കേരളാ വനം വകുപ്പ്, വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി നടത്തിയ 2020 ലെ വന്യജീവി ഫോട്ടോഗ്രഫി മത്സരഫലം സമൂഹമാധ്യമങ്ങളില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു. പ്രോത്സാഹന സമ്മാനങ്ങള്‍ ലഭിച്ച പല ചിത്രങ്ങളും അവാര്‍ഡിന് യോഗ്യമായിരുന്നുവെന്ന പരാതിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രധാനമായും പങ്കുവയ്ക്കപ്പെട്ടത്. അതോടൊപ്പം വന്യജീവി ഫോട്ടോഗ്രഫി മത്സരത്തില്‍ 'വന്യത'യില്ലായിരുന്നുവെന്ന പരാതിയടക്കം നിരവധി പരാതികളാണ് ഉയര്‍ന്നത്. അറിയാം ആ വിവാദ വഴികള്‍. 

വന്യജീവി വാരാഘോഷത്തിന്‍റെ ഭാഗമായി ഫോട്ടോഗ്രഫി മത്സരം, ഷോര്‍ട്ട് ഫിലിം മത്സരം, പോസ്റ്റര്‍ ഡിസൈനിങ്ങ്, ട്രാവലോഗ് റൈറ്റിങ്ങ്, ഓണ്‍ലൈന്‍ ക്വിസ്, എന്നിങ്ങനെ വിവിധ മത്സരങ്ങളാണ് നടന്നത്. കഴിഞ്ഞ ഒമ്പതാം തിയതി വനം വകുപ്പിന്‍റെ ഫേസ്ബുക്ക് പേജ് വഴി മത്സര ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍, തൊട്ട് പിന്നാലെ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നു. പരാതികളിലധികവും, നല്ല ചിത്രങ്ങള്‍ ഉണ്ടായിരുന്നിട്ടും തഴയപ്പെട്ടെന്നും വ്യക്തി താല്പര്യങ്ങള്‍ക്ക് അനുസരിച്ച് സമ്മാനിക്കുന്ന ഒന്നായി വനം വകുപ്പിന്‍റെ അവാര്‍ഡ് മാറിയെന്നുമായിരുന്നു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ അനേകം വര്‍ഷങ്ങളായി നടക്കുന്ന ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ സ്ഥിരം വിധികര്‍ത്താക്കളെ നിയമിക്കുന്നതിനാല്‍ വിധി നിര്‍ണ്ണയങ്ങള്‍ സ്വാധീനിക്കപ്പെടുന്നതായും സര്‍ക്കാര്‍ വകുപ്പുകളുടെ ഈ നിലപാട് മാറ്റേണ്ടത് ആവശ്യമാണെന്നും ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍പറഞ്ഞു. നീതിപൂര്‍വ്വകമായ ഒരു തെരഞ്ഞെടുപ്പാണ് നടത്തേണ്ടത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് സംബന്ധിച്ചുണ്ടായ പരാതികളില്‍ സംഘടന, ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഇത്തവണയും മാറ്റമൊന്നും ഉണ്ടായിരുന്നില്ലെന്നും ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

സര്‍ക്കാര്‍ വകുപ്പുകളില്‍ നടക്കുന്ന മത്സരങ്ങളില്‍ പലപ്പോഴും ഇത്തരത്തില്‍ ലോബിയിങ്ങ് നടക്കുന്നുണ്ടെന്ന് കേരളത്തിലെ ഏക ഫോട്ടോഗ്രാഫി മാഗസിനായ ഫോട്ടോ വൈഡിന്‍റെ എഡിറ്റര്‍ എ പി ജോയി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. മുന്‍വര്‍ഷങ്ങളിലും ഇത്തരം ആരോപണം ഉയര്‍ന്നിരുന്നു. ചിത്രങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് പറയാന്‍ വിധികര്‍ത്താക്കള്‍ തയ്യാറാകാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. ഇത് തിരുവനന്തപുരം ലോബിയിങ്ങിന്‍റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പുതിയ കാലത്ത് ഏറ്റവും പുതിയ സാങ്കേതികവിദ്യയുമായി ആയിരക്കണക്കിന് ചെറുപ്പക്കാരാണ് കേരളത്തിലുള്ളത്. ഇവരെയൊന്നും ആരുമറിയാത്തതിന് കാരണം സര്‍ക്കാര്‍ തലത്തിലുള്ള ഇത്തരം പരിപാടികളെല്ലാം തന്നെ ഒരു ഗ്രൂപ്പിന്‍റെ കൈയില്‍ മാത്രം ഒതുങ്ങുന്നതിനാലാണ്. ഇത്തരമൊരു വിഷയത്തില്‍ പ്രതികരണവുമായി വന്നാല്‍ അടുത്ത വര്‍ഷം മത്സരം തന്നെ ഉപേക്ഷിക്കാനാണ് സാധ്യതയെന്നും അതുകൊണ്ട് തന്നെ ഫോട്ടോഗ്രാഫേഴ്സ് ആരും ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറാകില്ലെന്നും ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പുകളില്‍ മാറ്റണമുണ്ടാകണമെന്നും എ പി ജോയി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

(ഒന്നാം സ്ഥാനം നേടിയ ചിത്രം പകര്‍ത്തിയത് രവി പി എന്‍.)

മത്സര മാനദണ്ഡങ്ങള്‍ 

സെപ്തംബര്‍ 15 മുതല്‍ 30 വരെയായിരുന്നു വന്യജീവിവാരോഘോഷത്തിന്‍റെ ഭാഗമായി മത്സരങ്ങള്‍ സംഘടിപ്പിച്ചത്. കൃത്യമായ മാനദണ്ഡങ്ങള്‍ വഴി ഓണ്‍ലൈനില്‍ ക്ഷണിച്ച മത്സരത്തിലേക്ക് 221 പേര്‍ പങ്കെടുക്കുകയും 834 ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളിലേക്കായി ലഭിച്ചെന്നും ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുജിത്ത് ആര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിധി നിര്‍ണ്ണയത്തിനും കൃത്യമായ മാനദണ്ഡം പുലര്‍ത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

JPEG ഫോര്‍മാറ്റിലുള്ള ചിത്രങ്ങളാണ് മത്സരത്തിനായി ക്ഷണിച്ചിരുന്നത്. ചിത്രങ്ങള്‍ക്ക് പരാമവധി 3000 റെസല്യൂഷനും, പരമാവധി 8 മെഗാബൈറ്റ് സൈസും വേണം. ഇത്തരം നിബന്ധനകളോടൊപ്പം തന്നെ കഴിഞ്ഞ തവണ മുതല്‍ വന്യജീവി ഫോട്ടോഗ്രഫി മത്സരത്തിലേക്ക് കാടിന് പുറത്ത് നിന്നുള്ള പടങ്ങളും പരിഗണിച്ചിരുന്നു. മത്സരത്തിലേക്ക് അയയ്ക്കുന്ന ചിത്രങ്ങള്‍ കേരള സംസ്ഥാനത്തിനകത്ത് നിന്നുള്ള പ്രകൃതി, വന്യജീവികളുടെ ചിത്രങ്ങളായിരിക്കണമെന്നതായിരുന്നു ഇത്തവണത്തെ നിബന്ധനയെന്നും അതുകൊണ്ട് കേരളത്തിനുള്ളില്‍ നിന്ന് ലഭിച്ച എല്ലാ പടങ്ങളും മത്സരത്തിനായി പരിഗണിച്ചിരുന്നെന്നും സുജിത്ത് ആര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. മത്സര ഫലങ്ങളാകുമ്പോള്‍ രണ്ട് അഭിപ്രായമുണ്ടാകുമെങ്കിലും വളരെ സുതാര്യമായ രീതിയിലാണ് തങ്ങള്‍ ഈ മത്സരം കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 

(രണ്ടാം സ്ഥാനം നേടിയ ചിത്രം പകര്‍ത്തിയത് ശാലിനി പി എസ്.)

മത്സര ചിത്രങ്ങളുടെ പരിഗണനയും വിവാദവും വിധികര്‍ത്താക്കള്‍ പറയുന്നു 

കഴിഞ്ഞ വര്‍ഷവും ഇതേ പ്രശ്നം നേരിട്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ സ്വന്തം ചിത്രത്തിന് കിട്ടുന്ന പ്രതികരണങ്ങളില്‍ നിന്ന് ഉണ്ടാകുന്ന അമിത പ്രതീക്ഷയില്‍ നിന്നാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്നും വിധികര്‍ത്താക്കളില്‍ ഒരാളായ ബാലന്‍ മാധവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  കൃത്യമായൊരുത്തരം പറയാന്‍ ഇത് കണക്ക് കൂട്ടലോ അത്ലറ്റിക് മത്സരമോ അല്ല. മറിച്ച് കലയെയാണ് വിലയിരുത്തേണ്ടത്. ഞങ്ങള്‍ മൂന്ന് പേരായിരുന്നു വിധി കര്‍ത്താക്കളായി ഉണ്ടായിരുന്നത്. മൂന്ന് പേരും അഞ്ച് മണിക്കൂറോളം ഇരുന്നാണ് 834 ഓളം ചിത്രങ്ങളില്‍ നിന്ന് അവാര്‍ഡിനര്‍ഹമായത് തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.  

