കോഴിക്കോട്: നവീകരിച്ച കൊയിലാണ്ടി നഗരസഭ ഓഫീസ് സ്മാർട്ട്‌ ആകുന്നു. നഗരസഭ ഓഫീസ് ഡിജിറ്റലൈസ് ചെയ്ത്  കറൻസിയില്ലാതെ തന്നെ പണമിടപാടുകൾ നടത്തുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.  ഇതിന്റെ ഭാഗമായി നഗരസഭയിൽ പിഒഎസ്  സ്വൈപിംഗ് മെഷീൻ വഴി വിവിധ ഫീസുകൾ, വാടക,  നികുതി, ഗുണഭോക്തൃ വിഹിതങ്ങൾ എല്ലാം ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്താം. നഗരസഭയിലെ   ഫ്രണ്ട് ഓഫീസിലെ ക്യാഷ് കൗണ്ടറിലാണ് ഈ സേവനം ലഭ്യമായിട്ടുള്ളത്.

വസ്തു നികുതി ഓഫീസിൽ വരാതെ തന്നെ ഓൺലൈനായി ഒടുക്കുന്ന സംവിധാനവും നഗരസഭയിൽ സെപ്റ്റംബർ ഒന്ന് മുതൽ  നിലവിൽ വരും. നികുതിദായകർക്ക് എവിടെയിരുന്നും മൊബൈൽ ഫോണിന്‍റെയോ കംപ്യൂട്ടറിന്‍റെയോ സഹായത്തോടെ നികുതിയടക്കാം.

www.tax.lsgkerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് കോഴിക്കോട്  ജില്ലയിൽ കൊയിലാണ്ടി നഗരസഭ തെരഞ്ഞെടുത്ത് നിർദ്ദിഷ്ട കോളത്തിൽ വാർഡ് നമ്പറും വീട്ടു നമ്പറും രേഖപെടുത്തിയാൽ നികുതി അടക്കേണ്ട തുക അറിയാൻ സാധിക്കും. അത് പ്രകാരം നികുതി അടക്കാം.  കുടിശ്ശിക ഇല്ലാതെ നികുതി അടക്കുന്ന മുറയ്ക്ക് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഓൺലൈനായി തന്നെ ഉടമസ്ഥർക്ക് ഡൗൺലോഡ് ചെയ്യാവുന്ന സൗകര്യവും സെപ്റ്റംബർ മുതൽ ലഭ്യമാവും. ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ  www.cr.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി ലഭിക്കും.