തിരുവനന്തപുരം: ലക്ഷങ്ങൾ മുടക്കി ടാറിംഗ് നടത്തി ഒരു ദിവസം കഴിയുന്നതിന് മുമ്പേ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലായി. തിരുവനന്തപുരത്തെ രാജീവ്‌ നഗർ - ശംഖുമുഖം റോഡിലാണ് ടാറിംഗ് എന്ന പേരിൽ പ്രഹസനം നടത്തിയത്. 

മൂന്നുറിലധികം കുടുംബങ്ങളുടെ സഞ്ചാര പാതയാണ് ടാറിംഗ് നടത്തി ഒരു ദിവസത്തിനകം തകര്‍ന്നത്.  നിർമ്മാണം പൂർത്തിയായ റോഡിൽ ടാർ കാണാനേ ഇല്ല. ഉപയോഗിച്ച വീപ്പയിൽ ടാറെന്ന് തോന്നുന്ന മിശ്രിതം മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിൽ എത്തിയാണ് ടാറിംഗ് നടത്തിയത്.പാളികളായി ഇളക്കിയെടുക്കാവുന്ന നിലയിലാണ് ഇപ്പോള്‍ റോഡ്.

ശരിയായ അളവിൽ ടാർ ഉപയോഗിക്കാത്തതാണ് റോഡ് തകരാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. "കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.