ഇടുക്കി: പുലിപ്പേടിയിലാണ് ഇടുക്കി വണ്ടിപ്പെരിയാറിലെ തോട്ടംമേഖലയായ ഗ്രാൻബി. രണ്ടാഴ്ചക്കിടെ പ്രദേശത്ത് അഞ്ച് പശുക്കളെയാണ് പുലി പിടിച്ചത്. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് ഗ്രാൻബി. ആനയടക്കമുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്നത് പതിവെങ്കിലും നാട്ടുകാർക്ക് ജീവന് ഭീഷണിയില്ലായിരുന്നു. എന്നാൽ പുലിയിറങ്ങിയതോടെ കഥമാറി. 

രണ്ട് ആഴ്ചക്കിടെ അഞ്ച് പശുക്കളെയാണ് പുലി കൊന്നത്. ഇതോടെ നാട്ടുകാർ വീടിന് പുറത്തിറങ്ങാനോ, തോട്ടത്തിൽ പണിക്ക് പോകാനോ ധൈര്യപ്പെടുന്നില്ല. മേഖലയിൽ സ്ഥിരമായി പുലിയിറങ്ങുന്നുണ്ടോയെന്ന് ഉറപ്പിച്ചാൽ മാത്രമേ കെണി വക്കുന്നത് കൊണ്ട് പ്രയോജനമൂള്ളൂവെന്നാണ് വനംവകുപ്പ് പറയുന്നത്. ഇതിനായി ക്യാമറ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം പരീക്ഷണത്തിന് നിൽക്കാതെ എത്രയുംപെട്ടെന്ന് പുലിയെ പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.