Asianet News MalayalamAsianet News Malayalam

Malayalam Short Story: പീലാ ഗുലാബ്, ഗോപീകൃഷ്ണന്‍ കെ.എം എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഗോപീകൃഷ്ണന്‍  കെ.എം എഴുതിയ ചെറുകഥ

chilla malayalam  short story by  Gopikrishnan
Author
First Published Mar 16, 2023, 3:28 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan

 

ഹൗറാ ബ്രിഡ്ജിന്റെ പാതയോരത്ത് തന്റെ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തിട്ട് രശ്മി പതിയെ നടന്നു വരികയാണ്. സമയം ഏകദേശം വൈകുന്നേരം ആറു മണിയോട് അടുക്കുകയാണ് ചുറ്റും നല്ല തിരക്കുണ്ട് . ആളുകളുടെയും, വാഹനങ്ങളുടെയും ശബ്ദത്താല്‍ മുഖരിതമായ അന്തരീക്ഷം. രശ്മി കൊല്‍ക്കത്തയില്‍ എത്തിയിട്ട് ഏകദേശം അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കുന്നു ഒരു സ്വകാര്യ ബാങ്കിന്റെ മാനേജര്‍ ആയിട്ടാണ് ജോലി ചെയ്യുന്നത്.

ഹൗറാ ബ്രിഡ്ജിന്റെ ഒരു വശത്തുനിന്ന് നോക്കിയാല്‍ സൂര്യാസ്തമയം വളരെ ഭംഗിയായി കാണാവുന്നതാണ് എത്ര തവണ ഇവിടെ വന്നിരിക്കുന്നു ആദ്യമായി ഇവിടെ വന്നത് രാകേഷിന്റെ ഒപ്പമാണ് രാകേഷിനെ പറ്റി ഓര്‍ത്തപ്പോള്‍ രശ്മിയുടെ കണ്ണുകള്‍ നനഞ്ഞു. ഹൂഗ്ലി നദിക്ക് അഭിമുഖമായി നില്‍ക്കുമ്പോള്‍ ഇളം ചൂടുള്ള കാറ്റ് വീശുന്നുണ്ടായിരുന്നു, രശ്മിയുടെ കണ്ണില്‍ നിന്ന് ഉതിര്‍ന്ന കണ്ണുനീര്‍ത്തുള്ളികള്‍ കാറ്റിന്റെ ദിശക്കൊത്ത് വഴിമാറി ഒഴുകി.

കൊല്‍ക്കത്ത സ്വദേശിയായ രാകേഷിന്റെ വിവാഹാലോചന വളരെ തുറന്ന മനസ്സോടുകൂടിയാണ് രശ്മിയുടെ വീട്ടുകാര്‍ സ്വീകരിച്ചത്. പക്ഷേ ആ പ്രണയം തകരാന്‍ അധികസമയം വേണ്ടിവന്നില്ല രശ്മിയുമായി വിവാഹം നിശ്ചയിച്ച രാകേഷ് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. രാകേഷ് ആ നാലുവര്‍ഷത്തെ പ്രണയത്തെ ഏതാനും വാക്കുകളിലൂടെ  അവസാനിപ്പിച്ചു പോയി. 'എന്തോ.. ജീവിതത്തില്‍ ഒറ്റയ്ക്ക് ആയപോലെ' രശ്മി നെടുവീര്‍പ്പിട്ടു.

ബ്രിഡ്ജിന്റെ താഴെ അനുസ്യൂതം ഒഴുകുന്ന ഹൂഗ്ലി നദിയിലേക്കു നോക്കിക്കൊണ്ടു രശ്മി മനസ്സില്‍ പറഞ്ഞു, 'ജീവന്‍ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു, ഒന്നെടുത്തു ചാടിയാല്‍ ആ നദിയുടെ തണുപ്പില്‍ അലിഞ്ഞുചേരാം എല്ലാ വിഷമങ്ങള്‍ക്കമുള്ള പരിഹാരം.' 

