Asianet News MalayalamAsianet News Malayalam

മൈലാഞ്ചിക്കാട്

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സിയാ ബാബു എഴുതിയ കഥ

chilla malayalam short story by ziya babu
Author
Thiruvananthapuram, First Published Sep 13, 2021, 6:03 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


chilla malayalam short story by ziya babu

 

മൈലാഞ്ചിക്കാട്

'ബീരാന്‍ക്കാ.. ബീരാന്‍ക്കാ, ഒന്ന് ങ്ങട്ട് എണീക്കീന്ന്... ' 

ബാങ്ക് കൊടുക്കാന്‍ സമയമാവുമ്പോള്‍ വിളിക്കാനേല്‍പ്പിച്ച് മൊല്ലാക്ക ഉറങ്ങാന്‍ പോയപ്പോള്‍, പള്ളിക്കോലായിലെ തിണ്ണയിലിരുന്ന് ഖുര്‍ആന്‍ ഓതുകയായിരുന്നു ബീരാന്‍. ഭക്ഷണം കഴിക്കാത്തതു കൊണ്ടാവാം കണ്ണു പാളിപ്പോയതയാളറിഞ്ഞില്ല. ഇന്നുമുണ്ടായിരുന്നു രണ്ട് പാവങ്ങള്‍.  അല്ലെങ്കിലും, വിശപ്പടക്കാനുള്ള ഒരേയൊരായുധം പലപ്പോഴുമയാള്‍ക്ക് ഉറക്കം തന്നെയായിരുന്നല്ലൊ...

'എന്താ കണാരാ, ആരാ മയ്യത്തായത് ...'

ഉറക്കം പാടെവിട്ടയാള്‍ സന്തോഷത്തോടെ ചാടിയെണീറ്റു. മരണപ്പെടുന്നവരോടയാള്‍ക്കെന്നും അസൂയയായിരുന്നു.

ഇഷ്ടമില്ലാത്ത ലോകത്ത് അള്ളിപ്പിടിച്ച് നില്‍ക്കാന്‍ വിധിക്കപ്പെട്ടവന് മറ്റെന്ത് തോന്നാന്‍. ദിവസവുമയാള്‍ മയ്യിത്തു കട്ടില്‍ കഴുകിത്തുടയ്ക്കും. പള്ളിക്കാട്ടില്‍ വളരുന്ന സകല മൈലാഞ്ചിത്തൈകള്‍ക്കും വെള്ളമൊഴിക്കും. മീസാന്‍ കല്ലുകളില്‍ പറ്റിപ്പിടിച്ച പൂപ്പലുകള്‍ വൃത്തിയാക്കും മഗ് രിബ് ബാങ്ക് കൊടുത്താല്‍ ഖബറില്‍ കിടക്കുന്നവര്‍ക്കല്ലാം സലാം പറഞ്ഞ് ഉച്ചത്തില്‍ ദിക്‌റുകള്‍ ചൊല്ലും. ഓരോ ഇലകളും തഴുകി കാറ്റു കടന്നു പോവുമ്പോള്‍ എല്ലാവരുമതേറ്റു ചൊല്ലിയെന്നുറപ്പിച്ച് പള്ളിക്കകത്തേക്ക് കയറും. ഇശാഅ് നിസ്‌കാരം കഴിഞ്ഞാല്‍ ആ കോലായില്‍ തന്നെ പായ വിരിച്ച്, അകലെ കടവത്ത് കെട്ടിയിട്ട തോണിയും നോക്കിക്കിടക്കും. 


'അതോ, ബാപ്പുട്ട്യാജിന്റെ പേരക്കുട്ടി.

'ഏത് പേരക്കുട്ടി? 

