Asianet News MalayalamAsianet News Malayalam

കേരളഗാന വിവാദത്തിനിടെ കാണാതെപോവുന്ന ജീവിതം; ആരാണ് ബോധേശ്വരന്‍? 

86 വര്‍ഷമായി കേരളത്തിന്റെ ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്ന കേരളഗാനത്തിന്റെ പശ്ചാത്തലത്തില്‍ ബോധേശ്വരന്‍ ജീവിച്ച അസാമാന്യമായ ജീവിതവുമുണ്ട്.  

Profile Bodheswaran author of Kerala gaanam
Author
First Published Feb 5, 2024, 3:23 PM IST

കേരളഗാനവുമായി ബന്ധപ്പെട്ട് പ്രമുഖ ചലച്ചിത്രഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി തുടങ്ങിവെച്ച വിവാദം 
ചലച്ചിത്ര അക്കാദമിയും അതിന്റെ അധ്യക്ഷന്‍ സച്ചിദാനന്ദനും കടന്ന് സ്വാതന്ത്ര്യ സമരസേനാനിയും എഴുത്തുകാരനുമായിരുന്ന യശശ്ശരീരനായ ബോധേശ്വരനില്‍ എത്തിനില്‍ക്കുകയാണ്. കാലങ്ങളായി കേരളം ഏറ്റുപാടുന്ന 'കേരളഗാന'ത്തിന്റെ സ്രഷ്ടാവാണ് ബോധേശ്വരന്‍. 86 വര്‍ഷമായി കേരളത്തിന്റെ ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്ന കേരളഗാനത്തിന്റെ പശ്ചാത്തലത്തില്‍ ബോധേശ്വരന്‍ ജീവിച്ച അസാമാന്യമായ ജീവിതവുമുണ്ട്.  

..................

Also Read: ഇതുള്ളപ്പോള്‍ എന്തിനാണ് മറ്റൊരു കേരളഗാനം; 86 വര്‍ഷമായി കേരളം കേള്‍ക്കുന്ന ഗാനത്തിന്റെ കഥ!

..................
 

ആരാണ് ബോധേശ്വരന്‍

എഴുത്തുകാരന്‍, സ്വാതന്ത്ര്യ സമരസേനാനി, രാഷ്ട്രീയ പ്രവര്‍ത്തകന്‍, ആത്മീയാന്വേഷകന്‍, ദാര്‍ശനികന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍. ആരാണ് ബോധേശ്വരന്‍ എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ അനേകമുണ്ട്. ഇതെല്ലാം കൂടിച്ചേര്‍ന്ന വ്യക്തിത്വമായും ഇതിനപ്പുറവും കേരളീയ സമൂഹത്തില്‍ സജീവമായിരുന്ന മഹദ് സാന്നിധ്യമായും ആ ജീവിതത്തെ വായിച്ചെടുക്കാം. 

സദാ ചിന്തകളില്‍ പുകഞ്ഞുകൊണ്ടിരുന്ന ഒരാള്‍. പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍നിന്നും വായിച്ചെടുക്കാനാവുന്ന ബോധേശ്വരന്റെ കാതല്‍ അതാണ്. നെയ്യാറ്റിന്‍കര ചമ്പയില്‍ പുത്തന്‍ വീട്ടില്‍ കുഞ്ഞന്‍പിള്ളയുടേയും ജാനകി അമ്മയുടേയും മകനായി 1904 ഡിസംബറില്‍ ജനിച്ച ബോധേശ്വരന്റെ പേര് കേശവപ്പിള്ള എന്നായിരുന്നു. ആത്മീയാന്വേഷണങ്ങളുടെ ഭാഗമായി ദേശാടനത്തിനിറങ്ങിത്തിരിച്ച ബോധേശ്വരന്‍ കാശിയില്‍ വച്ചാണ് കേശവപിള്ളയെന്ന പേര് മാറ്റി ബോധേശ്വരനായി മാറിയത്. 

