ആലപ്പുഴ: ഒരു മാലിന്യം കൈകാര്യം ചെയ്യുന്ന ഇടം കണ്ടാൽ മൂക്കു പൊത്തിപ്പിടിച്ച്, കാണാതിരിക്കാൻ തിരിഞ്ഞു നടക്കുകയാണ് സാധാരണയായി ആരും ചെയ്യുന്ന കാര്യം. എന്നാൽ ആലപ്പുഴ നഗരസഭയുടെ മാലിന്യ കമ്പോസ്റ്റ് യൂണിറ്റിൽ കാര്യങ്ങൾ മറിച്ചാണ്. ഈ ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ് കണ്ടാല്‍ ആരും അല്‍പനേരം നോക്കിനിന്നുപോകും. അങ്ങനെയാണ് ഇവിടെ ജീവനക്കാർ ഈയിടത്തെ പരിപാലിക്കുന്നത്.  

രാവിലെ ഒരു സ്ത്രീ, വൈകുന്നേരം ഒരു സ്ത്രീയുമാണ് ഇവിടെ ജോലി ചെയ്യുന്നത്. വൈകുന്നേരം ഡ്യൂട്ടിക്കെത്തുന്ന സ്ത്രീക്കൊപ്പം ഭര്‍ത്താവും ഉണ്ടാകും. ഓട്ടോറിക്ഷ ഡ്രൈവറാണെങ്കിലും വിജനമായ ഈ സ്ഥലത്ത് സന്ധ്യ മയങ്ങിയാല്‍ ആളനക്കമില്ലാത്തതിനാൽ ഭര്യക്ക് കൂട്ടായി എത്തുന്നതാണിയാൾ. അഞ്ച് മണി മുതല്‍ ഓട്ടോറിക്ഷയുമായി ഇയാൾ ഭാര്യയുടെ ജോലിക്ക് കൂട്ടിനുണ്ടാവും. 

ഇവര്‍ ഈ മാലിന്യ നിക്ഷേപകേന്ദ്രം ഉദ്യാനമാക്കി മാറ്റുമോ എന്നാണ്  ഇവിടെ ചവറ് നിക്ഷേപിക്കാന്‍ വരുന്നവരുടെ ചോദ്യം. ഏറോബിക് കമ്പോസ്റ്റ് യൂണിറ്റിന് ചുറ്റും അലങ്കാര ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. രാവിലത്തെ ഡ്യൂട്ടിക്കാരും,വൈകുന്നേരത്തെ ഡ്യൂട്ടിക്കാരിയായ സ്ത്രീയും അവരുടെ ഭര്‍ത്താവും സമയം കിട്ടുന്നതിനിടെ ചെടി പരിപാലിക്കുന്നു. ചുറ്റും വൃത്തിയും വെടുപ്പുമുള്ള അന്തരീക്ഷം. ഇതാണ് ഇവിടത്തെ കാഴ്ച.

ഈ യൂണിറ്റിനടുത്തുള്ള ഉപ്പുകൂട്ടില്‍ പാലത്തിന്റെ കൈവരികളിലും പ്ലാസ്റ്റിക് ചെടിച്ചട്ടികളില്‍ ഇവര്‍ ചെടികള്‍ നട്ടു പിടിപ്പിച്ച് പരിപാലാ ക്കുന്നുണ്ട്. പാലത്തിന് ചുറ്റുമുള്ള കാട്ടുചെടികള്‍, പുല്ലുകള്‍ ഒക്കെ ഇവര്‍ ദിനംപ്രതി വെട്ടി നീക്കും. മനസുണ്ടെങ്കില്‍ മാലിന്യ നിക്ഷേപ കേന്ദ്രവും ഒരു ഉദ്യാനമാക്കി മാറ്റാം എന്ന സന്ദേശമാണ് ഈ നഗരസഭ ജീവനക്കാര്‍ നൽകുന്ന സന്ദേശം.