'കണ്ണില്ലാത്തൊരുത്തനെക്കൊണ്ട് കെട്ടിച്ചില്ലേ അയാള്. അല്ലെങ്കിലാ ബീപാത്തൂന് എന്തിന്റെ കുറവേര്ന്ന്. വീട്ടുപിയ്യാപ്ലാന്നും പറഞ്ഞ് കെട്ടിച്ചിട്ടെന്തായി, നാലിന്റന്ന്  ഓളേം കൊണ്ടോന്‍ കടല് കടന്നീലെ. അഞ്ചാറ് കൊല്ലം മുമ്പ് കെട്ട്യോന്‍ പോയി. ഇപ്പം ദാ ഒറ്റൊന്ന് ള്ളതിനേം ഒടേമ്പ്രാന്‍ അങ്ങട്ടെട്ത്തു. ആര്‌ടെ ശാപാണോ ആ സാധൂന്റെ തലേല് ...'-കണാരന്‍ പിന്നെയുമെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.


ബീരാന്റെ കണ്ണുകള്‍ ഒരു നിമിഷനേരത്തേക്ക് പള്ളിക്കാട്ടിലേക്ക് നീണ്ടു. സിമന്റിട്ട് കെട്ടിപ്പൊക്കിയ ഒരു വലിയ ഖബര്‍. ബാപ്പുട്ടി ഹാജി എന്നെഴുതിയ മീസാന്‍ കല്ല്. 

നാട്ടിലെ പകരക്കാരനില്ലാത്ത പ്രമാണിയായിരുന്നു. നേര്‍ക്കുനേരെ മുഖത്തു നോക്കാന്‍ പോലും ആളുകള്‍ ഭയന്നിരുന്ന അതികായന്‍. വിധി നടപ്പാക്കിയിരുന്ന ന്യായാധിപന്‍. വാക്കില്ല, പ്രവൃത്തിയായിരുന്നു നടപടി.

എങ്കിലും, ബാപ്പാക്ക് അദ്ദേഹം പടച്ചോന്റെ പ്രതിരൂപമായിരുന്നു. 

വലതു കയ്യില്‍ കൈക്കുഞ്ഞും ഇടതു കയ്യിലൊരു തുണി സഞ്ചിയുമായ്  കടവത്ത് തോണിയിറങ്ങുമ്പോള്‍ ഈ നാട്ടില്‍ 
ചോറു വേവുന്ന ഒരേയൊരടുപ്പ് കല്ലായിക്കല്‍ തറവാട്ടിലേതായിരുന്നു. 

ഞാറുനട്ട്  നിവരുന്ന ചെറുമക്കള്‍ക്ക് വയറു നിറയെ അന്നം വിളമ്പാനും അവരുടെ കൂടെ കഴിക്കാനും ഹാജ്യാരുമുണ്ടാവും. 

നാലുകെട്ടിയിട്ടും മക്കളില്ലാതിരുന്ന ഹാജ്യാര്‍, അന്നവും വെള്ളവും മാത്രമല്ല കിടക്കാനൊരിടവും കൂടി നല്‍കി കുഞ്ഞയമൂന്. കല്ലായിക്കലെ വടക്കേപ്പറമ്പിലൊരു കൊച്ചു വീട്. 
  
മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നാലാമത്തെ ബീവിയില്‍ ഒരു മകളുണ്ടായി ഹാജ്യാര്ക്ക്. കൂട്ടത്തില്‍ പാവമായിരുന്നു താത്തൂന്നെല്ലാരും വിളിച്ചിരുന്ന സൈറാത്ത. തലശ്ശേരിയിലെ പേരെടുത്ത തറവാട്ടിലായിരുന്നു ജനനമെങ്കിലും കാലുകള്‍ക്ക് സ്വാധീനമുണ്ടായിരുന്നില്ല.

