തിരുവനന്തപുരം: ജോയിയെന്ന ലോട്ടറികച്ചവടക്കാരന് ഭാഗ്യം വിൽക്കുന്നതിനെക്കാൾ ഇഷ്ടം നാടകത്തോടാണ്. രണ്ടു പതിറ്റാണ്ടിലേറെയായി നൃത്തനാടക രംഗത്തും മിമിക്രി രംഗത്തും സാന്നിധ്യമായി മാറിയ  45 കാരനായ നാട്യങ്ങളില്ലാത്ത ഈ നാടകനടൻ നാട്ടുകാരുടെ പ്രിയപ്പെട്ട 'ലോട്ടറി ജോയി'യാണ്.

ബാലരാമപുരം വണിഗർത്തെരുവ് വാറുവിളാകത്ത് വീട്ടിൽ ജോയിക്ക്  സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ നാടകം തലയ്ക്ക് പിടിച്ചതാണ്. പഠനം പൂർത്തിയാക്കി അലങ്കാര മത്സ്യ വില്പന കേന്ദ്രത്തിൽ സെയിൽസ്മാനായി. നാടകം മനസിൽ കൊണ്ടു നടന്ന ജോയ് ഇരുപത്തിമൂന്നാം വയസിൽ തിരുവനന്തപുരം ഭരതക്ഷേത്ര നാടക കലാകേന്ദ്രത്തിൽ അഭിനേതാവായി. ആറ്റുകാലമ്മ എന്ന നാടകത്തിൽ ചെറിയ വേഷം ചെയ്തു. നാടകാവതരണമില്ലാത്ത ദിവസങ്ങളിൽ നർമകലയെന്ന മിമിക്രി ട്രൂപ്പിനൊപ്പം  പാടാൻ പോയി. പാടാനുള്ള അഭിരുചിയായിരുന്നു, കാരണം. മിമിക്സ് ഗാനമേള അരങ്ങ് വാണ കാലത്തായിരുന്നു, ഇത്. ഇതിനിടെ ബീറ്റ്സ് എന്ന ഗാനമേളട്രൂപ്പിൽ മാനേജരും പാട്ടുകാരനുമായി.

നൃത്ത സംഗീത നാടകങ്ങളിൽ അഭിനയിക്കാൻ താല്പര്യമുള്ള ജോയ് നിരവധി നാടകങ്ങളിലൂടെ ഇതിനകം മൂവായിരത്തിലേറെ വേദികൾ പിന്നിട്ടിട്ടുണ്ട്. രക്ത ചാമുണ്ഡേശ്വരി, ഉജ്ജയിനിയിലെ ശ്രീഭദ്രകാളി ,ശ്രീരുദ്ര ഹേരംബൻ തുടങ്ങിയ നാടകങ്ങളിൽ പ്രധാന വേഷം ചെയ്തു. ഒരേ നാടകത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അസാമാന്യ അഭിനയപാടവമാണ് ജോയിയുടേത്.ഇപ്പോൾ അഭിനയിച്ചു വരുന്ന ഉലകുടയ പെരുമാൾ എന്ന നാടകത്തിൽ നാല് കഥാപാത്രങ്ങളെയാണ് ജോയ് അവതരിപ്പിക്കുന്നത്.

നാടകാവതരണമില്ലാത്ത ദിവസങ്ങളിൽ ഗ്രീൻ റൂം ഉപേക്ഷിച്ച്  ബാലരാമപുരം ജംഗ്ഷനിലെ സഖാവ് ഹോട്ടലിനരികിലെ ലോട്ടറി പീടികയിൽ  ഭാഗ്യന്വേഷകരെത്തേടി ജോയി ഉണ്ടാകും. വെങ്ങാനൂർ പനങ്ങോട് സ്വദേശിയായ ഭാര്യ സുനിത വീട്ടമ്മയാണ്. ഏഴാം ക്ലാസുകാരി അമ്മുവും മൂന്നാം ക്ലാസുകാരി അയനയുമായാണ് മക്കൾ. ലോട്ടറി തൊഴിലാളി യൂണിയൻ സിഐടിയു നേമം ഏരിയാ കമ്മിറ്റിയംഗവും ബാലരാമപുരം പൗരസമിതി സെക്രട്ടറിയുമാണ്.