Asianet News MalayalamAsianet News Malayalam

ഇതുള്ളപ്പോള്‍ എന്തിനാണ് മറ്റൊരു കേരളഗാനം; 86 വര്‍ഷമായി കേരളം കേള്‍ക്കുന്ന ഗാനത്തിന്റെ കഥ!

സംസ്ഥാനത്തെ ഔദ്യോഗിക അനൗദ്യോഗിക പരിപാടികളില്‍ നിലവില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഗാനമുണ്ടായിരിക്കെ എന്തിനാണ് പുതിയ ഗാനം?

Kerala Gaanam Controversy tale of an extraordinary kerala song
Author
First Published Feb 5, 2024, 3:10 PM IST

കേരളത്തിന് മാത്രമായി ഒരു ഗാനം. ഇങ്ങനെയൊരു ആലോചന വരുമ്പോഴെല്ലാം നമ്മുടെ മനസ്സില്‍ വരാറുള്ളത് സ്വാതന്ത്ര്യ സമരസേനാനിയും എഴുത്തുകാരനും ചിന്തകനുമായ ബോേധശ്വരന്‍ എഴുതിയ കേരളഗാനമാണ്. മലയാളിയുടെ ഓര്‍മ്മകളില്‍ 'കേരളഗാനം' എന്ന നിലയില്‍ പതിഞ്ഞു കിടക്കുന്ന എന്നതു മാത്രമല്ല, കേരളത്തിന്റെ പ്രകൃതിയും ആത്മാവും ജീവത്തായ സാംസ്‌കാരികധാരകളും അതിമനോഹരമായി സമന്വയിച്ചിട്ടുണ്ട് ആ കവിതയില്‍ എന്നതും അതിനുള്ള കാരണങ്ങളില്‍ പെടുന്നു. ആദ്യ നിയമസഭാ സമ്മേളനം മുതല്‍ ഔദ്യോഗിക പരിപാടികളുടെ ഭാഗമായിത്തന്നെ ആ പാട്ടുണ്ട് എന്നതും 86 വര്‍ഷമായി തുടരുന്ന ആ പാട്ടിന്റെ ജൈത്രയാത്രയ്ക്ക് കാരണമാണ്.  

സ്വാതന്ത്ര്യം കിട്ടുന്നതിന് ഒമ്പതു വര്‍ഷം മുമ്പ്, വെള്ളക്കാരെ കെട്ടുകെട്ടിക്കാനുള്ള പോരാട്ടങ്ങള്‍ക്കിടയില്‍ 1838-ല്‍ എഴുതപ്പെട്ട ആ ഗാനം അന്നുതന്നെ കേരളഗാനം എന്ന നിലയിലാണ് പ്രചരിക്കപ്പെട്ടത്. പിന്നീട്, തിരുവിതാംകൂറും മലബാറും കൊച്ചിയുമായി വിഭജിക്കപ്പെട്ടൊരു ദേശം കേരളം എന്ന സ്വത്വബോധത്തിലേക്ക് മാറ്റപ്പെടുന്ന കേരളപ്പിറവിയുടെ നാളുകളിലും ആ ഗാനം പ്രകമ്പനം കൊണ്ടു.  കേവലം 25 വരികളുള്ള ആ കവിത പിന്നീട്, കേരളപ്പിറവിയുടെ തുടികൊട്ടായി മാറി. 

നാടിന്റെ മണമുള്ള കേരളപ്പാട്ട് 

'ജയ ജയ കോമളകേരളധരണീ
ജയ ജയ മാമകപൂജിതജനനീ
ജയ ജയ പാവനഭാരതഹരിണീ
ജയ ജയ ധര്‍മ്മസമന്വയരമണീ...'

എന്നു തുടങ്ങുന്ന ആ കവിതയ്ക്ക് ഇന്നു കാണുന്നതിലും നീളമുണ്ടായിരുന്നു. പിന്നീട്, ആലാപനത്തിന് അനുസൃതമായി എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ബോധേശ്വരന്റെ മകള്‍ സുഗതകുമാരിയുടെ മുന്‍കൈയില്‍ എഡിറ്റ് ചെയ്യപ്പെട്ട കവിതയാണ് നാമിന്ന് കേള്‍ക്കാറുള്ളത്. 

