Asianet News MalayalamAsianet News Malayalam

ജയ  ജയ  കോമളകേരളധരണീ; ബോധേശ്വരന്‍ എഴുതിയ കേരളഗാനം

പുതിയ കേരളഗാനങ്ങള്‍ അരങ്ങത്തെത്തുന്ന സാഹചര്യത്തില്‍, 1938-ല്‍ എഴുതപ്പെട്ട, ഇന്നും കാലികമായി നില്‍ക്കുന്ന ആ മനോഹരഗാനത്തിന്റെ വരികള്‍ വായിക്കാം. 

kerala ganam a poem by Bodheswaran
Author
First Published Feb 5, 2024, 3:23 PM IST

കേരളഗാനവുമായി ബന്ധപ്പെട്ട് പ്രമുഖ ചലച്ചിത്രഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി തുടങ്ങിവെച്ച വിവാദം 
ചലച്ചിത്ര അക്കാദമിയും അതിന്റെ അധ്യക്ഷന്‍ സച്ചിദാനന്ദനും കടന്ന് സ്വാതന്ത്ര്യ സമരസേനാനിയും എഴുത്തുകാരനുമായിരുന്ന യശശ്ശരീരനായ ബോധേശ്വരനില്‍ എത്തിനില്‍ക്കുകയാണ്. കാലങ്ങളായി കേരളം ഏറ്റുപാടുന്ന 'കേരളഗാന'ത്തിന്റെ സ്രഷ്ടാവാണ് ബോധേശ്വരന്‍. 86 വര്‍ഷമായി കേരളത്തിന്റെ ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്ന കേരളഗാനം. പുതിയ കേരളഗാനങ്ങള്‍ അരങ്ങത്തെത്തുന്ന സാഹചര്യത്തില്‍, 1938-ല്‍ എഴുതപ്പെട്ട, ഇന്നും കാലികമായി നില്‍ക്കുന്ന ആ മനോഹരഗാനത്തിന്റെ വരികള്‍ വായിക്കാം. 

 

 

ജയ  ജയ  കോമളകേരളധരണീ
ജയ  ജയ  മാമകപൂജിതജനനീ
ജയ  ജയ  പാവനഭാരതഹരിണീ
ജയ  ജയ  ധര്‍മ്മസമന്വയരമണീ
ജയ  ജയ  ജയ  ജയ  ജയ  ജയ  ജനനീ
ജനനീ മാമകകേരളധരണീ
ചേരപുരാതന  പാവനചരിതേ
ആര്യകുലോല്‍ക്കട ഭാര്‍ഗ്ഗവനിരതേ
ദ്രാവിഡപരിവൃഢവനിതേ! മഹിതേ
ദ്രാവിഡസംസ്‌കൃതവംശോജ്ജ്വലിതേ!
ഭാരതരണഭുവിവീരജനാനാം
ഭോജനദാനസമുത്സുകചരിതേ!
ജയ  ജയ  കോമളകേരളധരണീ
ജയ  ജയ  മാമകപൂജിതജനനീ
പ്രേമദമാകും പ്രമദവനംതാന്‍
ശ്യാമളസുന്ദരമെന്നുടെ രാജ്യം!
മലയജസുരഭിലമാരുതനേല്‍ക്കും
മലയാളം ഹാ മാമകരാജ്യം
കല്പകതരുനികരങ്ങള്‍ നിരക്കും
കല്പിതഭീവാണെന്നുടെ രാജ്യം
മരതകമണികളനര്‍ഘമണിഞ്ഞും
പവിഴത്തരികളിടയ്ക്കു തെളിഞ്ഞും
മരിചമനോഹരലതികാശ്ലേഷിത-
തരുനിരതിങ്ങും മാമകരാജ്യം
പല്ലവനിചയം മെല്ലെ വിടര്‍ത്തും
വല്ലികള്‍ തുല്യം കല്യാനിവഹം
കളകളമോതിയിണങ്ങിവരുന്നൊരു
സലിലസമൃദ്ധം മാമകരാജ്യം
ജയ  ജയ  കോമളകേരളധരണീ
ജയ  ജയ  മാമകപൂജിതജനനീ
പശ്ചിമജലധിതരംഗാവലിതന്‍
ഉത്സൃതശീതളശീകരസേവ്യം
വിസ്തൃതഭുവനകലാനിലയോപരി
നിസ്തുലമരുളിന  മോഹനകാവ്യം
കുന്ദലതാപരിസേവിതനിലയം
സുന്ദരകേതകഭൂഷിതവലയം
ചമ്പകകുവലയകൂവളനിവഹം
ജൃംഭിതസുരഭിലമെന്നുടെ രാജ്യം
ജയ  ജയ  ജയ  ജയ  ജയ  ജയ  ജനനീ
ജനനീ മാമകകേരളധരണീ
മാധവമാസം ഞങ്ങള്‍ക്കെന്നും
വാസന്തശ്രീയനുദിനമിവിടെ
മോഹനഖഗഗണകൂജനരാജിത
മോഹദവാടികയെന്നുടെ രാജ്യം
ജാതിമതാന്ധ്യമതാന്തമെതിര്‍ക്കും
ബോധവിഭാവിതമെന്നുടെ രാജ്യം
സര്‍വ്വസ്വതന്ത്രസമസ്ഥിതിദായക
സാര്‍വ്വജനീനകുലീനയുവത്വം
നിത്യവുമെങ്ങു കുതിച്ചുയരുന്നിതു
നിര്‍ഭയമതുതാന്‍ മാമകരാജ്യം
ജയ  ജയ  കോമളകേരളധരണീ
ജയ  ജയ  മാമകപൂജിതജനനീ
പാലൊളിതൂകും പൂന്തുകില്‍ ചാര്‍ത്തും
ലോലകള്‍ വിലസും മലയാളത്തില്‍
പുത്തനിലഞ്ഞിപ്പൂമണമുതിരും
സ്‌നിഗ്ദ്ധകള്‍ മേവും മലയാളത്തില്‍
ചന്ദനമണിയും ചാരുകിശോരകര്‍
ബന്ധുരമാക്കും മലയാളത്തില്‍
തുഞ്ചശുകീകളകണ്ഠനിനാദം
തഞ്ചും മാമക  മലയാളത്തില്‍
മാമകമോഹം മാമകഗേഹം
മാമകനാകം മാമകവിലയം
നിഖിലചരാചരപൂരിതരമ്യേ
സകലജനാന്വയഭൂഷിതധന്യേ
ജയ  ജയ  കോമളകേരളധരണീ
ജയ  ജയ  മാമകപൂജിതജനനീ
ജയ  ജയ  ജയ  ജയ  ജയ  ജയ  ജനനീ
ജനനീ മാമകകേരളധരണീ
 

Follow Us:
Download App:
  • android
  • ios