തിരുവനന്തപുരം: നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്‍റെ അതിർത്തി സംരക്ഷിച്ച് അനധികൃത കടന്ന് കയറ്റം തടയുന്നതിനായി ജയില്‍വകുപ്പിന്‍റെ പുതിയ മിഷന്‍  'ഓപ്പറേഷൻ റാഡ് ക്ലിഫ്' ആരംഭിച്ചു. ജയിലിനു ചുറ്റും വേലികൾ ശക്തമാക്കിയും താല്കാലിക വേലികൾ സ്ഥാപിച്ചും സാമൂഹ്യ വിരുദ്ധരുടെയും കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയും  കടന്ന് കയറ്റം തടയുക, ജയിൽ കോമ്പൗണ്ടിലെ വന്യമൃഗങ്ങളുടെ താവളങ്ങൾ തകർത്ത് അവയെ വനത്തിലേക്ക് തിരിച്ച് വിടുക, കുറ്റിക്കാടുകളും ഈറ്റക്കാടുകളും വെട്ടിമാറ്റി പട്രോളിംഗ് ശക്തമാക്കുക, ജയിൽ കോമ്പൗണ്ടിലെ നടപ്പാതകളും ഫാം റോഡുകളും സഞ്ചാരയോഗ്യമാക്കി അതിലുടെ വാഹനത്തിലുള്ള പട്രോളിംഗ് നടപ്പിലാക്കുക, വേട്ടക്കാരെയും വാറ്റുകാരെയും തുരത്തുക തുടങ്ങിയവായാണ് പദ്ധതിയുടെ ലക്ഷ്യം.

475 ഏക്കറോളമാണ്  നെയ്യാര്‍ഡാമിനടുത്തുള്ള തുറന്ന ജയിലിന് കോമ്പൗണ്ട് ഉള്ളത്. ഞായറാഴ്ച 25 ജയിൽ ഉദ്യോഗസ്ഥരും 25 ജയിൽ അന്തേവാസികളും വിവിധ ഗ്രൂപ്പുകളായി പങ്കെടുത്ത  ഓപ്പറേഷന് ഓപ്പൺ ജയിൽ സൂപ്രണ്ട് സുനിൽകുമാർ നേതൃത്വം നൽകി. കൃഷി ഓഫീസർ അജിത് സിംഗ് ഡബ്ള്യു ആർ, അസിസ്റ്റൻറ് സൂപ്രണ്ട് ജെ  പാട്രിക്ക് എന്നിവർ  ഗ്രൂപ്പുകളെ നയിച്ചു . രാവിലെ 8 മണിക്ക് നെട്ടുകാൽതേരി ഓപ്പൺ ജയൽ ഒഫീസിന് മുന്നിൽ വച്ച് ജയിൽ സൂപ്രണ്ട് ഓപ്പറേഷൻ റാഡ്ക്ലിഫിന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും ആവശ്യകതയെ കുറിച്ചും അവബോധം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.  

അവസാനിച്ച ആദ്യദിന പരിപാടിയിലൂടെ  മൂന്ന് കിലോമീറ്ററോളം വരുന്ന കീഴ്കാം തൂക്കായ ജയിൽ ഭൂമിയിലെ അതിർത്തി തെളിക്കുന്നതിനും അതിർത്തികൾ അടയാളപ്പെടുത്തി പേരിട്ട് റജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനും ഇടക്കാടുകൾ വെട്ടിമാറ്റുകായും ചെയ്തു. ഓപ്പറേഷനിൽ പങ്കെടുത്ത ജീവനക്കാരെയും, അന്തേവാസികളെയും പങ്കെടുപ്പിച്ച് സുപ്രണ്ടിന്റെയും, കൃഷി ഓഫീസർ, അസി സൂപ്രണ്ട്, പ്രിസൺ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി.