Asianet News MalayalamAsianet News Malayalam

Malayalam Short Story: കനല്‍ച്ചൂട്, നീതു വി. ആര്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.നീതു വി. ആര്‍ എഴുതിയ ചെറുകഥ

chilla malayalam  short story by Neethu VR
Author
First Published Mar 14, 2024, 1:09 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by Neethu VR

 

എത്ര ചുറ്റിയിട്ടും ശരിയാവാത്ത പഗ്ഡി മുറ്റത്തെ കയറ്റുകട്ടിലിലേക്ക് അമര്‍ഷത്തോടെ വലിച്ചെറിഞ്ഞ് രാം സിംഗ് അതിലോട്ടു തന്റെ ഉടല്‍കൂടി വലിച്ചിട്ടു.

കുറച്ചു മാറി അടുപ്പില്‍ നിരത്തിയ വിറകുകൊള്ളികള്‍ക്കിടയിലൂടെ തീ പിടിപ്പിക്കാന്‍ ശ്രമിയ്ക്കുന്നതിനിടയിലും സാവിത്രി ഭര്‍ത്താവിന്റെ ഈ കോലാഹലങ്ങള്‍ കണ്ട് അമ്പരന്നു, സാധാരണ നിമിഷനേരം കൊണ്ട് അതിമനോഹരമായി ചുറ്റുന്ന പഗ്ഡിയാണ് ഇപ്പോള്‍ എത്ര ചുറ്റിയിട്ടും തീരാതെ ഒരു പെരുമ്പാമ്പ് പോലെ കട്ടിലില്‍ കിടക്കുന്നത്!

കുഴച്ചു വച്ച ഗോതമ്പില്‍ നിന്ന് ഓരോ ചെറിയ കഷണങ്ങളായെടുത്തു ഓരോ ഉരുളകളായി നന്നായി ഉരുട്ടിയെടുത്ത് സബിത മാജിയെ പണി എളുപ്പമാക്കാന്‍ സഹായിച്ചു.

'മാസ'ഇതുവരെ ഉണര്‍ന്നിട്ടില്ല, ഈയിടെയായി അവരങ്ങനെയാണ് രാത്രി ഉറക്കമില്ലാതെ രാവിലെ നന്നായി ഉറങ്ങും.
പുറത്തു കലപിലകൂട്ടി പോവുന്ന വഴിയേ മണ്ണ് കൊണ്ട് പുകമറ സൃഷ്ടിക്കുന്ന പിള്ളേര്‍ സംഘത്തെ നോക്കി രാംസിംഗ് എന്തോ ചീത്ത വിളിച്ചു പറഞ്ഞു. കുട്ടികള്‍ ഒരു കൂസലുമില്ലാതെ 'മുകേഷ്, മുകേഷ്' എന്നുനീട്ടി വിളിച്ചു. അകത്തു നിന്നും മുകേഷ് അതുകേട്ടമാത്രയില്‍ പുറത്തേക്കൊരോട്ടം കൊടുത്തു. 

'മുകേഷ്, നിങ്ങള്‍ അതുവഴി പോവരുതേ..' സബിത വിളിച്ചു പറഞ്ഞു. 

'ഒന്നു പോ ദീദീ...' 

അവന്‍ തിരിഞ്ഞവളെ കൊഞ്ഞനം കാട്ടി ഓടിപ്പോയി കൂട്ടത്തോടൊപ്പം ചേര്‍ന്ന് പൊടിക്കാറ്റുണ്ടാക്കി വടക്കോട്ട് നീങ്ങി.
കുറച്ചു നേരത്തെ അന്ധാളിപ്പിന് ശേഷം രാംസിങ് വീണ്ടും പഗ്ഡി എടുത്തു ശ്രദ്ധപൂര്‍വ്വം തലയില്‍ ചുറ്റി, ആറര മീറ്റര്‍ നീളമുള്ള ആ തുണി അയാളുടെ കയ്യില്‍ അനുസരണയോടെ ഒതുങ്ങി നിന്നു.

'ഹേ ഭഗവാന്‍ നിന്നെ നീ തന്നെ കാക്കുക, മനുഷ്യന്‍ ദൈവത്തെ നശിപ്പിക്കുന്നു, ലോകം നശിയ്ക്കാന്‍ പോവുന്നു..'
അയാള്‍ പിറുപിറുത്തു. പിന്നെ, സാവിത്രിയെ നോക്കി ഒച്ചയെടുത്തു

'ഒന്നു വേഗമാട്ടെ എന്താണിത്ര താമസം..?'