കഠിനഹൃദയനെങ്കിലും ദീനിയായിരുന്നു ഹാജ്യാര്. പുഴ നീന്തി ജുമുഅക്ക് പോയിരുന്ന തന്റെ നാട്ടുകാര്‍ക്ക് വേണ്ടി, പുഴ വക്കത്തൊരു പള്ളി നിര്‍മ്മിച്ച്, അതിന്റെ ചുമതല കുഞ്ഞയമൂനെ ഏല്‍പ്പിക്കുമ്പോള്‍ മുസാഫിറുകള്‍ക്ക് വെള്ളം കൊടുക്കണമെന്നും വിശ്രമിക്കാനിടം നല്‍കണമെന്നും കൂടി പറയാനദ്ദേഹം മറന്നില്ല.

ബീപാത്തൂന് ശേഷം അഞ്ച് ആണ്‍മക്കള്‍ക്കു കൂടി ജന്മം നല്‍കി താത്തു. എല്ലാവരുമൊന്നിച്ച് കളിച്ചു തിമിര്‍ത്ത് ബീരാനും വളര്‍ന്നു. 

കാര്യസ്ഥനായിരുന്നെങ്കിലും കുഞ്ഞയമൂനെ വലിയ വിശ്വാസമായിരുന്നു ഹാജ്യാര്ക്ക്. മകന്‍ വളരാന്‍ തുടങ്ങിയപ്പോള്‍ തെക്കേ പറമ്പില്‍ നിന്നും മാറാനനുവദിക്കണമെന്നാദ്യം പറഞ്ഞതും വാപ്പ തന്നെയായിരുന്നു. പള്ളിക്കടുത്തുള്ള പുരയും ഇരുപത് സെന്റ് സ്ഥലവും ഹാജ്യരെഴുതിക്കൊടുത്തു. ബാപ്പാനോടുള്ള വിശ്വാസം മാത്രമായിരുന്നില്ല സ്‌നേഹം കൂടിയായിരുന്നു അതിനു പിന്നില്‍.

സുബ്ഹിന്റെ മുന്നെത്തന്നെ കട്ടന്‍ ചായയും പലഹാരവും മൊല്ലാക്കാക്ക് എത്തിച്ചു കൊടുത്താല്‍ പിന്നത്തെ തന്റെ ജോലി ബീപാത്തൂനെ ഓത്തുപള്ളിയിലും സ്‌കൂളിലുമെത്തിക്കലാണ്.

പുളളിത്തട്ടം ചെവിയില്‍തിരുകി മുടിപ്പിന്നമര്‍ത്തിക്കുത്തി ഉണ്ടക്കണ്ണും വട്ട മുഖവുമായി ബീപാത്തു ഒരുങ്ങി നില്‍ക്കും. പിന്നെ ഇടതു കയ്യില്‍ തൂങ്ങി തുള്ളിച്ചാടിയൊരു പോക്കാണ്...
  
'ഓളെ നല്ലോണം നോക്കണേ മോനേ... ആകേള്ളതാ താത്തൂന്....'

ദിവസവും ഇടവഴി പിന്നിടുമ്പോള്‍ താത്തു വിളിച്ചു പറയും.

കാലം കാറ്റിന്റെ വേഗത്തിലോടി മറയുന്തോറും പുറത്തു പറയാനാവാത്തൊരിഷ്ടം രണ്ടു പേര്‍ക്കുമിടയില്‍ ആഴത്തില്‍ വേരുറപ്പിച്ചു കഴിഞ്ഞിരുന്നു. 

വാപ്പ വാങ്ങിക്കൊടുത്ത തങ്കവളകളൂരിവെച്ച് താന്‍ കൊടുത്ത കുപ്പിവളകളിട്ട് തട്ടം കൊണ്ട് മുഖം പാതി മറച്ച് എപ്പോഴും ചിരിക്കുന്ന ബീപാത്തു പക്ഷെ,  ഹാജ്യാരുടെ നിഴല്‍ കാണുമ്പോഴേക്കും ഓടിയൊളിക്കുമായിരുന്നു.

