കൽപ്പറ്റ: കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വയനാട്ടിലും പ്രത്യേക കൊറോണ ചികിത്സാലയം തയ്യാറായി. മാനന്തവാടി ജില്ലാ ആശുപത്രിയാണ് പ്രത്യേക കൊറോണ ആശുപത്രിയായി സജ്ജീകരിച്ചിരിക്കുന്നത്. ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചാൽ മാനന്തവാടി ജില്ലാ ആശുപത്രിയിലെ മറ്റുചികിത്സകൾ പൂർണമായും നിർത്തി, ആശുപത്രി ശുചീകരിച്ച് കൊറോണ പ്രത്യേക ആശുപത്രിയാക്കിമാറ്റും. ഇതിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങി. 

ആശുപത്രിയിലെ 90 ശതമാനം ചികിത്സാ വിഭാഗങ്ങളിലും മറ്റു ആശുപത്രികളിലേക്കായി മാറ്റിക്കഴിഞ്ഞു. ഡോക്ടർമാർ ഉൾപ്പടെ ആശുപത്രി ജീവനക്കാരെ കൊറോണ പരിശോധനകൾകൂടി മുൻകൂട്ടിക്കണ്ട് മൂന്നുഗ്രൂപ്പുകളായി തിരിച്ച് പരിശീലനം തുടങ്ങി.

ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയാവിഭാഗം കല്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിലേക്കും സ്ത്രീരോഗവിഭാഗം ബത്തേരി, മീനങ്ങാടി, വൈത്തിരി, കല്പറ്റ ജനറൽ ആശുപത്രികളിലേക്കുമായാണ് മാറ്റിയത്. മാനസികാരോഗ്യവിഭാഗവും കല്പറ്റ കൈനാട്ടി ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർ ഉൾപ്പടെയുള്ള ആശുപത്രി ജീവനക്കാരെയും മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു. 

ഓരോ ഗ്രൂപ്പിലും പത്ത് ഡോക്ടർമാരും 33 മുതൽ 34 വരെ നഴ്‌സുമാരും (ഹെഡ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് വൺ, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് ടു ഉൾപ്പടെ), ശുചീകരണത്തൊഴിലാളികൾ, മറ്റ് പാരാമെഡിക്കൽ ജീവനക്കാർ എന്നിവരും ഉൾപ്പെടും. ഓരോ ആഴ്ചയിലും ഓരോ ഗ്രൂപ്പിനായിരിക്കും രോഗികളെ നോക്കേണ്ട ചുമതല. മറ്റുരണ്ട് ഗ്രൂപ്പുകൾക്ക് സമ്പർക്കവിലക്കേർപ്പെടുത്തും.

ജില്ലാ ആശുപത്രിയിലും വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലും ഉൾക്കൊള്ളാവുന്നതിലും അധികം രോഗികളെത്തിയാൽ ജില്ലാ ആശുപത്രിക്ക് സമീപത്തെ പ്രാഥമിക/ സാമൂഹിക/ ആരോഗ്യകേന്ദ്രങ്ങളും കൊറോണ രോഗികൾക്കുവേണ്ടി മാത്രമായി സജ്ജീകരിക്കും. ഈ സാഹചര്യം വന്നാൽ കൂടുതൽ ഗുരുതരമാകുന്ന രോഗികളെ മാത്രമായിരിക്കും ജില്ലാ ആശുപത്രിയിൽ പരിശോധിക്കുക. ജനങ്ങൾ സഹകരിക്കണമെന്ന് ഡിഎംഒ ഡോ. ആർ. രേണുക അഭ്യർഥിച്ചു.