വാക്കുല്‍സവത്തില്‍ ഇന്ന് രാജന്‍ സി എച്ച് എഴുതിയ കവിത 

പന്തടിക്കുകയല്ല,
ജീവിതം
പന്താടുകയാണ്
കാമ്യം.

രാജന്‍ സി എച്ച് എഴുതിയ കവിത

Click and drag to move

ഗോള്‍

കളിക്കളത്തില്‍
പന്ത് വലയിലാകുമ്പോള്‍
ഗോളാകുന്നു.
പന്തടിച്ചയാള്‍ക്കു
ജയം.

എന്നാല്‍
വലയ്ക്കുള്ളിലാകുന്നത്
പന്തിന്റെ പരാജയമെന്ന്
ആരുമോര്‍ക്കുകയില്ല.

പരാജയപ്പെട്ട പന്താണ്
നിങ്ങളുടെ ഗോള്‍.


കളിപ്പന്ത്

മെസ്സി
കാലുകൊണ്ടടിക്കും
പന്ത്.

ഞാന്‍
മനസ്സുകൊണ്ടടിക്കും.

മെസ്സിക്ക്
ഗോള്‍.

എനിക്കോ
സോള്‍.


പന്താട്ടം

പന്തടിക്കുകയല്ല,
ജീവിതം
പന്താടുകയാണ്
കാമ്യം.

ഒരിക്കലും
ഗോള്‍പോസ്റ്റിലെത്താതെ.
ഗോളാണ് ജയമെന്നറിയാതെ.

കവിതപ്പന്ത്

എറിഞ്ഞു കൊള്ളിക്കുകയല്ല
വാക്കെന്ന് പന്ത്
കവിതയില്‍.

കൊള്ളിച്ചെറിയുകയാണ്.

ഭൂഗോളം

ഭൂമിയോളം
എല്ലാം തികഞ്ഞൊരു പന്ത്
വേറെയുണ്ടാവാനിടയില്ല.

അതാരുടെ വലയിലേക്കടിക്കും

ദൈവത്തിന്റേയോ,
ചെകുത്താന്റേയോ?

കളിപ്പന്ത്

കളി കാര്യമാക്കേണ്ട
എന്നെല്ലാവരും പറയും.
കളി പന്താകുമ്പോള്‍
കാര്യമാണ് പന്തെന്നോര്‍ക്കാതെ.

പന്ത് കാര്യമായടിച്ചാലേ
ഗോളാകൂ.
കാര്യമാണ്
കളിയാക്കേണ്ട
എന്നേ ചൊല്ലാവൂ.

കാര്യമില്ലെങ്കില്‍
എന്തു കളി!


ചവിട്ടുപന്ത്

ഭൂമിയെ ഞാന്‍
സൂര്യന്റെ വലയിലേക്കടിച്ചു വിടും.
സൂര്യനെ ഞാന്‍
ഭൂമിയുടെ കൈകളിലേക്ക് തട്ടിയെറിയും.
ചന്ദ്രനെ ഞാന്‍
ഇവര്‍ക്കിടയിലിട്ട്
അങ്ങോട്ടുമിങ്ങോട്ടും
ചവിട്ടിത്തെറിപ്പിക്കും.
അതിനാകട്ടെ നിലാവെന്നൊരു
കീറത്തുളവീണ
വലയേയുള്ളൂ. 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...