പ്രായം തികഞ്ഞ പാടെ പെണ്‍കുട്ടികളെ കെട്ടിക്കുന്നതിനോട് ഹാജ്യാരെതിരായിരുന്നെങ്കിലും പത്തു കഴിഞ്ഞ ബീപാത്തൂനെ അക്കരെ വിട്ട് പഠിപ്പിക്കാനയാള്‍ അനുവദിച്ചില്ല. 

തോണി തുഴഞ്ഞ് പാലും പച്ചക്കറികളുമെല്ലാം കല്ലായിക്കലെ പടിക്കല്‍ വെച്ച് തിരിച്ചുപോരുമ്പോഴൊക്കെയും, മാളികക്ക് മേലെ കിളിവാതില്‍ തുറന്നവള്‍ കൈവീശും. തിരിച്ച് താനും. അതിനൊരേയൊരു സാക്ഷി ഒരു പക്ഷെ,
ഇന്നും ഒഴുകാന്‍ മടിച്ചു നില്‍ക്കുന്ന ഈ ഓളങ്ങള്‍ തന്നെയാവാം.

നന്നായി പഠിക്കുമായിരുന്ന തന്നെ പട്ടണത്തിലെ വലിയ കോളേജില്‍ ചേര്‍ത്തിയതും ഹാജ്യാര് തന്നെയായിരുന്നു.

'നാട്ടിലെ ആദ്യത്തെ ഡോക്ടര്‍ ഓനാ'-ബാപ്പയോട് ഹാജ്യാരിടക്കിടെ പറയും. അത് കേള്‍ക്കുമ്പോള്‍ ബാപ്പ നെഞ്ചത്തു കൈ വെച്ച് കണ്ണു തുടയ്ക്കും. ഉമ്മാനെ കണ്ടിട്ടുപോലുമില്ലാത്ത തനിയ്ക്ക് എല്ലാമെല്ലാം ബാപ്പയായിരുന്നല്ലൊ.

വെള്ളിയാഴ്ച രാവുകളില്‍ ഒരു പാത്രം നിറയെ ചൂടു കാപ്പിയുമായി വാപ്പ പളളിയിലേക്കു പോവും. പിറ്റേന്ന് സുബ്ഹി കഴിഞ്ഞേ മടങ്ങു. 

പതിവുപോലെ അന്നും വാപ്പ ഇറങ്ങിയപ്പോള്‍ വാതിലടച്ച് വിളക്ക് കത്തിക്കാനൊരുങ്ങവെയാണ് വാതിലില്‍ തുടരെത്തുടരെ മുട്ടുകേട്ടത്. ഈ മഗ് രിബിന്റെ നേരത്ത കനത്ത മഴയില്‍ ആരാവും?

വേവലാതിയോടെ വാതില്‍ തുറന്നപ്പോള്‍ മഴയില്‍ കുതിര്‍ന്ന് ഒരു ചെരിപ്പു പോലുമിടാതെ  ബീപാത്തു. വേഗമവളെ അകത്തേക്ക് കയറ്റി തതാര്‍ത്തെടുത്തവളുടെ തലതുവര്‍ത്തിക്കൊടുക്കുമ്പോഴും പൊട്ടിക്കരയുകയായിരുന്നവള്‍.

പട്ടണത്തിലേക്ക് കെട്ടിച്ചു വിടാന്‍ വാപ്പ ഒരുങ്ങുകയാണെന്നും രണ്ട് മാസം കഴിഞ്ഞാല്‍ നിക്കാഹാണെന്നും അതിനു മുമ്പെ നമുക്കെ വിടേക്കെങ്കിലും പോകാമെന്നും പറഞ്ഞവള്‍ വീണ്ടും കരഞ്ഞു. ഊര്‍ന്നു വീണ തട്ടം പോലുമോര്‍മ്മയില്ലാതവള്‍
തന്റെ നെഞ്ചിലേക്ക് തന്നെ വീണപ്പോള്‍ തള്ളി മാറ്റാനുമായില്ല. പ്രായത്തിന്റെ തിളപ്പാവാം, ഒന്നും തടയാനായില്ല. 

മഴ തോര്‍ന്നതും, ആരും കാണാതെയവളെയും കൂട്ടി വേഗത്തിലയാള്‍ തോണി തുഴയാന്‍ തുടങ്ങി. കല്ലായിക്കലവളെ ഇറക്കിവിട്ട് തിരിച്ചുപോരുമ്പോള്‍ പല തവണ നോക്കിയിട്ടും മാളികമുകളിലെ കിളിവാതില്‍ അടഞ്ഞുതന്നെ കിടന്നു. അതായിരുന്നു അവസാന കൂടിക്കാഴ്ച.

വിവാഹനിശ്ചയ ദിവസം മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ അപസ്മാരമഭിനയിച്ച് ഹാജ്യാരാ നിശ്ചയം മുടക്കി..

തന്റെ ചോറു തിന്നു വളര്‍ന്നവന്‍ തന്നെ കഴുത്തറുത്തിരിക്കുന്നു!

വാപ്പയുടെ മുമ്പിലിട്ടയാള്‍ ചാട്ടവാറുകൊണ്ട് തന്നെ പൊതിരെ തല്ലിയപ്പോള്‍ ആ സാധു ഹൃദയം വല്ലാതെ നൊന്തു . പിന്നെയൊരു പിടച്ചിലോടെയത് നിലയ്ക്കാന്‍ അധികനേരം വേണ്ടി വന്നില്ല.

മരണക്കിടക്കയിലാ കാലു പിടിച്ചു മാപ്പിരന്നപ്പോള്‍, 'പടച്ചോന്‍ പൊറുക്കാത്ത തെറ്റിന് വാപ്പാക്ക് മാപ്പ് തരാന്‍ പറ്റൂലല്ലൊ മോനേ' എന്നായിരുന്നു മറുപടി. 

വിറയ്ക്കുന്ന തന്റെ കൈകള്‍ നെഞ്ചോട് ചേര്‍ത്ത് അന്ന് വാപ്പ പറഞ്ഞു, അവസാനമായി.

'ആ പൊരയിനി ന്റെ മോന് വേണ്ട. പള്ളിക്ക് കൊടുത്താളി. വാപ്പാക്ക് ഖബറും അവിടെത്തന്നെ മതി. ഇനി ന്റെ മോന്‍ ഡോക്ടറാവണ്ട. പകരം ഈ പള്ളി മതി അനക്ക്. അങ്ങനെയെങ്കിലും ചെയ്ത തെറ്റിനൊരു ഇളവുണ്ടാവട്ടെ റബ്ബിന്റട്ത്ത്ന്ന്...'

യജമാനനോടുള്ള ഒരടിമയുടെ കടമ. വാപ്പയത് നിറവേറ്റുകയായിരുന്നു.

അന്ന് ആദ്യമായ് പണിയായുധം എടുത്തു. ശിക്ഷ ഏറ്റു വാങ്ങി. വാപ്പാക്ക് ഖബറൊരുക്കി.

പിഴച്ച മകളെ കെട്ടാന്‍ അന്ധനായ ഒരാളെ കണ്ടെത്തി ഹാജ്യരാ കല്യാണം നടത്തി. അതോടെ കിടപ്പിലായിരുന്ന താത്തുവും ഈ ലോകത്തോട് വിട പറഞ്ഞു.

ഒരുമ്മാന്റെ  സ്‌നേഹം തന്നവര്‍. ഒരു പാട് ചോറുവാരിത്തന്ന ആ കൈകളില്‍ മുഖം ചേര്‍ത്തൊന് കരയാന്‍ പോലും വിധിയില്ലാതെ, മയ്യിത്തു നിസ്‌കരിക്കാന്‍ അവസാനത്തെ സ്വഫില്‍ താനുമുണ്ടായിരുന്നു.