വിവാഹനിശ്ചയത്തിന് ഇട്ട രാകേഷിന്റെ പേര് എഴുതിയ മോതിരം ഇടത്തെ തള്ളവിരല്‍ കൊണ്ട് പതിയെ രശ്മി തടവി. ഇനി ഇതിന്റെ  ആവശ്യമില്ല മോതിരം പതിയെ ഊരി നദിയിലേക്ക് വലിച്ചെറിഞ്ഞു. ശരീരത്തിന് ഭാരം കുറയുന്ന പോലെ കാലുകള്‍ നിലത്ത് ഉറക്കുന്നില്ല പാലത്തില്‍ നിന്ന് എടുത്തുചാടുവാന്‍ ആയിട്ടുള്ള തയ്യാറെടുപ്പ് എന്ന വണ്ണം കണ്ണുകള്‍ അടച്ച് ദീര്‍ഘനിശ്വാസം എടുത്തു കൊണ്ട് രശ്മി അല്‍പനേരം നിന്നു.

'ആപ്കൊ പീലാ ഗുലാബ് ചാഹിയെ'- രശ്മി മെല്ലെ കണ്ണുകള്‍  തുറന്നു നോക്കി. 

'തീന്‍ പീലാ ഗുലാബ് ദസ് റുപിയ.'

മുഷിഞ്ഞ ചുരിദാര്‍ ധരിച്ച ഏകദേശം 11 വയസ്സുള്ള ഒരു പെണ്‍കുട്ടി, ഇരു നിറമാണ് അവള്‍ക്ക്,  വലത്തെ കൈയില്‍ മഞ്ഞനിറത്തിലുള്ള റോസാപ്പൂവിന്റെ  ഒരു കൂട, ഒക്കത്ത് ഒരു മൂന്നു വയസ്സുള്ള ആണ്‍കുട്ടി, രണ്ടുപേരും വിയര്‍ത്തു കുളിച്ചിരിക്കുന്നു. ചെരുപ്പ് ധരിക്കാത്ത പെണ്‍കുട്ടിയുടെ കാലിലെ പാദസരം അഴുക്ക് കൊണ്ട് നിറംമങ്ങിയിരിക്കുന്നു. 'എനിക്കൊന്നും വേണ്ട'-രശ്മി പറഞ്ഞു.

വിഷമിച്ചു നില്‍ക്കുന്ന രശ്മി യോട് ആ പെണ്‍കുട്ടി ചോദിച്ചു -'എന്താണ് നിങ്ങള്‍ ആ നദിയിലേക്ക് വലിച്ചെറിഞ്ഞത് ?' 

ആ കുട്ടിയുടെ ചോദ്യത്തിന് രശ്മി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു- 'എന്റെ ജീവിതം.' 

കുറച്ചു പൂക്കള്‍ വാങ്ങിയേക്കാം അല്ലെങ്കില്‍ ഈ പെണ്‍കുട്ടി ഇവിടുന്നു പോവുകയില്ല. 50 രൂപ രശ്മി തന്റെ പേഴ്‌സില്‍ നിന്ന് എടുത്തുകൊടുത്തു. ആണ്‍കുട്ടിയെ നിലത്തു നിര്‍ത്തി ആ കുട്ടി മൂന്നു പൂക്കള്‍ രശ്മിക്കു എടുത്തു കൊടുത്തു. ബാക്കി രൂപ തിരികെ വേണ്ടെന്നു പറഞ്ഞു കൊണ്ട് രശ്മി ആ  പൂക്കള്‍ വാങ്ങി. അടുത്ത നിമിഷം ആത്മഹത്യ ചെയ്യാന്‍ പോകുന്ന എനിക്ക് എന്തിനാണ് ഈ ചില്ലറത്തുട്ടുകള്‍. രശ്മി വിഷാദത്തില്‍ ആണെങ്കിലും ചിരിക്കാന്‍ ശ്രമിച്ചു. ഒരു  കൗതുകം കൊണ്ട്  രശ്മി ആ പൂക്കള്‍ വില്‍ക്കുന്ന പെണ്‍കുട്ടിയെ പരിചയപ്പെടാന്‍ തീരുമാനിച്ചു.

