തെങ്ങുപോലെ ഉയരത്തിലേക്ക് ഈ സ്റ്റാർട്ടപ്പ്: ലൊക്കേഷനയച്ചാൽ തേങ്ങയിടാൻ സംഘം സ്ഥലത്തെത്തും
സഹോദരങ്ങളായ മുഹമ്മദ് നിഷാദും മുഹമ്മദ് നാഷിദും സുഹൃത്ത് അംജദ് സലുമാണ് കമ്പനിയുടെ മേധാവിമാർ.

മലപ്പുറം: കൊറോണക്കാലം ലോക്കാക്കിയതോടെ മിക്ക സ്റ്റാർട്ടപ്പ് കമ്പനികളുടെ ഗ്രാഫും താഴേക്ക് പതിച്ചെങ്കിലും ഈ വിദ്യാർത്ഥികളുടെ സംരംഭം ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. കേരം തിങ്ങും നാട്ടിൽ തേങ്ങയിടാൻ ആളെക്കിട്ടാത്ത അവസ്ഥ അവസരമാക്കി സോഷ്യൽ മീഡിയയുടെ സഹായത്തോടെ ഇവർ അതിജീവിച്ച് മേൽപ്പോട്ട് കയറി. നാസോ (NAZO) എന്ന പേരിൽ കോക്കനട്ട് ട്രീ ക്ലൈംബിങ് സർവീസ് അഥവാ തേങ്ങയിടലാണ് ഇവരുടെ പ്രവർത്തന മേഖല.
സഹോദരങ്ങളായ മുഹമ്മദ് നിഷാദും മുഹമ്മദ് നാഷിദും സുഹൃത്ത് അംജദ് സലൂമുമാണ് കമ്പനിയുടെ മേധാവിമാർ. കൂടാതെ മൂന്ന് തൊഴിലാളികളുമുണ്ട്. കമ്പനിയുടെ വാട്സാപ്പിൽ ലൊക്കേഷനയച്ച് നൽകിയാൽ സംഘം സ്ഥലത്തെത്തും.
ഐഡിയ ഉദിച്ചത് ലോക്ക്ഡൗണിൽ
ലോക്ക്ഡൗൺ കാരണം വീട്ടിൽ ലോക്കായതോടെയാണ് ഉഗ്രൻ ഐഡിയ ഇവരുടെ ബുദ്ധിയിലുദിച്ചത്. തേങ്ങയിടാൻ ആളെക്കിട്ടാത്ത അവസ്ഥ അവസരമാക്കിയാലോ എന്ന ചിന്ത വന്നു. കൂട്ടിന് വാട്സാപ്പിലെ ലൊക്കേഷൻ ഒപ്ഷനും ഉപയോഗിച്ചാൽ സംഘതി പൊളിക്കും. അങ്ങനെ ഒരു പൊളി ഐഡിയയുമായി മേൽമുറി മച്ചിങ്ങൽ സ്വദേശികളായ ഇവർ രംഗത്ത് വരികയായിരുന്നു.
ആദ്യം പണി പഠിച്ചു
തെങ്ങുകയറ്റം കാണുന്ന പോലെ സിമ്പിളല്ലെന്ന് ഇവർക്കറിയാം. അതിനാൽ തന്നെ ആദ്യം പണി പഠിക്കണം. ഇതിനായി ഒരു തെങ്ങുകയറ്റ യന്ത്രം വാങ്ങുകയായിരുന്നു ആദ്യ ഉദ്യമം. പിന്നെ പതിയെ പണി പഠിച്ച് അസ്സൽ തെങ്ങുകയറ്റക്കാരായി.
പഠനം മുടങ്ങാൻ പാടില്ല
എം ഐ സി കോളജിലെ ഡിഗ്രി വിദ്യാർഥികളായ രണ്ട് പേർക്ക് പഠനം മുടക്കി തൊഴിലിനറങ്ങാൻ സാധിക്കില്ലായിരുന്നു. തേങ്ങയിടാൻ ദിവസും സമയും നോക്കി നിൽക്കാനും ആളുകളും ഒരുക്കമല്ല. അതിനാൽ തന്നെ പാർട് ടൈം ആയി മാത്രം ഈ ജോലി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല. അതിനാൽ തൊഴിലാളികളെ കണ്ടെത്തുകയായിരുന്നു അടുത്ത ലക്ഷ്യം.
''നാരിയൽ കാ പേട് ഭായ്''
തൊഴിലാളികളെ കണ്ടെത്തലായിരുന്നു ബഹു രസം. തെങ്ങുകയറ്റ യന്ത്രം കൊണ്ട് തേങ്ങയിടുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് എന്നും രാവിലെ മലപ്പുറം കോട്ടപ്പടിയിലെത്തും. തൊഴിലിടങ്ങളിലേക്ക് പോകാനായി നിൽക്കുന്ന ഇതര സംസ്ഥാനക്കാരെ ചാക്കിലിടുകയാണ് ലക്ഷ്യം. ഓരോ തൊഴിലാളികുടെ അടുത്ത് ചെന്നിട്ട് വീഡിയോ കാണിച്ചു കൊടുത്ത് ''നാരിയൽ കാ പേട് ഭായ്'' എന്ന മുറിയൻ ഹിന്ദിയുമായി സംഗതി മനസ്സിലാക്കിക്കൊടുക്കും. അങ്ങനെ തേങ്ങപോലെ മൂന്ന് പേരെ വീഴ്ത്താനും ഇവർക്കായി.
അവർ നാട്ടിലേക്ക് മടങ്ങിയതോടെ കമ്പനി പ്രതിസന്ധിയിൽ
ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളും നാട്ടിലേക്ക് മടങ്ങി. നല്ല ആശയവുമായി തെങ്ങോളം ഉയരത്തിലേക്ക് കുതിക്കാനൊരുങ്ങിയ തങ്ങളുടെ കമ്പനിക്ക് പൂട്ടിടാൻ തൽക്കാലം ഇവർ ഒരുക്കമല്ലായിരുന്നു. മൂന്ന് പേരെ നാട്ടിൽ നിന്നും സംഘടിപ്പിച്ച് പ്രവർത്തനം പഴയ രൂപത്തിലേക്ക് തന്നെ എത്തിച്ചു. നിലവിൽ മലപ്പുറം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും മാത്രമാണ് സേവനം. 35 രൂപക്കാണ് ഒരു തെങ്ങിൽ നിന്നും തേങ്ങയിടുന്നത്.
അപ്ലികേഷനും വെബ്സൈറ്റും ഭാവിയിൽ
കമ്പനി ഹിറ്റാകുന്നതോടെ മൊബൈൽ അപ്ലക്കേഷനും വെബ്സൈറ്റും തയ്യാറാക്കാനാണ് ഇവരുടെ പദ്ധതി. കൂടാതെ വിവിധ ജില്ലകളിൽ ബ്രാഞ്ചുകളും ഇവർ ഒരുക്കാനും പദ്ധതിയുണ്ട്. ഒരു ഏരിയയിലേക്ക് കസ്റ്റമർ വിളിച്ചാൽ സമീപ വീടുകളിലും മറ്റും ചെന്ന് തേങ്ങയിടീക്കാനും ഇവർ തയ്യാറാകുന്നു. അതാണ് കമ്പനിയുടെ ബിസ്നസ് ട്രിക്കെന്ന് ഇവർ ചിരിച്ചുകൊണ്ട് പറഞ്ഞു.