അങ്ങനെ, നാലാളറിയാതെ, മറ്റുള്ളവര്‍ക്ക് പറഞ്ഞു ചിരിക്കാനവസരം കൊടുക്കാതെ ബാപ്പുട്ട്യാജി ശിക്ഷ നടപ്പാക്കി.
പള്ളിപ്പരിസരത്തും പള്ളിക്കുമപ്പുറം തന്നെ കണ്ടു പോകരുതെന്ന വിധി കൂടി വന്നതോടെ ഒരായുസ്സുകൊണ്ട് വേറൊരു ജന്മം കൂടി കെട്ടിയാടാന്‍ മറ്റൊരു ലോകം തീര്‍ക്കുകയായിരുന്നു അയാള്‍.

ബീപാത്തുവിന്റെ ഓര്‍മ്മകളെയപ്പാടെ സ്വന്തം ഖല്‍ബിലേക്ക് തന്നെ കുഴിച്ചുമൂടുമ്പോള്‍, ഈ ലോകത്തെ ഏറ്റവുമാഴമേറിയ ഖബറും അതുതന്നെയാണെന്നയാള്‍ക്കു തോന്നി.

കാലം പക്ഷെ, കണക്കു ചോദിച്ചു കൊണ്ടിരുന്നു. തണ്ടും തടിയുമുള്ള ആണ്‍മക്കള്‍ വളര്‍ന്നതോടെ ഹാജ്യാരുടെ ശൗര്യവും കുറയാന്‍ തുടങ്ങി. തറവാടു വരെ ഭാഗം വെച്ച്, തെങ്ങിന്‍ തോപ്പും പാടവും വെട്ടിക്കീറി മണിമാളികകള്‍ പണിതു മക്കള്‍. വര്‍ഷത്തില്‍ ഒരാഴ്ച അവിടെ താമസിച്ച് അവര്‍ ഗള്‍ഫിലേക്ക് പറന്നു.  രോഗിയായ ബാപ്പാനെ നോക്കാന്‍ ഭാര്യമാരില്ലെ എന്നായിരുന്നു ചോദ്യം.

ഹാജ്യാര്‍ സകറാത്തിലാണെന്നറിഞ്ഞപ്പോള്‍ ആദ്യമായ് വിലക്കുകള്‍ ലംഘിച്ചാ പടികള്‍ കയറി. ഇരുളടഞ്ഞ മൂന്നാലിടനാഴികള്‍ കഴിഞ്ഞ് ഹാജ്യാരുടെ പഴയ അറയിലേക്ക് കടക്കുമ്പോള്‍ ഉള്ളില്‍ നേരിയ ഭയമുണ്ടായിരുന്നു. പക്ഷെ, ആ മുഖത്ത് നോക്കി സലാം പറഞ്ഞതും ആ കണ്ണുകള്‍ ഒഴുകാന്‍ തുടങ്ങി.

'ഇയ്യ് കുഞ്ഞയമൂന്റെ മോനല്ലെ. വരുംന്ന് നിയ്ക്കറിയേര്ന്ന്. ഓള് ദ് വരെ വരാത്ത സങ്കടം അന്നെക്കണ്ടപ്പളാ മാറിയത്. മനസ്സുകൊണ്ട് ഞമ്മളെത്രയോ മാപ്പ് ചോയിച്ച് ക്ക്ണ് ങ്ങളോട്. ന്നാലും ഒന്നൂടി ചോയിക്ക്യാ, യ്യ്യ് ഞമ്മക്ക് പൊറുത്ത് തരൂലെ..'

പതുക്കെ തലയാട്ടി. വാക്കുകള്‍ വിട്ടുതരാതെ മനസ്സ് മുഖം തിരിച്ചാല്‍ മറ്റെന്തിനു കഴിയും.

