ഇടുക്കി: യുഡിഎഫിന്റെ മൂന്ന് പഞ്ചായത്ത് പ്രതിനിധികളുണ്ടായിട്ടും ആയിരക്കണക്കിന് സാധാരണക്കാര്‍ യാത്ര ചെയ്യുന്ന മൂന്നാര്‍ കോളനിയിലെ റോഡ് സഞ്ചാര യോഗ്യമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സ്വന്തം കീശയില്‍ നിന്നും പണം മുടക്കേണ്ടിവന്നു. കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡിന്റെ കുഴികളടച്ച് യാത്ര സുഗമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍, അംഗങ്ങള്‍ ചെവികൊള്ളാതെവന്നതോടെ പ്രശ്‌നം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പീറ്റർ ഏറ്റെടുക്കുകയായിരുന്നു. മറ്റൊന്നും ആലോചിക്കാതെ ഒറ്റദിവസം കൊണ്ട് യുവാക്കള്‍ റോഡിന്റെ കുഴികള്‍ പൂര്‍ണ്ണമായി അടച്ച് യാത്ര സുഗമമാക്കി. 

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏക കോളനിയാണ് മൂന്നാര്‍ കോളനി. ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ബ്ലോക്ക് മൂന്നാര്‍ പഞ്ചായത്തുകള്‍ കോടികളുടെ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. കുടിവെള്ളം, സംരക്ഷണ ഭിത്തി, റോഡുകളുടെ അറ്റകുറ്റപ്പണികള്‍ എന്നിവിക്കായാണ് പണം ചിലവഴിക്കുന്നതും. എന്നിട്ടും കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡ് സഞ്ചാരയോഗ്യമാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സ്വന്തം കീശയില്‍ നിന്നും പണംമുടക്കേണ്ടി വന്നത് വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.