കോഴിക്കോട്: ജില്ലയിലെ ഒരു മുനിസിപ്പാലിറ്റി ഒഴികെ എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 31 തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കാണ് കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ അംഗീകാരം നല്‍കിയത്. 

അംഗീകാരം ലഭിച്ച പദ്ധതികള്‍ക്ക് അനുബന്ധ രേഖകള്‍ കൂടി ചില തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ നല്‍കാനുണ്ട്. പ്രത്യേക സാഹചര്യത്തില്‍ ഇവ പരിഗണിക്കാതെയാണ് അംഗീകാരം നല്‍കിയതെങ്കിലും വളരെ അടിയന്തരമായി മറ്റ് അനുബന്ധ രേഖകള്‍ കൂടി ഹാജരാക്കണമെന്ന്  ആസൂത്രണ സമിതി ചെയര്‍മാന്‍ ബാബു പറശേരി പറഞ്ഞു. കൊവിഡ് 19 സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം ചേര്‍ന്നത്. 

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നൂതന പ്രോജക്ടുകള്‍ തയ്യാറാക്കിയെങ്കിലും നൂതന ആശയം ഇല്ലാത്തവ കൂടി ഉള്‍പ്പെടുത്തിയതതിനാല്‍ ഇത്തരം പ്രോജക്ടുകള്‍ വിഭാഗം മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. 15 ശതമാനത്തിലധികം തനത് ഫണ്ട് വകയിരുത്തിയ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസറുടെ സാക്ഷ്യപത്രം നിര്‍ബന്ധമായും സമര്‍പ്പിക്കണം. 

ജില്ലാ പദ്ധതി നിര്‍ദ്ദേശപ്രകാരവും സംസ്ഥാന സര്‍ക്കാരിന്റെ 12 ഇന പരിപാടികള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച പ്രകാരവും പ്രോജക്ടുകള്‍ തയ്യാറാക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തി വാര്‍ഷിക പദ്ധതി അന്തിമമാക്കുന്ന ഘട്ടത്തില്‍ സ്‌നേഹസ്പര്‍ശം ഉള്‍പ്പെടെയുള്ള പ്രോജക്ടുകള്‍ തയ്യാറാക്കണം. ഇവ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ ഉറപ്പു വരുത്തണം.