ബിസ്മി ചൊല്ലി ഇത്തിരി സംസം ആ വായിലേക്കൊഴിച്ച് കൊടുത്ത് സലാം ചൊല്ലി എഴുന്നേറ്റപ്പോള്‍ ഹാജ്യാര്‍ കയ്യില്‍ മുറുകെ പിടിച്ചു 

'തെറ്റിലേക്ക് പോവും മുമ്പ് ഒന്ന് ചോദിക്കായിരുന്നില്ലെ അനക്ക്'

തണുത്തു മരവിച്ച മനസ്സിലേക്കൊരു തീക്കനല്‍ കൂട. മറുത്തൊന്നും പറയാതെ തിരികെ നടന്നു...

'ബീരാന്‍ക്കാ. എന്തായിത്, ഇങ്ങള് ത് ഇവ്‌ടൊന്ന്വല്ലെ'

കണാരന്‍ പിടിച്ചുകുലുക്കിയപ്പോള്‍ പള്ളിക്കാട്ടില്‍ നിന്നും അയാള്‍ തന്റെ കണ്ണുകള്‍ പറിച്ചെടുത്ത് കണാരനെ നോക്കി.

'ണ്ട് കണാരാ. ഇവ്‌ടെത്തന്നെ ണ്ട്...'    -അവ്യക്തമായയാള്‍ മുപടി പറഞ്ഞു.


'ന്നാലെ, നാളെ പത്തു മണിയാവും മയ്യിത്തെടുക്കാന്‍. രാത്രി വൈകിയേ എത്തൂന്നാ കേട്ടത്. പോസ്റ്റ്‌മോര്‍ട്ടൊക്കെ കയിഞ്ഞിട്ട് മാണ്ടെ. പാവം. ആദ്യായിട്ടാ ഉമ്മാന്റെ നാട്ടിക്ക് വര്ണത്. അതിങ്ങനെയായിപ്പോയല്ലോ ദൈവേ.'

കണാരന്‍ പിന്നെയുമെന്തൊക്കെയോ ഏങ്ങലടിച്ചു കൊണ്ട് നടക്കാന്‍ തുടങ്ങി.

ഉച്ചത്തിലുള്ള ബാങ്ക് വിളി കേട്ടയാള്‍ പള്ളിക്കകത്തേക്ക് കയറി. നിസ്‌കാരം പല തവണ തെറ്റി. ദിക്‌റുകള്‍ പാതി വഴിക്ക് മുറിഞ്ഞു. മഗ്‌രിബാവോളം ആ നിസ്‌കാരപ്പായയില്‍ തന്നെ കഴിച്ചുകൂട്ടി.

പതിവുപോലെയന്നും എല്ലാ ജോലികളും തീര്‍ത്തു. മയ്യിത്തു കട്ടില്‍ വീണ്ടും വീണ്ടും കഴുകിത്തുടച്ച് വൃത്തിയാക്കി , തൂമ്പയുമായ് പള്ളിക്കാട്ടിലേക്ക് നടന്നു. തനിക്കു വേണ്ടി ഒരുക്കി വെച്ച ഖബറിന്നരികില്‍ അയാള്‍ ആഞ്ഞു കിളക്കാന്‍ തുടങ്ങി. എത്ര കുഴിച്ചിട്ടും ആഴവും വീതിയും പോരെന്നയാള്‍ക്കു തോന്നി. 

വേണം. നല്ല വൃത്തിയും വെടിപ്പും വേണം. ഇന്നുവരെ കാണാത്ത പൊന്നുമോന് ഒരുപ്പാക്കും നല്‍കാന്‍ കഴിയാത്ത സമ്മാനമാണിത്.

മനസ്സിന് തൃപ്തിയായപ്പോള്‍, പണി നിര്‍ത്തി, ഒരു പാട് തവണ യാസീനോതി ഖബറിലേക്കൂതി. പിന്നെ, തൂമ്പ കയ്യിലെടുത്ത് പുഴയെ ലക്ഷ്യമാക്കി നടന്നു.

പിന്നെയത് വൃത്തിയായി കഴുകി പുഴയിലേക്കെറിഞ്ഞു. 