സ്വാതന്ത്ര്യ പോരാട്ടത്തിലേുള്ള വഴികള്‍

കാഞ്ഞിരംകുളം ഹൈസ്‌കൂളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ചെറുപ്പത്തിലേ അറിവന്വേഷണങ്ങളുടെ വഴിയിലേക്കാണ് ആ കുട്ടി ചെന്നുനിന്നത്. ആ അന്വേഷണം പതിയെ ആത്മീയ വഴികളിലേക്ക് തിരിഞ്ഞു. നന്നായി പഠിച്ചിരുന്ന മിടുക്കനായ കുട്ടി സന്യാസിയാവാനാണ് ആദ്യം തീരുമാനിച്ചത്. ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ചുള്ള ആ അന്വേഷണം കൗമാരാനന്തരം ചെന്നുനിന്നത്  ആര്യസമാജത്തിലാണ്. പിന്നീട്, ബ്രഹ്മസമാജം, ശ്രീരാമകൃഷ്ണ മിഷന്‍ തുടങ്ങിയ ആധ്യാത്മിക പ്രസ്ഥാനങ്ങളിലും ചെന്നുപറ്റി. അതിനിടയിലാണ് അദ്ദേഹം ഗുരുവിന്‍െ കണ്ടെത്തിയത്. ആ കാലത്തിന്റെ ജ്ഞാനാന്വേഷണങ്ങളുടെ സൂര്യതേജസ്സായിരുന്ന ശ്രീനാരായണ ഗുരു ആത്മീയമായ അശാന്തികള്‍ക്ക് സാന്ത്വനമായി. ഗുരുവിന്റെ ദര്‍ശനവും കാഴ്ചപ്പാടുകളും അദ്ദേഹത്തെ ആഴത്തില്‍ മാറ്റിപ്പണിതു. തുടര്‍ന്ന് അദ്ദേഹം, ഗുരുവിന്റെ ശിഷ്യനായി. ഗുരു അദ്ദേഹത്തിന് ദീക്ഷനല്‍കി. എന്നാല്‍, സന്യാസ ജീവിതത്തില്‍ തുടരുന്നതിനു പകരം, രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വൃാപൃതനാവാനായിരുന്നു ശിഷ്യനോടുള്ള ഗുരുവിന്റെ ഉപദേശം. ആ നിര്‍ദേശം ശിരസ്സാവഹിച്ച അദ്ദേഹം ആത്മീയപാതയില്‍നിന്നും സാമൂഹ്യ പ്രവര്‍ത്തന പാതയിലേക്ക് തിരിഞ്ഞു. 

അങ്ങനെയാണ്, സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ഭാഗമായി അദ്ദേഹം മാറിയത്. എഴുത്തിലൂടെയും ചിന്തയിലൂടെയും മാത്രമല്ല, സംഘര്‍ഷഭരിതമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വെല്ലുവിളികളിലൂടെയും അദ്ദേഹം നടന്നു. അക്കാലത്തെ വലിയ ചിന്തകരുമായും രാഷ്ട്രീയ പ്രവര്‍ത്തകരുമായും മാനസിക ഐക്യം സ്ഥാപിച്ചു. 
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ക്ഷേത്ര പ്രവേശന സമരം വൈക്കം സത്യാഗ്രഹം തുടങ്ങി നിരവധി സമരങ്ങളില്‍ പങ്കെടുത്തു. ജാതിക്കെതിരായ പോരാട്ടങ്ങളുടെ മുന്നണിയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ചു. ജീവിതത്തിന്റെ പലകരകളില്‍ കലഞ്ഞുനടന്നിരുന്ന അദ്ദേഹം ഇതോടൊപ്പം തന്നെ എഴുത്തും കൂടെക്കൊണ്ടുനടന്നിരുന്നു. 

മൂന്ന് പെണ്‍കുട്ടികളുടെ വീട് 

സംസ്‌കൃത പണ്ഡിതയും യൂനിവേഴ്‌സിറ്റി കോളജ് അധ്യാപികയുമായിരുന്ന പ്രൊഫ. കാര്‍ത്ത്യായനി അമ്മയായിരുന്നു ഭാര്യ. എഴുത്തിലും ജ്ഞാനാന്വേഷണങ്ങളിലും താങ്ങും തണലുമായിരുന്നു ഇരുവരും. തികച്ചും മതേതരമായ, രാഷ്ട്രീയവും എഴുത്തും വായനയും നിറഞ്ഞുനിന്ന ആ ഗാര്‍ഹികാന്തരീക്ഷമാണ് അവര്‍ക്ക് പിറന്ന മൂന്ന് കുട്ടികളുടെയും ജീവിതത്തെ പരുവപ്പെടുത്തിയത്. മൂവരും പിന്നീട് കേരളീയ സാമൂഹ്യ ജീവിതത്തിന്റെ തന്നെ ഭാഗമായിമാറി. മൂത്തവള്‍ ഡോ. ഹൃദയകുമാരി പിന്നീട് മികച്ച സാഹിത്യ അധ്യാപിക, പണ്ഡിത, എഴുത്തുകാരി, വിദ്യാഭ്യാസ വിചക്ഷണ, പ്രാസംഗിക എന്നീ നിലകളിലെല്ലാം പേരെടുത്തു. രണ്ടാമത്തെ മകള്‍ സുഗതകുമാരി മലയാള കവിതയുടെ വരുംകാലങ്ങളിലേക്കു കൂടി നിലാവ് പൊഴിച്ച എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും പരിസ്ഥിതി പ്രവര്‍ത്തകയും പോരാളിയുമായി മാറി. ആത്മീയവഴികളിലൂടെ സഞ്ചരിച്ച മൂന്നാമത്തെ മകള്‍ സുജാതാ ദേവി അധ്യാപിക, എഴുത്തുകാരി, ദാര്‍ശനിക എന്നിങ്ങനെ വേറിട്ടുനിന്നു. 

ദേശാഭിമാന പ്രചോദിതമായിരുന്നു ബോധേശ്വരന്റെ സാഹിത്യ ലോകം. ആദര്‍ശാരാമം (1926), മത പ്രബന്ധങ്ങള്‍ (1929), ഹൃദയാങ്കുരം (1931), സ്വതന്ത്ര കേരളം (1938) എന്നിവയാണ് ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍. അക്കാലത്ത് ആനുകാലികങ്ങളില്‍ സജീവമായിരുന്ന അദ്ദേഹത്തിന്റെ അനേകം അനേകം ലേഖനങ്ങളും പഠനങ്ങളും ഇപ്പോഴും സമാഹരിക്കപ്പെടാതെയുണ്ട്. 

...............

Also Read: 'സുഗതകുമാരി ക്ഷുഭിതയായി, മന്ത്രി മുങ്ങി, 'കേരളഗാനം' മാറ്റാന്‍ 18 വര്‍ഷം മുമ്പ് ശ്രമിച്ചപ്പോള്‍ നടന്നത്!

...............

 

കേരളം എന്ന വികാരം 

ഐക്യകേരളത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു അദ്ദേഹം. തെക്കന്‍ തിരുവിതാംകൂര്‍ കേരളത്തിലാണ് ഉണ്ടാവണ്ടേത് എന്നായിരുന്നു ബോധേശ്വരന്റെ പക്ഷം. കന്യാകുമാരി ജില്ല തമിഴ്‌നാടിനോട് ചേര്‍ക്കപ്പെട്ടതോടെ അദ്ദേഹമടക്കമുള്ള അനേകം പേര്‍ക്ക് വലിയ ആഘാതമായിരുന്നു. ഏറെക്കാലം അദ്ദേഹമത് കൊണ്ടുനടന്നതായി പില്‍ക്കാലത്ത് ഒരഭിമുഖത്തില്‍ അദ്ദേഹത്തിന്റെ മകള്‍ സുഗതകുമാരി ഓര്‍ക്കുന്നുണ്ട്.  ''അഖണ്ഡകേരളമായിരുന്നു അച്ഛന്‍ ബോധേശ്വരന്‍ എന്നും സ്വപ്നം കണ്ടിരുന്നത്. എന്നാല്‍ ഐക്യകേരളവും മലയാളത്തിന്റെ ഉന്നതിയും സ്വപ്നംകണ്ടു നടന്നിരുന്ന കവി തെക്കന്‍ തിരുവിതാംകൂര്‍ ഐക്യകേരളത്തില്‍ നിന്ന് നഷ്ടമായി എന്നതില്‍ അവസാനകാലംവരെ വിഷമിക്കുകയും ചെയ്തു. ഐക്യകേരള രൂപവത്കരണം ആനയും അമ്പാരിയുമൊക്കെയുള്ള ഘോഷയാത്രയോടെ ആഘോഷിക്കപ്പെട്ടപ്പോള്‍ അച്ഛന്‍ വീട്ടില്‍ തന്നെ വിഷമിച്ചിരുന്നു. അന്ന് അദ്ദേഹം ഉപവസിക്കുകയും ചെയ്തു. തുടര്‍ന്ന് നവംബര്‍ ഒന്നിന് ഉപവസിക്കുന്നത് പതിവാക്കി. വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അച്ഛന്‍ ആ പതിവ് ഉപേക്ഷിച്ചത്.''-സുഗതകുമാരി പറയുന്നു. 

രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂടെപ്പോന്ന ദേശപ്രണയമായിരുന്നു അദ്ദേഹത്തിന്റെ കാവ്യലോകത്തിന്റെ കേന്ദ്രം. എന്നാല്‍, അവിടെത്തന്നെ നിന്നുപോയില്ല അദ്ദേഹം, ആത്മീയമായ അന്വേഷണങ്ങളും സര്‍ഗാത്മകമായ തുറസ്സുകളിലേക്കുള്ള സഞ്ചാരങ്ങളും ആ കവിതകളില്‍ പ്രതിഫലിച്ചു. ആദ്യകാലങ്ങളില്‍ പരാജയബോധമായിരുന്നു ആ കവിതകളില്‍ നിഴലിച്ചതെങ്കിലും പിന്നീടത് ദാര്‍ശനികമായ അനേകം പ്രതലങ്ങളിലേക്ക് പടര്‍ന്നു. പരന്ന വായനയുണ്ടായിരുന്ന അദ്ദേഹം ലോകകവിതയിലെ മാറ്റങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കിയിരുന്നു. ഇതെല്ലാം ചേര്‍ന്ന എഴുത്തുലോകത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഒരു കവിതയായിരുന്നു. 1938-ല്‍ എഴുതിയ കേരള ഗാനം. കേവലം 25 വരികളുള്ള ആ കവിത പിന്നീട്, കേരളപ്പിറവിയുടെ തുടികൊട്ടായി മാറി. അതിനുശേഷവും കേരളീയ സമൂഹത്തില്‍ അഗാധമായ സ്വാധീനം ചെലുത്തി ആ കവിത യാത്ര തുടര്‍ന്നുപോരുന്നു.  

കേരളഗാനമായി ആലപിക്കപ്പെട്ടത് ഇതേ ഗാനമാണ്.  പിന്നീട്, കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വന്ദേഭാരത് സമര്‍പ്പണ ചടങ്ങിലും മനോഹരമായ ആ ഗാനം മുഴങ്ങി. 2014-ലാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ ആ ഗാനം കേരള സാംസ്‌കാരിക വകുപ്പിന്റെ ഔദ്യോഗിക ഗാനമായി തെരഞ്ഞെടുത്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സ്‌കൂളുകളില്‍ ആ ഗാനം കേരളഗാനമായി ആലപിക്കണമെന്ന് അന്ന് സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിയിരുന്നു. അതു കഴിഞ്ഞ്, 10 വര്‍ഷത്തിനു ശേഷമാണ്, ആ ഗാനത്തിനു പകരം മറ്റൊരു കേരളഗാനം സൃഷ്ടിക്കാന്‍ കേരളത്തിന്റെ സാംസ്‌കാരിക വകുപ്പും സാഹിത്യ അക്കാദമിയും നടത്തുന്ന ശ്രമങ്ങള്‍ വിവാദമായത്. 

.................

Also Read: ജയ  ജയ  കോമളകേരളധരണീ; ബോധേശ്വരന്‍ എഴുതിയ കേരളഗാനം
.................

Follow Us:
Download App:
  • android
  • ios