ഒരുപക്ഷേ ഈ ഭൂമുഖത്ത് എന്നെ ജീവനോടെ കാണുന്ന അല്ലെങ്കില്‍ ഞാന്‍ അവസാനമായി സംസാരിക്കുന്ന ആള്‍ ആയിരിക്കും ഈ കുട്ടി, രശ്മി മനസ്സില്‍ പറഞ്ഞു. ആ സംഭാഷണം അല്പനേരം നീണ്ടു, ആ കുട്ടിയുടെ പേര് ആഷിത, അവളുടെ സഹോദരന്‍ അഭിജോയ്, അമ്മ കമല. ഇവരെല്ലാം ദൂരെ ഒരു ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ആഷിതയുടെ  അച്ഛന്‍ ആറുമാസങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടതാണ്. അയാളും ഒരു പൂക്കച്ചവടക്കാരനായിരുന്നു തൊട്ടടുത്ത് പൂമാര്‍ക്കറ്റില്‍ ചെറിയ സ്റ്റാള്‍ ഇട്ടിട്ടുണ്ട്. അവളുടെ അമ്മയാണ് ഇപ്പോള്‍ അതു നോക്കുന്നത്.

എവിടെയാണ് അവളുടെ പൂക്കട എന്ന് ചോദിച്ചപ്പോള്‍ അത് താഴെ ബ്രിഡ്ജിന്റെ ഇടതുവശത്ത് ആയിട്ട് താഴത്തോട്ടുള്ള പടവുകള്‍ ഇറങ്ങിയാണെന്ന് അവള്‍ പറഞ്ഞു. രശ്മി ആ കുട്ടിയെപ്പറ്റി ചിന്തിക്കുകയായിരുന്നു, എത്ര പ്രതികൂലമായ സാഹചര്യങ്ങളോടാണ് ആ കുട്ടി മല്ലിട്ടു കൊണ്ടിരിക്കുന്നത്. അച്ഛന്‍ മരിച്ചുപോയിട്ട് ഏകദേശം ആറുമാസമാകുന്നു അമ്മയ്ക്ക് സുഖമില്ല എന്നിട്ടും അവര്‍ ഒരു ചെറിയ പൂക്കട കൊണ്ട് ജീവിക്കുന്നു.

അവളുടെ കുഞ്ഞനുജനും അമ്മയ്ക്കും അവള്‍ മാത്രമാണ് ആശ്രയം. എത്ര പക്വതയോടാണ് അവള്‍ ജീവിതത്തെ നോക്കിക്കാണുന്നത്. അനുജന്‍ വളര്‍ന്നു വലുതായി അവളെ സഹായിക്കും എന്നുള്ള പ്രതീക്ഷ, ഏതെങ്കിലും ഒരു കാലത്ത് സ്‌കൂളില്‍ പോകാന്‍ പറ്റുമെന്നും പഠനം തുടരാന്‍ പറ്റുമെന്നും പിന്നീട് നല്ലൊരു ജോലി കിട്ടും എന്നുള്ള പ്രതീക്ഷ. പ്രതികൂല സാഹചര്യങ്ങളില്‍ ഒരിക്കലും തളരാത്ത ഒരു മനസ്സ് ആ പതിനൊന്നു വയസ്സുകാരിയില്‍ കണ്ട രശ്മി അതിശയപ്പെട്ടു.

ഃഎവിടെയാണ് നിന്റെ പൂക്കട?' -രശ്മി ചോദിച്ചു. 

ഇവിടെ അടുത്താണെന്നും താല്പര്യമുണ്ടെങ്കില്‍ വന്നു കാണാം എന്നായി ആ പെണ്‍കുട്ടി. എന്നാല്‍ ശരി അവിടെ പോയി നോക്കാം, കുറച്ചുകൂടെ നല്ല പൂക്കള്‍ അവിടെ കണ്ടാലോ. രശ്മി മനസ്സില്‍ പറഞ്ഞു. മുഷിഞ്ഞ പൊട്ടിപ്പൊളിഞ്ഞ പടവുകള്‍ ഇറങ്ങി ആ ഫ്‌ളവര്‍  മാര്‍ക്കറ്റിലേക്ക് നടക്കുമ്പോള്‍ രശ്മി അത്ഭുതപ്പെട്ടു. ചുറ്റിലും എത്ര തരം പൂക്കള്‍ ആണ്. പല വര്‍ണ്ണത്തില്‍, വിദൂര  സ്ഥലങ്ങളില്‍  നിന്ന് വില്‍ക്കാനായി കൊണ്ടുവന്നിരിക്കുന്ന പൂക്കള്‍ അങ്ങുമിങ്ങുമായി കൂട്ടിയിട്ടിരിക്കുന്നു. അവര്‍ നടന്നു കടയുടെ മുമ്പില്‍ എത്തിയപ്പോഴേക്കും ഏകദേശം അന്‍പതു  വയസ്സ് തോന്നിക്കുന്ന, മെലിഞ്ഞു നല്ല ഉയരമുള്ള ഒരാള്‍ അവരുടെ മുമ്പില്‍ വന്നു നിന്നു.