അടുപ്പില്‍ നിന്നും പൊള്ളി വീര്‍ത്ത റൊട്ടിയെടുത്ത് മകള്‍ക്ക് നേരെ നീട്ടി, സാവിത്രി നിലത്തേ പലകമേല്‍ അമര്‍ന്നിരുന്ന് അടുത്ത ഉരുളയെടുത്ത് നിറയെ നിറങ്ങളുള്ള വളകളണിഞ്ഞ കൈയാല്‍ അടിച്ചു പരത്താന്‍ തുടങ്ങി.

വെയിലിന്റെയും തീയുടെയും ചൂട് അവരുടെ മുഖത്ത് വിയര്‍പ്പുതുള്ളികള്‍ തുരുതുരാ സൃഷ്ടിച്ചുകൊണ്ടിരുന്നു 
സബിതാ ബേട്ടി റോട്ടിയുടെ ഇരുഭാഗത്തും സമൃദ്ധമായി നെയ്യ് പുരട്ടി ഒരു സ്റ്റീല്‍ പാത്രത്തില്‍ ചട്ണിയോടൊപ്പം ചേര്‍ത്തു വെച്ച്, ഒരു പിഞ്ഞാണത്തില്‍ മസാലയിട്ട് കാച്ചിവച്ച ആട്ടിന്‍പാല്‍ കൂടുതലും വെള്ളം പേരിനും ചേര്‍ത്ത ചായയുമായി, അടുപ്പിന് തെല്ലകലെയായി മുറ്റത്തൊരു മൂലയില്‍ ഇട്ട കയറ്റുകട്ടിലില്‍ ഇട്ടിരിയ്ക്കുന്ന ബാബാജിയ്ക്കരികിലേയ്ക്ക് നടന്നു. അയാളാവട്ടെ അസ്വസ്ഥതയോടെ തലയിലെ പഗ്ഡിയില്‍ ഉഴിഞ്ഞു കൊണ്ടിരുന്നു.
'ബാബാ ചായയും റൊട്ടിയും കഴിയ്ക്കൂ'
'ഇതൊന്നും എനിക്കിപ്പോള്‍ ഇറങ്ങില്ല ബച്ചാ..' അവള്‍ ഒന്നും മിണ്ടിയില്ല.
കട്ടിലിന്റെ മുകളില്‍ വച്ച നീളന്‍പലകമേല്‍ താലിയും ചായപ്പിഞ്ഞാണവും വച്ച് തിരികെ സ്വന്തം ഇരിപ്പിടത്തിലേയ്ക്ക് തന്നെ മടങ്ങി. അയാള്‍ ഒരിറക്ക് ചായ മോന്തി ഉറക്കെ ചുമച്ചു.

'അല്ലെങ്കിലും അവര്‍ക്കെന്താണ്, നമ്മുടെ ആചാരങ്ങളിലാണ് എല്ലായ്‌പ്പോഴും സര്‍ക്കാര്‍ കണ്ണും നട്ടിരിയ്ക്കുന്നത്.'
അയാള്‍ ഉറക്കെ അസഹ്യതയോടെ പിറുപിറുത്തുകൊണ്ടിരുന്നു.

വീട്ടിനകത്തുനിന്നും വളരെ പ്രായമേറിയൊരു സ്ത്രീ വാതില്‍ കടന്നു പുറമേ വന്നു, അവരുടെ കഴുത്തിലെ എല്ലുകളും  പാതയോരത്ത് തലയുയര്‍ത്തി  നില്‍ക്കുന്ന മരങ്ങളുടെ വേരുകളും ഒരുപോലെ  തങ്ങളുടെ സ്വത്വം കാണിയ്ക്കാനെന്ന മട്ടില്‍ പുറമെയ്ക്ക് തള്ളിനിന്നു.

'ബാബൂ നീയെന്താണീ പുലമ്പുന്നത് നീ പറയുന്നത് കേട്ടാല്‍ എന്തോ മഹദ്കാര്യത്തിനെതിരാണ് സര്‍ക്കാര്‍ എന്നാണല്ലോ തോന്നുക'

'അല്ലേ പതി മരിച്ചു ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും ജീവിച്ചിരിയ്ക്കുവല്ലേ നിങ്ങള്‍, പിന്നെങ്ങനെ ഇതൊക്കെ മനസ്സിലാവും?'

സാവിത്രി റൊട്ടി ചുട്ടുകൊണ്ടിരിയ്‌ക്കെ ഭര്‍ത്താവിന്റെ വാക്കുകള്‍ കേട്ട് ഞെട്ടലോടെ തിരിഞ്ഞു നോക്കി. സബിത അടുത്ത താലിയും തയ്യാറാക്കി നാനിയുടെ അരികിലേയ്ക്ക് നടന്നു. കൈ കഴുകി അവര്‍ നിലത്തു ചമ്രം പടിഞ്ഞു ഇരുന്നു മകനെ രൂക്ഷമായി നോക്കി.

'നിനക്കെന്തറിയാം നിങ്ങള്‍ ആണുങ്ങള്‍ക്കിങ്ങനെ പെണ്ണുങ്ങളെ നിയന്ത്രിച്ചു കൊണ്ടേയിരിയ്ക്കണം, അതേയുള്ളു ചിന്ത. ആ പെണ്ണ് എത്ര മാത്രം വേദന അനുഭവിച്ചു കാണും, ഭഗവാന്‍'

അവര്‍ ദൃഷ്ട്ടികള്‍ മുകളിലേക്കുയര്‍ത്തി പ്രാര്‍ത്ഥനഭാവത്തില്‍ ഇരുന്നു.സബിത അവര്‍ക്ക് മുന്‍പിലേക്ക് താലിയും ചായപ്പിഞ്ഞാണവും വച്ച് പതിയേ പിന്തിരിഞ്ഞു.

സാവിത്രി റൊട്ടി പൊള്ളിച്ചെടുക്കുന്നതിനിടയില്‍ അഗ്‌നി സ്പര്‍ശിച്ച തന്റെ കൈയ്യിലേയ്ക്ക് വേദനയോടെ നോക്കി നെടുവീര്‍പ്പിട്ടു. എന്നിട്ട് തിരിഞ്ഞ് മകളെ നോക്കി പറഞ്ഞു.

'സബിതാ മുകേഷിനെ വിളിയ്ക്കൂ അവന്‍ എത്ര നേരമായി കളിയ്ക്കാന്‍ പോയിട്ട്..'

സബിത നേരെ മുന്‍പിലെ പൊടിമണ്ണ് നിറഞ്ഞ പാതയിലേയ്ക്ക് ഇറങ്ങി ഒരോട്ടം വച്ചുകൊടുത്തു. അവള്‍ മനഃപൂര്‍വം അവന്‍ പോയ വഴിയില്‍ നിന്നും മാറിയാണ് ഓടിയത് ഇതുവഴി കുറച്ചു കൂടുതല്‍ പോവണം, എങ്കിലും സാരമില്ല. മുകേഷും ബാക്കിയുള്ള കുട്ടികളും ആര്‍ത്തുല്ലസിയ്ക്കുന്നത് അവള്‍ ദൂരെനിന്നേ കണ്ടു. അവര്‍ കളിയ്ക്കുന്നിടത്ത് വരണ്ട പൊടിമണ്ണ് ചുറ്റും പാറിപ്പറക്കുന്നുണ്ടായിരുന്നു. സബിത അക്കൂട്ടത്തില്‍ നിന്നും അനിയനെ തപ്പിപ്പിടിച്ച് വീട്ടിലേക്ക് നടത്തിച്ചു. പൊടിക്കാറ്റിലസ്വസ്ഥയായി അവള്‍ മുഖപടം കൂടുതല്‍ താഴോട്ട് താഴ്ത്തി. മുകേഷ് അവളുടെ തട്ടം പിടിച്ചു വലിച്ചു. അവള്‍ ദേഷ്യത്താല്‍ അവനെ നോക്കി കൊഞ്ഞനം കാണിച്ചു.

മുകേഷ് മറ്റേ വഴി തിരിയാന്‍ തുടങ്ങവേ അവള്‍ അവന്റെ കൈപിടിച്ചു വലിച്ചു.

'ഇതുവഴി പോവേണ്ട ' അവള്‍ മന്ത്രിച്ചു .

'ഒന്ന് പോ ദീതീ നിനക്ക് പേടിയാണ്, എനിയ്ക്കതില്ല'

അവന്‍ പൊട്ടിച്ചിരിച്ചു.

സബിത മനസ്സില്ലാ മനസ്സോടെ അവന്റെ കൂടെ നടന്നു .

വഴിയില്‍ ഒരമ്പലം പോലെ എന്നാല്‍ പൂര്‍ണമായും ഒരമ്പലത്തിന്റെ കെട്ടും മട്ടും ഇല്ലാത്ത ഒരിടം, ഒരുപാട് ആണുങ്ങളും പെണ്ണുങ്ങളും അവിടെ കുമ്പിട്ട് തൊഴുന്നു. പട്ടുസാരിയിടുപ്പിച്ച സ്ത്രീ രൂപം പോലെ എന്തോ ഒന്ന് അവിടെ നിര്‍ത്തിയിട്ടുണ്ടായിരുന്നു. അവിടെ ചാര്‍ത്തപ്പെട്ട പൂവിന്റെയും ചന്ദനത്തിരിയുടെയും വല്ലാത്ത ഗന്ധത്താല്‍ ഓക്കാനം വരുന്നതുപോലെ അവള്‍ ഭയ്യയെ ചേര്‍ത്ത് പിടിച്ചു.

അവന്‍ പൊട്ടിച്ചിരിച്ചു.

'അയ്യേ നിനക്കെന്താണ് ദീദീ , അത് രൂപ് മാതായുടെ സതി സ്ഥല്‍ അല്ലേ'

അതേ രൂപ്മാതാ ആണ്, രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മാന്‍സിങ്ങിന്റെ ചിതയില്‍ സതിയനുഷ്ടിച്ച 'രൂപ് കന്‍വാര്‍!'

മുന്‍പ് ഇതുവഴി പോവുമ്പോള്‍ ഈ ദീദി അവളെ നോക്കി ചിരിയ്ക്കുമായിരുന്നു. എന്തൊരു ഭംഗിയുള്ള ചിരിയായിരുന്നു അത് -അവള്‍ ഞെട്ടലോടെ ഓര്‍ത്തു. 

ആ ദീദി സ്വന്തം ഇഷ്ടപ്രകാരമാണത്രേ ചിതയില്‍ ഭര്‍ത്താവിന്റെ ജീവനറ്റ ശരീരത്തിനൊപ്പമിരുന്നത്!

അവരുടെ വിവാഹം കഴിഞ്ഞു മാസങ്ങള്‍ പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. തന്നെക്കാള്‍ നാല് വയസ്സ് മാത്രമേ കൂടുതലായുള്ളൂ, പതിനെട്ടു വയസ്സുള്ള ദീദി ഭര്‍ത്താവിനെ ചിതയിലേക്കെടുക്കാന്‍ നേരം കല്യാണവസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചു ചിതയില്‍ പോയി ഇരുന്നുവത്രേ..!

ബാബാജി പറഞ്ഞ അറിവാണ്. പക്ഷേ അവള്‍ക്കിനിയും വിശ്വസിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല ജീവനോടെയൊരാള്‍ അഗ്‌നിയില്‍ പ്രവേശിയ്ക്കുമെന്നത്.

തീ കത്തിത്തുടങ്ങിയശേഷം രൂപ് ദീദി ചിതയില്‍ നിന്നും താഴെ വീണുവത്രേ, ചുറ്റും കൂടിയ ജനങ്ങളില്‍ അറ്റം കൂര്‍പ്പിച്ച മുളങ്കമ്പുമായി നിന്നിരുന്നവര്‍ അവരെ കുത്തി വീണ്ടും ചിതയിലേയ്ക്കുതന്നെ എത്തിച്ചു.

ഓര്‍ക്കാന്‍ പോലും സാധിക്കുന്നില്ല, തന്റെ ബാബാജിയും അക്കൂട്ടത്തിലുണ്ടായിരുന്നെന്ന് വല്ലാത്തൊരു ഖേദത്താലവളോര്‍ത്തു.

വീട്ടിലെത്തുമ്പോഴും ബാബാജിയും നാനിയും തമ്മിലുള്ള വഴക്ക് അവസാനിച്ചിരുന്നില്ല.

'നിങ്ങള്‍ക്കറിയാവോ നമ്മുടെ 45 പേരെയാണ് കൊലപാതകക്കുറ്റത്തിന് പോലീസ് പിടിച്ചത്, ഇത് കൊലപാതകമല്ല ആചാരമാണെന്ന് ഇവര്‍ക്ക് മനസ്സിലാവുന്നില്ലേ'

സാവിത്രി നടുക്കത്തോടെ ആ ദിവസം ഓര്‍ത്തു, അല്ലെങ്കിലും ഏത് പെണ്ണിനാണ് നടുക്കത്തോടെയല്ലാതെ ആ ദിവസം ഓര്‍ക്കാന്‍ സാധിയ്ക്കുക?

ഭര്‍ത്താവ് ഒരു മുളങ്കോലുമായി ഇറങ്ങിപ്പോവുന്നതാണ് അന്ന് കണ്ടത്, തന്നെ കണ്ടപ്പോള്‍ 'ജീവിതത്തില്‍ അപൂര്‍വ്വമായി ലഭിയ്ക്കുന്ന സൗഭാഗ്യമാണ് ഈ നാട്ടുകാര്‍ക്ക് കിട്ടിയത്' എന്ന് ' പറഞ്ഞ് ധൃതിയില്‍ നടന്നു പോയി.

അകത്തു വിറങ്ങലിച്ചു നില്‍ക്കുന്ന അമ്മയെക്കണ്ട് താന്‍ കാര്യം തിരക്കി.

'അവള്‍.. ആ പെണ്ണ് സതിയനുഷ്ടിക്കുന്നെന്ന്..'

ആര് മാന്‍സിങ്ങിന്റെ ഭാര്യയാണോ? അയാളാണ് ഇന്ന് മരണപ്പെട്ടത്.'

ഒരു പൂപോലെ പുഞ്ചിരിയ്ക്കുന്ന ചെറിയ പെണ്‍കുട്ടി. അവളെ അഗ്‌നിയ്ക്കിട്ട് നല്‍കാനാണോ തന്റെ ഭര്‍ത്താവും ധൃതിയില്‍ ഇവിടെനിന്നും ഇറങ്ങിപ്പോയത്?

അവള്‍ ആ തറയിലേയ്ക്ക് വിറങ്ങലിച്ചിരുന്നു പോയി. മാസി അവളുടെ തോളില്‍ കൈവച്ചു അവരുടെ ചുക്കിച്ചുളിഞ്ഞ കൈകള്‍ പതിവില്ലാതെ ചൂടായിരുന്നു. അല്ലെങ്കിലും അവര്‍ക്ക് അവിടെയുള്ള മറ്റുള്ളവരെക്കാള്‍ വിവരമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

'നമുക്കൊന്നും ചെയ്യാന്‍ കഴിയില്ലല്ലോ ബേട്ടീ' -അവര്‍ നിസ്സഹായതയോടെ ആ തറയിലേയ്ക്കിരുന്നു.


ആ വൃദ്ധ മകന്റെ മുഖത്തേയ്ക്ക് തുറിച്ചു നോക്കി. 'അല്ലേ, കൊലപാതകം അല്ലേ. ചിതയില്‍ നിന്ന് എണീറ്റോടാന്‍ നോക്കിയ കുട്ടിയെ നീയടക്കമുള്ളവര്‍ ഇതുപോലത്തെ മുളങ്കമ്പു കൊണ്ടല്ലേ കുത്തി തീയിലേക്കിട്ടത്, അത് കൊലപാതകമല്ലല്ലേ.'-അവരുടെ രോഷം അടങ്ങിയില്ല.

'വര്‍ഷം 1987 ആയി. ഈ കാലത്തും മനുഷ്യര്‍ ഇങ്ങനെ വിവരമില്ലാതായല്ലോ. നൂറ്റമ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവിടെ സതി നിര്‍ത്തലാക്കിയത്. അത് നിനക്കറിയോ. നിനക്കറിയേണ്ട ആവശ്യമില്ലല്ലോ അല്ലേ. 
ആചാരസംരക്ഷണം പോല്‍..'

'ആ നിങ്ങള്‍ പെണ്ണുങ്ങള്‍ തന്നെയിങ്ങനെ പറഞ്ഞോ നിങ്ങളുടെ ആചാരങ്ങളാ സര്‍ക്കാര്‍ എടുത്തുമാറ്റുന്നത്'

'അത് സാരമില്ല ബാബാജീ, ഞങ്ങള്‍ സഹിച്ചുകൊള്ളാം തീയില്‍ വേവുന്നതിനേക്കാള്‍ എത്രയോ നല്ലതല്ലേ'

അയാള്‍ അന്ധാളിപ്പോടെ മകളെ നോക്കി.

അവള്‍ മുഖം കുനിച്ചാണ് നില്‍ക്കുന്നത് അതിനാല്‍ത്തന്നെ മുഖത്തെ ഭാവം അയാള്‍ കാണുന്നുണ്ടായിരുന്നില്ല. 

അയാള്‍ അവളുടെ താടി പിടിച്ചു പതിയെ ഉയര്‍ത്തി. ആ കുഞ്ഞുകണ്ണുകളില്‍ വേദന പിടയുന്നത് അയാള്‍ കണ്ടു.

'നാളെ ഞാനും ഇങ്ങനെ ആയാല്‍ ബാബാജി മുളങ്കോലുമായി വരുമോ?'

അതു കേട്ട് രാം സിംഗ് അവളെ നോക്കി. പിന്നെ, വല്ലാത്തൊരു നടുക്കത്താല്‍ വിറങ്ങലിച്ചു നിന്നു.
 

Follow Us:
Download App:
  • android
  • ios