എഴുതപ്പെട്ട കാലം മുതല്‍ കേരളത്തിന്‍േറതായ തനതുഗാനം എന്ന നിലയിലാണ് കേരളഗാനം അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്കിടയിലും ഐക്യകേരള സമരമുന്നേറ്റങ്ങളുടെ ഭാഗമായും അതു മുഴങ്ങിക്കേട്ടു. ഐക്യ കേരളം രൂപീകരിക്കപ്പെട്ട ശേഷം നടന്ന ആദ്യ നിയമസഭാ സമ്മേളനത്തിലും ആ ഗാനം ആലപിക്കപ്പെട്ടു. ആകാശവാണിയിലെ ആര്‍ട്ടിസ്റ്റുകളായിരുന്ന പറവൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ശാരദാമണിയും രാധാമണിയുമാണ് ആദ്യ നിയമസഭാ സമ്മേളനത്തില്‍ കേരളഗാനം ആലപിച്ചത്. കേരളത്തിന്റെ ഗാനമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും അനൗദ്യോഗികമായി അതങ്ങനെ തുടര്‍ന്നു. എങ്കിലും ഭരണക്കസേരയില്‍ ഇരുന്നവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി പലവട്ടം ഈ ഗാനത്തെ തഴയാനും പുതിയ കേരളഗാനം ഉണ്ടാക്കാനും ശ്രമങ്ങള്‍ നടന്നു. എന്നാല്‍, അതൊന്നും ഇതുവരെ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല. 

.......................

Also Read: കേരള ഗാനത്തിനുള്ള സർക്കാർ നീക്കം ബോധേശ്വരന്റെ കേരള ഗാനം മറന്ന്; സാംസ്കാരിക വകുപ്പ് അംഗീകരിച്ചത് 10 വർഷം മുൻപ്

.......................

 

ആ പാട്ടിനെ വെട്ടാന്‍ ശ്രമം! 

2006-ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുത്ത ചടങ്ങില്‍ പുതിയ 'കേരളഗാനം' എഴുതാന്‍ സാംസ്‌കാരിക വകുപ്പ് ഒരു പ്രമുഖ കവിയെ ചുമതലപ്പെടുത്തിയിരുന്നു. അന്ന് സുഗതകുമാരി നേരിട്ട് ചെന്ന് അതിലുള്ള പ്രതിഷേധം അറിയിച്ചു. കേരളഗാനം പതിറ്റാണ്ടുകളായി നിലവിലിരിക്കെ എന്തിനാണ് ഈ പുതിയ ശ്രമം എന്നതായിരുന്നു സുഗതകുമാരിയുടെ ചോദ്യം. അന്നതിന് നേതൃത്വം നല്‍കിയ സംസ്‌കാരിക വകുപ്പ് മന്ത്രിക്കോ ഉദ്യോഗസ്ഥ പ്രമുഖര്‍ക്കോ  മറുപടി ഉണ്ടായിരുന്നില്ല. അന്നത്തെ സാംസ്‌കാരിക വകുപ്പു മന്ത്രി തന്നെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിലിട്ട് ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. 

പ്രധാനമന്ത്രിയുടെ പരിപാടിയിലൊക്കെ പാടേണ്ട വിധത്തില്‍ കാലികമായ ഈണമില്ല എന്നതായിരുന്നു മുഖം രക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ അന്നുയര്‍ത്തിയ വാദം. 'പുതിയ ഈണം താനുണ്ടാക്കിക്കാണിക്കാം' എന്നായിരുന്നു ബോധേശ്വരന്റെ മകള്‍ കൂടിയായ സുഗതകുമാരിയുടെ മറുപടി. ആ വെല്ലുവിളി അവര്‍ ഏറ്റെടുത്തു. ആലാപനത്തിന് പറ്റുന്ന വിധത്തില്‍ എഡിറ്റ് ചെയ്ത ശേഷം കവിതയുമായി പ്രശസ്ത സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണനെ അവര്‍ സമീപിച്ചു. ഒട്ടും വൈകാതെ, മനോഹരമായ ഒരീണത്തിലൂടെ എം ജി രാധാകൃഷ്ണന്‍ ആ കവിതയെ കാലികമാക്കി. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പുതിയ ഈണത്തില്‍ കേരളഗാനം അവതരിപ്പിക്കപ്പെട്ടു. 

ഒരേ വരികള്‍, പല ഈണങ്ങള്‍

2014-ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സാംസ്‌കാരിക വകുപ്പിന്റെ ഔദ്യോഗിക ഗാനമായി ഈ മനോഹരഗാനം സര്‍ക്കാര്‍ തെരഞ്ഞെടുത്തു. സ്‌കൂളുകളിലടക്കം ഇതു പാടണമെന്ന് സര്‍ക്കാര്‍ ഉത്തരവുമിറക്കി. കേരളത്തിന്റെ സാംസ്‌കാരിക ഗാനമായി ഇത് എക്കാലവും തുടരുമെന്ന് അന്നത്തെ സാംസ്‌കാരിാ വകുപ്പ് മന്ത്രി കെ. സി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. അന്നുമതല്‍ സാംസ്‌കാരിക. സാംസ്‌കാരിക വകുപ്പിന്റെ പരിപാടികളിലെല്ലാം ഈ ഗാനം പതിവായിരുന്നു. കേരളപ്പിറവി ദിനാഘോഷങ്ങളിലും ഔദ്യോഗിക പരിപാടികളിലും സ്വകാര്യ ചടങ്ങുകളിലുമെല്ലാം സാധാരണയായി ഈ കവിത ആലപിക്കപ്പെടാറുണ്ട്. ഈയടുത്ത കാലത്താണ് അതിന് മാറ്റമുണ്ടായത്. 

2014-ല്‍ കേരളഗാനം പ്രശസ്ത സംഗീത സംവിധായകന്‍ എം. ജയചന്ദ്രനും കേരളഗാനത്തിന് വ്യത്യസ്ത ഈണം തയ്യാറാക്കിയിട്ടുണ്ട്. സരിത രാജീവ്, രവിശങ്കര്‍, സുദീപ്കുമാര്‍, അഖില ആനന്ദ് എന്നിവരാണ് സാംസ്‌കാരിക ഗാനമായി തെരഞ്ഞെടുത്തതിനു പിന്നാലെ, കേരള ഗാനം ആലപിച്ചത്. 

ഇതിനു മുമ്പായി ജോയ് തോട്ടനും കെ.പി. ഉദയഭാനുവും സംഗീതം നല്‍കി ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും കേരളഗാനം പുറത്തിറക്കിയിരുന്നു. കുട്ടികളുടെ ഗാനങ്ങള്‍ എന്ന സംഗീത ആല്‍ബത്തിലാണ് ഈ ഗാനമുള്ളത്. പ്രമുഖ സംഗീത സംവിധായകന്‍ ദേവരാജനും കേരളഗാനത്തിന് സ്വന്തം ഈണം നല്‍കിയിട്ടുണ്ട്. 'ദേശീയ ഗാനങ്ങള്‍' എന്ന പേരിലാണ് ദേവരാജന്റെ സംഗീത ആല്‍ബം പുറത്തു വന്നത്. 1951-ല്‍ പുറത്തിറങ്ങിയ 'യാചകന്‍' (1951) എന്ന സിനിമയിലും ഈ ഗാനം ഉള്‍പ്പെട്ടിട്ടുണ്ട്. എസ്.എന്‍. ചാമി (എസ്.എന്‍. രംഗനാഥന്‍) ആണ് സിനിമയ്ക്കായി ഈ വരികള്‍ക്ക് ഈണമിട്ടത്. 

.............

Also Read: 'സുഗതകുമാരി ക്ഷുഭിതയായി, മന്ത്രി മുങ്ങി, 'കേരളഗാനം' മാറ്റാന്‍ 18 വര്‍ഷം മുമ്പ് ശ്രമിച്ചപ്പോള്‍ നടന്നത്!
.............

 

പുതിയ വിവാദം
അതിനിടയിലാണ്, പുറത്തുവന്ന് 16 വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു 'കേരളഗാന'ത്തിനായി ഇതേ സാംസ്‌കാരിക വകുപ്പ് പുതിയ ശ്രമങ്ങള്‍ ആരംഭിച്ചത്. 2018-ല്‍ കേരളത്തിനു മാത്രമായി പുതിയ ഒരു ഗാനം കണ്ടെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുത്തുകാരുടെ ഒരു കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഒരു പ്രാര്‍ത്ഥനാ ഗാനമായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടതെങ്കിലും സാംസ്‌കാരിക വകുപ്പും സാഹിത്യ അക്കാദമിയും ഉടനെ തന്നെ 'കേരളഗാനം' പുതുതായി ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 

എത്രയും വേഗം പുതിയ കേരളഗാനം എഴുതാനുള്ള ശ്രമങ്ങള്‍ സാഹിത്യ അക്കാദമിയാണ് ആരംഭിച്ചത്. അതിനായി ആദ്യം ശ്രീകുമാരന്‍ തമ്പിയെ ചുമതലപ്പെടുത്തുകയും അദ്ദേഹം എഴുതിയ വരികള്‍ തൊട്ടുപിന്നാലെ തള്ളപ്പെടുകയും ചെയ്തതായാണ് ഇപ്പോള്‍ തെളിയുന്നത്. തന്നെ തഴഞ്ഞതായി ശ്രീകുമാരന്‍ തമ്പി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. 

തുടര്‍ന്ന്, വിശദീകരണവുമായി അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍ തന്നെ രംഗത്തുവന്നു. എഴുതിയ വരികള്‍ ക്ലീഷെ ആയതിനാല്‍ ആ വരികള്‍ മാറ്റിയെഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ ശ്രീകുമാരന്‍ തമ്പി അതു മാറ്റാന്‍ തയ്യാറായില്ലെന്നും തുടര്‍ന്ന് ചലച്ചി്രത ഗാനരചയിതാവായ ബി കെ ഹരിനാരായണനെ ഇതിനായി ചുമതപ്പെടുത്തിയെന്നുമാണ് സച്ചിദാനന്ദന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. 

 

 

എന്തിനാണ് പുതിയ ഗാനം? 

ഇത് വലിയ വിവാദമായതിനെ തുടര്‍ന്നാണ്, കേരളഗാനമായി അരനൂറ്റാണ്ടോളമായി ഇവിടെ നിലനില്‍ക്കുകയും സാംസ്‌കാരിക വകുപ്പിന്റെ ഔദ്യോഗിക ഗാനമായി സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്ത 'കേരളഗാനം' ഒഴിവാക്കുന്നത് എന്തിനാണെന്ന ചര്‍ച്ച ഉയര്‍ന്നു വന്നത്. 

കേരളത്തിലെ അനേകം തലമുറകളാല്‍ പാടിപ്പതിഞ്ഞ ഗാനമാണ് 86 വര്‍ഷം മുമ്പുള്ള കേരളഗാനം. നിലവില്‍ കേരളത്തിന്റെ സാംസ്‌കാരിക ഗാനം. സംസ്ഥാനത്തെ ഔദ്യോഗിക അനൗദ്യോഗിക പരിപാടികളില്‍ നിലവില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഗാനമുണ്ടായിരിക്കെ എന്തിനാണ് പുതിയ ഗാനം? ആ ചോദ്യത്തിന് യുക്തിഭദ്രമായ ഒരുത്തരവും ഇതുവരെ കിട്ടിയിട്ടില്ല. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ കേരള ഗാനത്തിന് ശ്രമങ്ങള്‍ നടത്തുന്നത് എന്നാണ് കേരള സാഹിത്യ അക്കാദമി പറയുന്നത്. 

എന്നാല്‍, ആറു വര്‍ഷം മുമ്പ് എഴുത്തുകാരുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി ആവശ്യപ്പെട്ടത് ഒരു പ്രാര്‍ത്ഥനാ ഗാനത്തിനായിരുന്നു. ഔദ്യോഗിക പരിപാടികളില്‍ പ്രാര്‍ത്ഥനയായി അവതരിപ്പിക്കാനുള്ള ഒരു ഗാനം. ഇതിനെയാണ് കേരള ഗാനം എന്ന നിലയില്‍ മാറ്റിയെടുത്ത് നിലവിലുള്ള കേരളഗാനത്തെ വെട്ടാന്‍ സാഹിത്യ അക്കാദമിയും സാംസ്‌കാരിക വകുപ്പും ശ്രമിച്ചത്. എന്നാല്‍ ആ പ്രവര്‍ത്തനമാരംഭിച്ച ആറു വര്‍ഷമായിട്ടും വിവാദങ്ങള്‍ മാത്രമാണ് ബാക്കി. 

 

....................
Also Read: കേരളഗാന വിവാദത്തിനിടെ കാണാതെപോവുന്ന ജീവിതം; ആരാണ് ബോധേശ്വരന്‍? 
....................

 

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

നിലവിലുള്ള കേരളഗാനം, അനേകം വ്യത്യസ്ത ഈണങ്ങളും സ്വാതന്ത്ര്യ സമരകാലത്തോളം നീളമുള്ള ചരിത്രവുമായി കളം നിറഞ്ഞുനില്‍ക്കുമ്പോഴാണ് അതിനെ വകഞ്ഞുമാറ്റി പുതിയ ഒന്നുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. തീര്‍ച്ചയായും, സര്‍ക്കാര്‍ തീരുമാനമാണ് ഇത്. എങ്കിലും അതുയര്‍ത്തുന്ന ചോദ്യങ്ങള്‍ ഏറെയുണ്ട്. അവയില്‍ ചിലത് ഇവയാണ്: 

1. എന്താണ് ബോധേശ്വരന്‍ എഴുതിയ കേരളഗാനത്തിന്റെ കുഴപ്പം? എന്തിനാണ് അത് മാറ്റുന്നത്? 

2. ബോധേശ്വരന്‍ എഴുതി പതിറ്റാണ്ടുകളായി ആലപിക്കപ്പെടുന്ന ഗാനത്തിനെ ജഡ്ജ് ചെയ്തത് ആരാണ്? അവരുടെ യോഗ്യതകള്‍ എന്താണ്? അങ്ങനെയൊരു പ്രക്രിയ നടന്നുവെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ എന്തൊക്കെയാണ്? 

3. കേരളഗാനം എന്ന ശീര്‍ഷകം തോന്നും പടി ഉപയോഗിക്കുന്നതിന്റെ യുക്തി എന്താണ്? ബാല്യകാലസഖി, ഖസാക്കിന്റെ ഇതിഹാസം, രാമായണം കിളിപ്പാട്ട് എന്നിവ പോലെ മലയാളിയുടെ ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ശീര്‍ഷകമാണ് അത്. ഖസാക്കിന്റെ ഇതിഹാസം എന്നു പറഞ്ഞ് മറ്റൊരു നോവല്‍ വരുന്നത് പോലെ തന്നെയല്ലേ 'കേരള ഗാനം' എന്നപേരില്‍ പുതിയ പാട്ട് സര്‍ക്കാര്‍ വിലാസത്തില്‍ പുറത്തിറങ്ങുന്നത്? 

4. ശ്രീകുമാരന്‍ തമ്പിയുടെ കേരളഗാനം, ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍  അദ്ദേഹം തന്നെ  പാടുന്നത് കേരളം കേട്ടതാണ്. ക്ലീഷെകളാണ് അതിലെന്ന് അക്കാദമി അധ്യക്ഷനും മുതിര്‍ന്ന കവിയുമായ സച്ചിദാനന്ദനും പറഞ്ഞു. സോഷ്യല്‍ മീഡിയയിലും സമാനമായ അഭിപ്രായങ്ങള്‍ പലരും പങ്കുവെച്ചിട്ടുണ്ട്. എന്തിനാണ് ഇങ്ങനെയൊരു അഭ്യാസം എന്ന ചോദ്യം തന്നെയാണ് അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നത്. 

5. 2014-ല്‍ അന്നത്തെ സര്‍ക്കാര്‍ സാംസ്‌കാരിക ഗാനമായി പ്രഖ്യാപിച്ചതാണ് ബോധേശ്വരന്‍ എഴുതിയ കേരളഗാനം. ആ തീരുമാനം ചവറ്റുകുട്ടയില്‍ കളഞ്ഞാണ് പുതിയ പാട്ടുതേടി ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ ഇറങ്ങിയത്. അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍, പുതുതായി ഉണ്ടാക്കാന്‍ പോവുന്ന ഗാനത്തിനും സമാനമായ വിധി തന്നെ വന്നുകൂടായ്കയില്ല. എങ്കില്‍, പിന്നെന്തിനാണ്, സര്‍ക്കാറുകള്‍ മാറുന്തോറും മാറ്റിയുണ്ടാക്കാനുള്ള ഈ പാട്ടുനാടകങ്ങള്‍? 

ഫേസ്ബുക്കില്‍ വന്നൊരു പോസ്റ്റിനുള്ള മറുപടിയായി ബോധേശ്വരന്റെ പേരക്കുട്ടി ശ്രീദേവി പിള്ള എഴുതിയ കമന്റിലെ ഈ വാചകങ്ങള്‍ ഇതോടുള്ള ബോധേശ്വരന്റെ പിന്‍മുറക്കാരുടെ വികാരം കൂടി വെളിപ്പെടുത്തുന്നുണ്ട്. ഇതാണ് ആ കമന്റ്: സര്‍ക്കാരിനും അക്കാദമിക്കും സംസ്ഥാന ഗാനമോ ഔദ്യോഗിക ആവശ്യത്തിനുള്ള മറ്റേത് ഗാനമോ എഴുതിക്കാം, തള്ളാം കൊള്ളാം. അത് അവരുടെ സ്വാതന്ത്ര്യവും അവകാശവുമാണ്. പക്ഷെ അതിന് കേരള ഗാനം എന്ന പേരിടുന്നത് ശരിയല്ല. 1938 -ല്‍ എഴുതി, ഇപ്പോഴും ചിലരെങ്കിലും ഓര്‍ക്കുകയും ചൊല്ലുകയും ചെയ്യുന്ന, ഒരു കവിതയുടെ പേര് അങ്ങനെയങ്ങ് സ്വന്തമാക്കാമോ? 

Also Read: ജയ  ജയ  കോമളകേരളധരണീ; ബോധേശ്വരന്‍ എഴുതിയ കേരളഗാനം


 

Follow Us:
Download App:
  • android
  • ios