ദുലാന്‍ ഭയ്യ എന്നാണ് അയാള്‍ മാര്‍ക്കറ്റില്‍ അറിയപ്പെടുന്നത്. ആഷിതയുടെ കടയുടെ തൊട്ടടുത്ത കടയില്‍ പൂക്കള്‍ കച്ചവടം ചെയ്യുന്നത് അയാളാണ്. ആഷിതയുടെ അച്ഛന്‍ മരിച്ചതിനുശേഷം ആ കട കൂടി ഏറ്റെടുത്ത് നടത്താന്‍ ആഗ്രഹിച്ചിരുന്ന ആളാണ് ദുലാന്‍ ഭയ്യാ. പലവട്ടം ആഷിതയെയും അവളുടെ അമ്മയെയും ദുലാന്‍ ഭയ്യ കട ഒഴിയാന്‍ വേണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അവളുടെ അമ്മയെക്കാള്‍ ഉപരി ആഷിതയാണ് അതിനെ ചെറുത്തു നിന്നത്.

ദുലാന്‍ഭയ്യയുടെ രൂക്ഷമായ നോട്ടത്തെയും വെറുത്തു കൊണ്ടുള്ള സംസാരത്തെയും അവഗണിച്ചുകൊണ്ട് ആഷിത രശ്മിയെ അവളുടെ കട കാണിച്ചുകൊടുത്തു. ചെറുതാണെങ്കിലും വളരെ വളരെയധികം പുഷ്പങ്ങള്‍ അവിടെ വില്‍ക്കുവാനായി സൂക്ഷിച്ചിട്ടുണ്ട്,  കൂടുതലും റോസാപുഷ്പങ്ങള്‍ ആണ്, അതിലേറെയും മഞ്ഞ നിറത്തിലുള്ള റോസാപ്പൂക്കള്‍, കുറച്ചു ദൂരെയുള്ള ഗ്രാമത്തില്‍ നിന്ന് കൊണ്ടുവരുന്നതാണ് ഇത്.

ആഷിതയുടെ അമ്മ കമലയോട് രശ്മി സംസാരിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. ആഷിതയെ എങ്ങനെയെങ്കിലും സ്‌കൂളില്‍ അയക്കണമെന്ന് അതിയായ ആഗ്രഹം കമലയ്ക്ക് ഉണ്ട്. പക്ഷേ സാഹചര്യങ്ങള്‍ മൂലം ആഷിത ജോലി ചെയ്യാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. ആഷിതയുടെ അച്ഛന്റെ ചികിത്സയുടെ ഭാഗമായിട്ട് നല്ലൊരു തുക കടം എടുത്തിട്ടുണ്ടായിരുന്നു. 'ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ ഒന്നും പോകുന്നില്ല. കടമൊക്കെ ഞങ്ങള്‍ വീട്ടും. മക്കളെ നല്ലപോലെ പഠിപ്പിക്കും'-  അവളുടെ അമ്മ പറഞ്ഞു.

സമയം വൈകുന്നു അവരോട് യാത്ര പറഞ്ഞിട്ട് രശ്മി വീണ്ടും ഹൗറാ ബ്രിഡ്ജില്‍ മുന്‍പ് നിന്ന അതേ ഇടത്ത് എത്തി. സത്യം പറഞ്ഞാല്‍ ആഷിതയുടെയും അവളുടെ അമ്മയുടെയും പ്രശ്‌നങ്ങള്‍ക്കു മുമ്പില്‍ തന്റെ പ്രശ്‌നമൊക്കെ എത്ര ചെറിയതാണ്. എന്നിട്ടും താന്‍ ആത്മഹത്യക്ക് വേണ്ടി ശ്രമിക്കുന്നു. സ്വന്തം ചിന്താഗതിയിലും തീരുമാനങ്ങളിലും ലജ്ജ തോന്നി രശ്മി അല്പനേരം ആലോചിച്ചു നിന്നു.