ഇനി വേണ്ട. ഇനിയതാവശ്യമില്ല. അയാള്‍ മന്ത്രിച്ചു.

ഒരുപാട് സമയമെടുത്ത് നന്നായി കുളിച്ച് വുളുഅ് ചെയ്ത് കയറുമ്പോഴാണ് കടവത്ത് കെട്ടിയിട്ട തന്റെ തോണി അയാള്‍ ശ്രദ്ധിച്ചു. കൊല്ലങ്ങളോളം മഴയില്‍ കുതിര്‍ന്ന്, വെയിലില്‍ വിണ്ടു കീറി, ജീവനില്ലാതിരുന്നിട്ടും സമ്മതമില്ലാത്തതു കൊണ്ട് മാത്രം നശിക്കാനാവാത്ത കാലം കഴിക്കുകലയാണ് അത്. തന്റെ ഹൃദയം പോലെ.

പതുക്കെച്ചെന്ന് അയാളതിന്റെ കെട്ടഴിച്ച് ഉറക്കെത്തള്ളി. അതനങ്ങിയില്ല. അവിടെത്തന്നെ നിന്നു.

എന്തുകൊണ്ടെന്നറിയില്ല പെട്ടന്നയാള്‍ക്ക് ബീപാത്തുവിനെ ഓര്‍മ്മ വന്നു. നിര്‍ത്താതെയുള്ള 
തേങ്ങലുകള്‍ കാതുകളിലേക്കൊഴുകിയെത്തി. അയാള്‍ നെഞ്ചില്‍ കൈയമര്‍ത്തിവെച്ച്, പള്ളിക്കോലായില്‍ പായ വിരിച്ച് അതില്‍ നീണ്ടു നിവര്‍ന്ന് കിടന്ന് കണ്ണുകളടച്ചു.

'കുഞ്ഞുട്ട്യേയ്'
പള്ളിക്കാടിന്റെ ഒത്ത നടുവില്‍, കോരിച്ചൊരിയുന്ന മഴയത്ത്, ദസ്ബിഹ് മാലയും പിടിച്ചുനിന്ന് വാപ്പ വിളിക്ക്യാണ്. മുഖം വാടുമ്പോഴേല്ലാം സ്‌നേഹത്തോടെ വിളിക്കാറുള്ള അതേ ഈണത്തില്‍.

'ഇങ്ങട്ട് പോരെടാ ബാപ്പല്ലെ അനക്ക്...'

ആ കാഴ്ചയൊന്ന് നേരില്‍ കാണാനായി കണ്ണുകള്‍ വലിച്ചു തുറക്കാന്‍ എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക് കഴിഞ്ഞില്ല. നേരിയ തണുപ്പരിച്ചു കയറുന്നതും ഹൃദയഭാരം കുറയുന്നതും പതിയെയത് താഴേക്കിറങ്ങി അകന്നു പോകുന്നതുമയാളറിഞ്ഞു. ഒരാത്മനിര്‍വൃതിയോടെ അയാള്‍ ഉറക്കെ കലിമ ചൊല്ലിക്കൊണ്ടിരുന്നു.

തസ്ബീഹ് ചൊല്ലിത്തളര്‍ന്ന മൈലാഞ്ചിത്തൈകള്‍ ഒരിട നിശ്ശബ്ദമായി ഇലകള്‍ കൂമ്പി നിന്നു. ദിക്‌റുകളേറ്റുവാങ്ങിയ ഇളം തെന്നലയാളെ അടിമുടി തഴുകിക്കൊണ്ടിരുന്നു.

അതു വരെ ഒഴുകാന്‍ മറന്നുനിന്ന ഓളങ്ങളപ്പോള്‍ വല്ലാത്തൊരാവേശത്തോടെ ആ തോണിയുമായ് അകലങ്ങളിലേക്ക്
പാഞ്ഞു.

Follow Us:
Download App:
  • android
  • ios