പട്ടാമ്പി: പണ്ട് എന്ന് പറഞ്ഞാൽ വളരെ പണ്ട്. ഒരു എട്ടാം ക്ലാസുകാരന്റെ മനസ്സിൽ കൗതുകമായി ഒരു കാര്യം ബാക്കിയായി. മലയാളവും ഇംഗ്ലീഷും അറബിയും എല്ലാത്തിനും ഓരോ ലിപികളുണ്ടല്ലോ, ലിപികളില്ലാത്ത ഭാഷകൾക്ക് സ്വന്തമായി ലിപി നിര്‍മ്മിച്ചാലോ... !! കാലം പിന്നെയും ഒഴുകിയപ്പോഴും ആ സ്വപ്നം പൂവണിയുന്നത് വരെ ആ പഴയ എട്ടാം ക്ലാസുകാരൻ ലിപികൾ നിർമിക്കുന്നത്തിന്‍റെ തിരക്കിലായിരുന്നു. 
പട്ടാമ്പി കിഴായൂർ വളയത്ത് പിലാക്കൽ അബ്ദുല്ല ബിൻ ഹുസൈൻ എന്ന പ്രവാസിയാണ് സ്വന്തമായി ഏഴ് ഭാഷകൾക്ക് ലിപിയുണ്ടാക്കിയത്.  വര്‍ഷങ്ങളുടെ കാത്തിരിപ്പും ക്ഷമയും പഠനവും കൗതുകവും ഏകീകരിച്ചപ്പോൾ ഇന്ത്യയിൽ നിലവിൽ ലിപികളില്ലാത്ത ഏഴ് ഭാഷകൾക്കാണ് ലിപികൾ തയ്യാറായത്. അതില് രണ്ടെണ്ണം ഗൂഡ ഭാഷകളാണ് എന്നതും കൌതുകമാണ്. 

ലക്ഷദ്വീപിലെ പ്രാദേശിക ഭാഷയായ ജസരി, കാസർഗോഡ്, കർണ്ണാടക എന്നിവിടങ്ങളിൽ പ്രചാരത്തിലുള്ള തുളു, മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, കേരളം എന്നിവിടങ്ങളിൽ അധിവസിച്ചു വരുന്ന കൊങ്ങിണികളുടെ ഭാഷയായ കൊങ്കണി, ആദിവാസി വിഭാഗമായ ചോലനായ്ക്കരുടെ ഭാഷ, മറ്റൊരു ഭാഷയായ കൊറഗ എന്നിവക്കും കൂടാതെ മലബാറിലെ ഗൂഡ ഭാഷയായ മൈഗുരുഡുവിനും   തിരുവിതാംകൂറിലെ ഗൂഡഭാഷയായ മൂലഭദ്രിക്കുമാണ് ലിപികൾ തയ്യാറാക്കിയത്. 

ഇതിനിടക്ക് ബ്യാരി ഭാഷക്ക് ലിപി നിര്മിച്ചിരുന്നെങ്കിലും അബുദാബിയിലെ മലയാളി ഡോക്ടർ ആദ്യം നിര്മിച്ചതിനാൽ ഉദ്യമം മാറ്റി വെക്കുകയായിരുന്നു. ഈ ലിപികൾ ഭാവിയിൽ വേറെ ഏതെങ്കിലും ഭാഷക്ക് നൽകാനുള്ള തയ്യാറെടുപ്പിലാണ് ഈ 39 കാരൻ. എല്ലാ ലിപികൾക്കും സ്വരങ്ങളും വ്യഞ്ജനങ്ങളൂം തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ അക്കങ്ങളും തയ്യാറാക്കി കഴിഞ്ഞു. 

ഓരോ ഭാഷയ്ക്കും തയ്യാറാക്കിയ അക്ഷരങ്ങളും ആ ഭാഷയിലെ വാക്കുകളും പഠിക്കാൻ ഓരോ കൈപുസ്തകങ്ങളും ജാസരി ഭാഷയുടെ ഒരു നിഘണ്ടു പൂർണ്ണമായും ജാസരി ഭാഷയ്ക്ക് തയ്യാറാക്കിയിട്ടുള്ള ലിപികളിൽ എഴുതുകയും ചെയ്തിട്ടുണ്ട്. ഓരോ പഠനത്തിനും കൂട്ടായി ഭാര്യ സൽമയും മകൾ നൂറ ഫാത്തിമയും ഒപ്പമുണ്ട്.