ഇല്ല ഇതൊരു തിരിച്ചുവരവാണ് താന്‍ ഇനി ആത്മഹത്യ ചെയ്യുന്നില്ല. ജീവിച്ചു കാണിക്കാന്‍ തീരുമാനിച്ചു. ആഷിതയുടെ കയ്യില്‍ നിന്നും വാങ്ങിയ മഞ്ഞ റോസാപ്പൂവിനും ഹൂഗ്ലി നദിയ്ക്കപ്പുറം അസ്തമിക്കുന്ന സൂര്യനും ഒരേ നിറം, പ്രതീക്ഷയുടെ  മഞ്ഞ നിറം.

മൂന്നു മാസങ്ങള്‍ക്ക് ശേഷം

ഇത്തവണ നാട്ടില്‍ നിന്നും കൊല്‍ക്കത്തയിലേക്കുള്ള യാത്രയില്‍ രശ്മിയോടൊപ്പം പുതിയ ഒരാള്‍ കൂടിയുണ്ട്. സിറില്‍ എന്നാണ് അയാളുടെ പേര്,  രശ്മിയുടെ  ക്ലാസ്സ്മേറ്റും അടുത്ത സുഹൃത്തും ആണ് അദ്ദേഹം. സമൂഹത്തിലെ നിരാലംബരായ  കുട്ടികളുടെ ഉന്നമനത്തിനായി  പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒയിലെ അംഗമാണ് സിറില്‍. ആഷിതയുടെയുടെ വിദ്യാഭ്യാസ പ്രശ്‌നത്തെ പറ്റി സിറിലിനോട്  രശ്മി സംസാരിച്ചിരുന്നു. തന്നാല്‍ കഴിയുന്ന വിധം അവരെ സഹായിക്കുമെന്ന് സിറില്‍ ഉറപ്പു തന്നിട്ടുണ്ട്.

വളരെ പ്രതീക്ഷകളോടുകൂടിയാണ് ആഷിതയെ കാണാനായിട്ട് വീണ്ടും ആ ഫ്‌ളവര്‍ മാര്‍ക്കറ്റില്‍ രശ്മിയും സിറിലും എത്തിയത്. പക്ഷേ അവരെ വരവേറ്റത് ദുലാന്‍ഭയ്യയുടെ ക്രൂരതയോടുള്ള ചിരിയാണ്. 'ഞാന്‍ പറഞ്ഞില്ലായിരുന്നോ ഈ കടയും ഞാന്‍ എടുക്കും. ഞാന്‍ എടുത്തു, അവരുടെ കട ഞാന്‍ ഒഴിപ്പിച്ചു.' -അട്ടഹസിച്ചുകൊണ്ട് അയാള്‍ പറഞ്ഞു. അവരെ ബലംപ്രയോഗിച്ച് അവിടുന്ന് ഒഴിപ്പിച്ചതാണെന്നും ആഷിതയും കുടുംബവും അവരുടെ ഗ്രാമത്തിലേക്ക് പോയെന്നും മറ്റുള്ള  പൂക്കച്ചവടക്കാരില്‍ നിന്നും രശ്മിക്ക്  മനസ്സിലാക്കാന്‍ സാധിച്ചു '.

ആഷിതയുടെ വീടിന്റെ വിലാസം മറ്റു കച്ചവടക്കാരില്‍ നിന്നും ചോദിച്ചു മനസ്സിലാക്കിയ രശ്മി അങ്ങോട്ട് പോകാന്‍ തീരുമാനിച്ചു. ഏകദേശം നാലു മണിക്കൂര്‍ കാറില്‍ യാത്ര ചെയ്തിട്ടാണ് അവര്‍ അവിടെ എത്തിയത്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ പഴയ ഓടിട്ട കെട്ടിടത്തിന് പേരിനു മാത്രമേ വാതില്‍ ഉണ്ടായിരുന്നുള്ളൂ.

വീടിനുമുമ്പില്‍ അവിടെയും ഇവിടെയുമായി  ഉണങ്ങി കിടക്കുന്ന റോസാപ്പൂവിന്റെ ഇതളുകള്‍. 'ആഷിത.. ആഷിത...'-രശ്മി ഉറക്കെ വിളിച്ചു.  ശബ്ദം കേട്ടുകൊണ്ട് ആഷിതയുടെ അമ്മ പുറത്തേക്കിറങ്ങി വന്നു. അമ്മയുടെ പിന്നാലെ തെല്ലൊരമ്പോട് കൂടി ആഷിതയും ഇറങ്ങിവന്നു.

'നിനക്കെന്നെ ഓര്‍മ്മയുണ്ടോ'- രശ്മി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. ആഷിത അത്ഭുതത്തോടെ  മെല്ലെ തലയാട്ടി. 'ഞാന്‍ നിന്നെ സ്‌കൂളില്‍ ചേര്‍ക്കാന്‍ വന്നതാണ്. ഈ അങ്കിള്‍ അതിനായി നിന്നെ സഹായിക്കും.' ഈറനണിഞ്ഞ ആഷിതയുടെ കണ്ണുകളില്‍  പ്രതീക്ഷയും അതോടൊപ്പം ഒരു അങ്കലാപ്പും ഉണ്ടായിരുന്നു. 

'നിന്റെ പഠനത്തിനുള്ള ചെലവുകള്‍ ഈ അങ്കിളിന്റെ സംഘടന വഹിക്കും നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട' -ആഷിത പുഞ്ചിരിച്ചുകൊണ്ട് രശ്മിയെയും സിറിലിനെയും മാറിമാറി നോക്കി. 'ഇനിയുള്ള കാര്യങ്ങള്‍ ഞാന്‍ നോക്കിക്കൊള്ളാം. കുറച്ചു ഫോമുകള്‍ പൂരിപ്പിക്കാന്‍ ഉണ്ട്. ഞാന്‍ ചോദിക്കുന്നതിന് കൃത്യമായിട്ട് ഉത്തരം തന്നാല്‍ മതി ഞാന്‍ അത് പൂരിപ്പിച്ചു കൊള്ളാം' -സിറില്‍  ആഷിതയോടും അവളുടെ അമ്മയോടുമായി പറഞ്ഞു.

നടപടികള്‍ പൂര്‍ത്തിയാക്കി ആഷിതയോടും അവളുടെ കുടുംബത്തോടും യാത്ര പറഞ്ഞു കൊണ്ട്  അധികം വൈകാതെ സിറിലും രശ്മിയും തിരിച്ചു കാറിലേക്ക് നടന്നെത്തി. 'അല്ല ഈ കാര്യത്തില്‍ ഇത്ര താല്പര്യം എടുക്കാന്‍ എന്താ കാരണം'-സിറില്‍ ചോദിച്ചു. 'ചിലപ്പോള്‍ ചില കാര്യങ്ങള്‍ അങ്ങനെ ആണ്. ജീവിതത്തില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ എനിക്ക് പ്രത്യാശ തന്നത് ആ കുട്ടിയുടെ ജീവിതാനുഭവങ്ങള്‍ ആണ്. എന്നെ ആത്മഹത്യയില്‍ നിന്നു പിന്തിരിപ്പിച്ച ആഷിതയുടെ ജീവിതാനുഭവങ്ങള്‍. അവര്‍ക്കു വേണ്ടി ഈ ചെറിയ കാര്യം എങ്കിലും ചെയ്യാന്‍ എനിക്ക് കഴിഞ്ഞല്ലോ'-രശ്മി  സംതൃപ്തിയോടെ  പറഞ്ഞു.

 
രശ്മിയും സിറിലും  സഞ്ചരിക്കുന്ന കാര്‍  ഇപ്പോള്‍ വീണ്ടും ഹൗറ ബ്രിഡ്ജിലൂടെ കടന്നു പോകുകയാണ്. അവ്യക്തമായ കാര്‍ റേഡിയോയിലെ ഗാനം ഡ്രൈവര്‍ ഉറക്കെ വച്ചു.  ശിവജി ചാറ്റര്‍ജിയുടെ 'ഖോന്‍പര്‍ ഐ ഗോലാപ് ദിയെ' എന്ന നിത്യ ഹരിത പ്രണയ ഗാനം. ആ ഗാനത്തിന്റെ ഇതിവൃത്തം പ്രണയം ആണെങ്കിലും രശ്മിക്ക് അതു സ്വന്തം ജീവിതത്തോടും മറ്റുള്ളവരുടെ ജീവിതത്തോടുമുള്ള പ്രണയമായി തോന്നി. വരികള്‍ കൃത്യമായി അറിയില്ലെങ്കിലും രശ്മി ആ ഗാനത്തിനൊത്തു മൂളാന്‍ തുടങ്ങി.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios