ഇടുക്കി: ഇടമലക്കുടിയിൽ നിന്ന് ഊരുവിലക്കപ്പെട്ട ചിന്നതമ്പിക്കും ഭാര്യക്കും കുടിയിൽ കയറാൻ തടസമില്ലെന്ന് മൂപ്പൻമാർ. തെറ്റ് സമ്മതിച്ച് ഊരുകൂട്ടത്തിൽ മാപ്പ് പറഞ്ഞാൽ ഇരുവരുടെയും വിലക്ക് പിൻവലിക്കും. പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ മാറ്റുന്ന മുറക്ക് അധ്യാപകന്‍റെ വിലക്ക് മാറ്റുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും ദേവികുളം സബ് കളക്ടർ എസ്.പ്രേം കൃഷ്ണയുടെ നേത്യത്വത്തിൽ നടത്തിയ ചർച്ചയിൽ മുപ്പൻമാർ പറഞ്ഞു.

സർക്കാരിന്‍റെ നിർദ്ദേശപ്രകാരം  നവംബര്‍ 26ന് ഉച്ചയോടെയാണ് ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണ ഇരുവിഭാഗങ്ങളെയും അനുരജ്ഞന ചർച്ചകൾക്കായി വിളിച്ചത്.  ഷെഡ്ഡുകുടിയിലെ കനകരാജ്, ബാലൻ, ഇടലിപാറക്കുടിയിൽ നിന്ന് മണിമുത്തു, പുതുക്കുടിയിൽ നിന്ന് രാജൻ എന്നിവരാണ് കുടിയെ പ്രതിനീതീകരിച്ച് എത്തിയത്. തുടർന്ന് ഊരുവിലക്കപ്പെട്ട അധ്യാപകൻ മുരളി, കുടി നിവാസി ചിന്നത്തമ്പി എന്നിവരുമായും മുപ്പൻമാരുമായും സബ് കളക്ടർ ചർച്ചകൾ നടത്തി.

ചർച്ചയിൽ മുപ്പൻമാർ പറഞ്ഞ രണ്ടു കാര്യങ്ങളും ഊരുവിലക്കപ്പെട്ടവർ അംഗീകരിച്ചതോടെയാണ് പ്രശ്ന പരിഹാരമായത്. ഊരുകൂട്ടത്തിൽ ചിന്നത്തമ്പി മാപ്പ് പറയുന്നതോടെ ഇവരുടെ വിലക്ക് പിൻവലിക്കും. പുസ്തകത്തിൽ കുടി നിവാസികളെ കുറിച്ചുള്ള തെറ്റായ പരാമർശങ്ങൾ ഒഴിവാക്കുന്ന മുറക്ക് അധ്യാപന്‍റെ വിലക്ക് മാറ്റുന്നത് സംബന്ധിച്ച് തീരുമാനമാകുമെന്നും സബ് കളക്ടർ പറഞ്ഞു. ഇടമലക്കുടി നിവാസികളുടെ സമുദായത്തെ തെറ്റായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് മൂവരെയും മുപ്പൻമാർ ഊരുവിലക്കായത്. ഊരുകൂട്ടത്തിൽ മൂവരെയും വിളിച്ചെങ്കിലും ഇവർ പങ്കെടുത്തില്ല.