ഒരു പക്ഷേ തിരുവനന്തപുരത്ത് നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാകാം ഇത്തരമൊരു കോക്കസ് ആരോപണം ഉയര്‍ന്നത്. ഇതേ ചിത്രങ്ങള്‍ മറ്റൊരാള്‍ വിധിനിര്‍ണ്ണയത്തിനെടുത്താല്‍ മറ്റ് ചിലരാകും ജേതാക്കളെന്നും അത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പല റൌണ്ടുകള്‍ കടന്നാണ് ഒരു ചിത്രം അവസാന റൌണ്ടിലെത്തുന്നത്. അതില്‍ നിന്ന് ഓരോ ചിത്രങ്ങളെയും എടുത്ത് വിശകലനം ചെയ്താണ് അവാര്‍ഡിനായി ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. ഇത്തവണത്തെ അവാര്‍ഡ് ലഭിച്ച മൂന്നാമത്തെ ചിത്രത്തെ കുറിച്ചായിരുന്നു ഏറെ ആരോപണങ്ങള്‍ ഉയര്‍ന്നത്. മൂന്നാം സ്ഥാനം കിട്ടിയ മെയില്‍ ഡോമിനന്‍റ് ആയിട്ടുള്ള ഒരു ബുള്ളിന്‍റെ ടൈറ്റ് ഷോട്ടാണത്. മൂന്ന് വിധി കര്‍ത്താക്കള്‍ക്കും ഇഷ്ടപ്പെട്ട ചിത്രമായിരുന്നു അത്. ചിത്രം അവസാന റൌണ്ടില്‍ മുന്നിലേക്ക് വരുമ്പോള്‍ നടക്കുന്ന ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തിലാണ് അതിന് അവാര്‍ഡ് നല്‍കുന്നത്. അതില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസം വരുമ്പോള്‍ ഭൂരിപക്ഷാഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ അവാര്‍ഡ് നല്‍കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ പലതവണ നിരസിക്കപ്പെട്ട ഫോട്ടോയ്ക്ക് എനിക്ക് യു എന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അപ്പോള്‍, അതാണ് മത്സരത്തിന്‍റെ സ്വഭാവം. ഒരിടത്ത് നിഷേധിക്കപ്പെടുന്നത് മറ്റൊരിടത്ത് ലഭിക്കുന്നു. കാരണം ഇത് കലയാണെന്നും ബാലന്‍ മാധവന്‍ പറഞ്ഞു. 

സമൂഹമാധ്യമങ്ങളില്‍ ആര്‍ക്കും എന്തും പറയാമെന്നതെന്നതാണ് രീതി. അതിന്‍റെ കൂടി ഭാഗമായിട്ട് കൂടിയാണ് ഈ വിവാദം. ഏതായാലും ഇനിയും ഇത്തരം വിധി നിര്‍ണ്ണയങ്ങളില്‍ പങ്കെടുക്കണമെന്നതില്‍ വ്യക്തിപരമായി തനിക്ക് അഭിപ്രായമില്ലെന്നും പരാതിയുള്ളവര്‍ ചെയ്യേണ്ടത് ഒരു മെമ്മോറാണ്ടം എഴുതി ഈ വിധി കര്‍ത്താക്കളെ മാറ്റണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയാണെന്നും ബാലന്‍ മാധവന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. പൊതുജനത്തിന് കാട്ടില്‍ കയറി ചിത്രമെടുക്കാനുള്ള സംവിധാനം വനം വകുപ്പ് നല്‍കുന്നില്ല. അത്തരമൊരവസ്ഥയില്‍ കാട്ടില്‍ നിന്ന് എടുക്കുന്ന ചിത്രങ്ങള്‍ മാത്രം അവാര്‍ഡിന് ക്ഷണിക്കുന്നതില്‍ യുക്തിയില്ലെന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു. അങ്ങനെയാണ് വനംവകുപ്പിന്‍റെ ഫോട്ടോഗ്രഫി അവാര്‍ഡിനുള്ള ചിത്രങ്ങള്‍ക്ക് ' പ്രകൃതി, വന്യ ജീവിത ' ചിത്രങ്ങളെന്ന തരത്തില്‍ മാറ്റം വരുത്തിയതെന്നും ബാലന്‍ മാധവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കലയ്ക്ക് മാര്‍ക്കിടാന്‍ മറ്റ് മത്സരങ്ങള്‍ പോലെ സാധ്യമല്ലെന്നും വിധികര്‍ത്താക്കളുടെ അഭിപ്രായ ഐക്യമാണ് മുഖ്യമെന്നും ഇത്തവണ ലഭിച്ച ചിത്രങ്ങളില്‍ ഏതാണ്ട് 90 ശതമാനത്തിന് മുകളില്‍ നിലവാരം കുറഞ്ഞ ചിത്രങ്ങളായിരുന്നുവെന്നും മറ്റ് വിധികര്‍ത്താക്കളായ സുരേഷ് ഇളമണ്ണും വിനയ് കുമാറും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

 

( മൂന്നാം സ്ഥാനം ലഭിച്ച ചിത്രം പകര്‍ത്തിയത് രാഹുല്‍.)

 

2020 കേരള വനം വകുപ്പ് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ അവാര്‍ഡിനര്‍ഹമായ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക