ഇടുക്കി: ആദിവാസി കുടികളിലുള്ളവർക്കായി വനം വകുപ്പ് മറയൂരില്‍ ആരംഭിച്ച ചില്ല മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം അരപതിറ്റാണ്ട് പിന്നിടുന്നു. മറയൂര്‍ മേഖലയിലെ ഇരുപതോളം കുടികളില്‍ നിന്നും മുന്നൂറോളം കര്‍ഷകരാണ് കാര്‍ഷിക വിളകള്‍ മാര്‍ക്കറ്റിലെത്തിച്ച് വില്‍പ്പന നടത്തുന്നത്. 

മറയൂര്‍ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ആദിവാസി കുടികളില്‍ വിഷമയമില്ലാത്ത ഗുണമേന്മയുള്ള പച്ചക്കറിയും മറ്റും കര്‍ഷകര്‍ ധാരാളമായി ഉല്‍പ്പാദിപ്പിക്കുമ്പോഴും വിറ്റഴിക്കുന്നതിനുവേണ്ട സംവിധാനമില്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇടനിലക്കാരാണ് കുടികളിലെത്തി ഇവ വാങ്ങിയിരുന്നത്. അതുകൊണ്ട് പച്ചക്കറിയുടെ വില നിശ്ചയിച്ചിരുന്നതും ഇവര്‍ തന്നെയാണ്. വിപണിയില്‍ വില അധികമായി ലഭിക്കുമ്പോഴും കര്‍ഷകര്‍ക്ക് ന്യായവില ലഭിച്ചിരുന്നില്ല. 

ഈ സാഹചര്യത്തിലാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ ചില്ല എന്ന പേരില്‍ ആദിവാസി കുടികളിലെ ഉല്‍പ്പന്നങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുന്നതിന് മാര്‍ക്കറ്റ് ആരംഭിച്ചതെന്ന് മറയൂര്‍ ഡിഎഫ്ഒ ഡി രഞ്ചിത്ത് പറയുന്നു. കര്‍ഷകര്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ അവരുടെ മുന്നില്‍വച്ചുതന്നെ ലേലം ചെയ്യും. ലേലം നടത്തുന്നതും പണം വാങ്ങി കര്‍ഷകന് നല്‍കുന്നതും വനം വകുപ്പാണ്. എല്ലാ വ്യാഴാഴ്ചകളിലും പതിനൊന്നുമണിയോടെ ആരംഭിക്കുന്ന മാര്‍ക്കറ്റില്‍ എഴുപതിനായിരം രൂപയുടെ വരെ വിപണനം നടക്കുന്നുണ്ട്. 

ആദിവാസി കുടികളില്‍ നിന്നും അന്യം നിന്നുപോയ പരമ്പരാകത വിത്തിനങ്ങളെ തിരികെയെത്തിച്ച് കരനെല്‍ കൃഷിയും ചിന്നാര്‍ ചെമ്പകക്കാട് കുടിയില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നുണ്ട്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയുടെ നേതൃത്വത്തില്‍ ആദിവാസി കുടിയിലെ പോഷകാഹാരക്കുറവിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് പുനര്‍ജീവനം പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചത്. 

ആദിവാസി കുടികളില്‍ നിന്നും അന്യം നിന്നുപോയ റാഗിയും, കേപ്പയുമടക്കമുള്ള തനത് കൃഷികള്‍ തിരികെയെത്തിക്കുകയും ചെയ്തു. ചിന്നാര്‍ തായണ്ണന്‍ കുടിയില്‍ ആരംഭിച്ച പദ്ധതി വിജയത്തിലെത്തുകയും ദേശീയതലത്തില്‍ അംഗീകാരവും ലഭിച്ചു. ഇതോടൊപ്പമാണ് കാടുകളില്‍ നിന്നും പടിയിറങ്ങിയ കരനെല്‍ കൃഷികൂടി തിരികെയെത്തിക്കുന്നതിന് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 

പരീക്ഷണാടിസ്ഥാനത്തില്‍ ചിന്നാര്‍ ചെമ്പക്കാട്ട് കുടിയിലാണ് ഇരുപത്തിരണ്ട് കരനെല്ലിനങ്ങള്‍ കൃഷിയിറക്കിയതെന്ന് ജീവനക്കാരന്‍ ധനുഷ്‌കോടി പറയുന്നു. നിലവില്‍ ചെയ്തിരിക്കുന്ന കൃഷിയില്‍ നിന്നും വിത്തുശേഖരിച്ച് തുടര്‍ന്നുള്ള വര്‍ഷത്തില്‍ കൃഷി വിപുലമാക്കുകയും മറ്റ് കുടികളിലേക്ക് ഇത് വ്യാപിപ്പിക്കുകയും ചെയ്യും. 

വിത്തും മറ്റ് സഹായങ്ങളും വനം വകുപ്പാണ് നല്‍കുന്നത്. ഇരുപത്തി രണ്ടിനം വിത്തുകള്‍ വിതച്ചതില്‍ പതിനെട്ടെണ്ണമാണ് വിജയിച്ചത്. കടുത്ത വരള്‍ച്ചയെ പോലും അതിജീവിക്കാന്‍ കഴിയുന്നതും പ്രത്യുല്‍പ്പാദന ശേഷിയുള്ളതുമായ വിത്തുകളാണ് ഇവയെന്നും വരും വര്‍ഷങ്ങളില്‍ കരനെല്‍ കൃഷി വ്യാപിപ്പിക്കാന്‍ കഴിയുമെന്നുമാണ് അധികൃതര്‍ പ്രതീക്ഷ.