്നെ, ഇനിയുമൊരു മാറ്റിവെക്കലിന് നില്‍ക്കാതെ കാള്‍ ബട്ടണ്‍ ആഞ്ഞു കുത്തി.

റിങ് ചെയ്യുന്നതിനേക്കാള്‍ പ്രകമ്പനത്തോടെ തന്റെ ഹൃദയം മിടിക്കുന്നുണ്ടെന്ന് പ്രസാദിനന്നേരം തോന്നി.

ആരുമെടുക്കാതെ, റിങ് അടിച്ചുകൊണ്ടേയിരുന്നു. അകാരണമായ ഏതോ ഒരാശങ്ക ആദ്യം അയാളെ വന്നു തൊട്ടു. പിന്നെയത് ഭയത്തിന്റെ ചിറകടിച്ചു. ഫോണ്‍ പോക്കറ്റിലേക്കിട്ട് അയാള്‍ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. മുന്നില്‍, ഏതോ ആംബുലന്‍സ് തൊട്ടുമുന്നിലുള്ള വാഹനങ്ങളെയൊക്കെ ഇരുദിശകളിലേക്ക് ചിതറിപ്പിച്ച് ചുവന്നു പാഞ്ഞു.

രാത്രിയാവും മുമ്പേ, ചെറിയൊരു മഴ വന്നു. വേനലില്‍ പതിവില്ലാത്തതാണ്, ഇടിയോ മിന്നലോ കൂടെ വരാന്‍ വഴിയുണ്ട് എന്നയാള്‍ ഓര്‍ത്തു. പ്രതീക്ഷിച്ചതുപോലെ പൊടുന്നനെ ഒരു മിന്നല്‍ അകലെയെവിടെയോ വീണുചിതറി. വാതില്‍പ്പാളികളില്‍ ചെറുശബ്ദങ്ങള്‍ തീര്‍ത്ത് ഇടിയൊച്ചമുഴങ്ങി. അയാള്‍ അകത്തുപോയി ഫ്രിഡ്ജിന്റെ സ്വിച്ച് ഓഫ് ചെയ്തു വന്നപ്പോഴേക്കും കറന്റ് പോയിരുന്നു. മെഴുകുതിരി വെക്കാറുള്ള ചെറിയ ഷെല്‍ഫ് തൊട്ടടുത്താണ്. അയാള്‍ക്കെന്തോ അങ്ങോട്ട് പോവാന്‍ തോന്നിയില്ല. അമ്മ പണ്ടിരിക്കുമായിരുന്ന കൈപൊട്ടിയ കസേരയിലിരുന്ന് അയാള്‍ വെറുതെ ഇരുട്ടിലേക്ക് നോക്കിയതും ഫോണ്‍ ബെല്ലടിച്ചു.

ഇടിയാണ്, അതു കഴിഞ്ഞ് എടുക്കാം. ആ വിചാരത്തിന്റെ നിസ്സംഗതയിലേക്ക് ചാരിയിരിക്കെ, വീണ്ടും ബെല്ലടിച്ചു. ഫോണിന്റെ ഇളംനീല സ്‌ക്രീനില്‍ ബ്ലഡ് കുട്ടി എന്ന പേരു തെളിഞ്ഞു.

പണ്ടെന്നോ, ജുവൈരിയ ആദ്യമായി വിളിച്ച ദിവസം അയാള്‍ ഫോണില്‍ സേവ് ചെയ്തുവെച്ച പേരാണത്. അതിനുശേഷം എത്രയോ തൊണ്ണൂറു ദിവസങ്ങള്‍ അയാളുടെ ജീവിതത്തില്‍ സംഭവിച്ചു. അച്ചുവിന്റെ ഞരമ്പുകളിലൂടെ അയാളുടെ രക്തം പലപാടൊഴുകി. അയാളുടെ ജീവിതത്തിലേക്ക് ജുവൈരിയയുടെ സ്വരം കൃത്യമായ ഇടവേളകളില്‍ എല്ലാ നിസ്സഹായതയോടെയും ഇറ്റിറ്റുവീണു.

'ഹലോ...'

ആ നിമിഷം തന്നെ പ്രസാദ് ഫോണ്‍ എടുത്തു. അപ്പുറത്ത് ജുവൈരിയയുടെ ശബ്ദം. അതു പഴയതിലും വാടിത്തളര്‍ന്നല്ലോ എന്നയാള്‍ ഓര്‍ത്തു.

ഹലോ എന്ന വാക്കിനപ്പുറം പറയാനൊന്നുമില്ലാത്ത ഗദ്ഗദം ജുവൈരിയയുടെ സ്വരത്തിലുണ്ടായിരുന്നു. എന്നിട്ടുമവര്‍, ഏറെ ശ്രമപ്പെട്ട് സംസാരിച്ചു. 'പോയി മോനെ. മിനിയാന്ന് രാത്രിയായിരുന്നു. അച്ചു എന്നെ വിട്ടു പോയി'

എല്ലാ ഇടിനാദങ്ങളും ഒന്നിച്ചു നിലച്ചൊരു ശൂന്യത പ്രസാദിന്റെ രാത്രിയെ ഒറ്റയടിക്ക് വിഴുങ്ങി. ചെന്നുപതിക്കാന്‍ ഇടമില്ലാത്ത ഒരു മിന്നല്‍, ഏതോ കാറ്റിലേക്ക് നിലയറ്റു. എന്തു പറയണം എന്നറിയാത്ത നിസ്സംഗതയുടെ തൊണ്ടക്കുഴലില്‍നിന്നും ഒരേയൊരു വാക്ക് പ്രസാദിന്റെ ചുണ്ടുകളില്‍ വന്നു നങ്കൂരമിട്ടു.

'അറിഞ്ഞിരുന്നില്ല.''

അതിനു മറുപടിയായി, കരച്ചിലായി മാറാന്‍ ഒരു ത്രാണിയുമില്ലാത്ത എന്തോ വികലസ്വരം ജുവൈരിയയുടെ ചുണ്ടുകള്‍ക്കിടയിലൂടെ പുറത്തേക്കു പതഞ്ഞു.

പെട്ടെന്ന് വരാന്തയില്‍ തിങ്ങിനിറഞ്ഞിരുന്ന കെട്ടവായുവിനെ മുറിച്ചുകൊണ്ട് ഫാന്‍ ഒന്നനങ്ങി. ലൈറ്റുകള്‍ മിന്നിക്കത്തി, പിന്നെയും കെട്ടു.

അന്നേരം, പിന്നെ വിളിക്കാം എന്നു പറഞ്ഞ് ജുവൈരിയ അത്രയേറെ നിസ്സഹായമായ ആ കോള്‍, ഒരു കരച്ചിലിലേക്ക് കട്ടുചെയ്തു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Follow Us:
Download App:
  • android
  • ios