തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ തരിശു രഹിത മണ്ഡലമാകാനൊരുങ്ങി പാറശ്ശാല. ഹരിത കേരള മിഷനും കൃഷി വകുപ്പും ചേർന്ന് നടത്തിയ തളിർ പദ്ധതിയിലൂടെയാണ് പാറശ്ശാല ഈ നേട്ടം കൈവരിച്ചത്. ഈമാസം 26ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും.

മൂന്ന് വർഷം മുൻപ് 14 ഹെക്ടറിൽ മാത്രമായിരുന്നു പാറശ്ശാലയിൽ നെൽകൃഷി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ 74 ഹെക്ടറിൽ നെൽകൃഷിയോഗ്യമാക്കി. നെല്‍കൃഷിയ്ക്ക് പുറമെ പച്ചക്കറി കൃഷിയും മത്സ്യകൃഷിയും മണ്ഡലത്തിൽ വ്യാപകമാക്കി. കഴിഞ്ഞ വർഷം പ്രഖ്യാപനം നടത്താൻ ഉദ്ദേശിച്ചിരുന്നെങ്കിലും പ്രളയം മൂലം മാറ്റിവയ്ക്കുകയായിരുന്നു. നെല്ലിന്റെ ജന്മദിനമായി കണക്കാക്കുന്ന കന്നിമാസത്തിലെ മകം നക്ഷത്രത്തിലാണ് ഇക്കുറി പ്രഖ്യാപനം.

പടിപടിയായുളള പ്രവർത്തനങ്ങളിലൂടെയാണ് പാറശ്ശാല തരിശിനെ പടിക്ക് പുറത്താക്കിയത്. പച്ചക്കറി, കറിവേപ്പില, ഫലവൃക്ഷ തൈകള്‍ എന്നിവ മണ്ഡലത്തിലാകെ വിതരണം ചെയ്തു. കര്‍ഷകര്‍ക്ക് ആധുനിക കാര്‍ഷിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് പരിശീലനവും നല്‍കി. കുളങ്ങളും ചാലുകളും നവീകരിക്കുകയും ചെയ്തു.